പബ്ലിക് ലോറാവാന്‍ ഗേറ്റ് വേ ഒരുക്കി ഫിസാറ്റ്

പബ്ലിക് ലോറാവാന്‍ ഗേറ്റ് വേ ഒരുക്കി ഫിസാറ്റ്

കൃഷിയെ കുറിച്ചോ കാലാവസ്ഥ വ്യതിയാനകളെകുറിച്ചോ, ശാസ്ത്ര സാങ്കേതിക മേഖലകളെ കുറിച്ചോ സമൂഹത്തില്‍ നടക്കുന്ന ഏത് മേഖലയെക്കുറിച്ചും ഗവേഷണവും പഠനവും നടത്തി വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനം

കൊച്ചി: നിങ്ങളുടെ മേഖലയില്‍ കൃഷി വിളകള്‍ക്ക് കേടുപാടുകള്‍ കൂടുതലാണോ, ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണോ എങ്കില്‍ അവയ്ക്ക് എന്താണ് കാരണം എന്ന് കണ്ടെത്തി പരിഹാരം നിര്‍ദേശിക്കാന്‍ പറ്റിയ സംവിധാനം ഒരുക്കി ഫിസാറ്റ് മാതൃകയാവുന്നു… ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഏതു മേഖലയിലുള്ളവര്‍ക്കും തങ്ങളുടെ പഠനത്തിനും അറിവിനും ആവശ്യമായ സംവിധാനമായ പബ്ലിക് ലോറാവാന്‍ ഗേറ്റ് വേ ആണ് ഫിസാറ്റ് ഒരുക്കിയിരിക്കുന്നത്. കൃഷിയെ കുറിച്ചോ കാലാവസ്ഥ വ്യതിയാനകളെകുറിച്ചോ, ശാസ്ത്ര സാങ്കേതിക മേഖലകളെ കുറിച്ചോ സമൂഹത്തില്‍ നടക്കുന്ന ഏതു മേഖലയെക്കുറിച്ചും ഗവേഷണവും പഠനവും നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഫിസാറ്റ് സംവിധാനം ഒരുക്കുന്നത്. ഗവേഷകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിലെ ആര്‍ക്കും ഈ വിവര ശേഖരണത്തില്‍ പങ്കാളികളാകാം. നിങ്ങളുടെ മേഖലയില്‍ ഏതു വിഷയത്തെക്കുറിച്ചാണോ പഠിക്കേണ്ടത് അതിന് ആവശ്യമായ സെന്‍സറുകള്‍ ആ മേഖലയില്‍ സ്ഥാപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ഈ സെന്‍സറുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഫിസാറ്റ് ഒരുക്കിയിരിക്കുന്ന പബ്ളിക് ലോറാവാന്‍ ഗേറ്റ് വേ സംവിധാനത്തില്‍ എത്തുന്നു. ഈ ഡാറ്റകള്‍ ഫിസാറ്റ് ഒരുക്കിയിരിക്കുന്ന പ്രത്യേകം സെര്‍വറുകളില്‍ സൂക്ഷിക്കുന്നു ഇങ്ങനെ ഇവിടെ എത്തുന്ന വിവരങ്ങള്‍ ആര്‍ക്കും ഡാറ്റയായി എപ്പോള്‍ വേണമെങ്കിലും ശേഖരിക്കാവുന്നതാണ്.

ഗവേഷണത്തിനും പഠനത്തിനും ആവശ്യമെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ഈ സംവിധാനവും ഡാറ്റയും ഉപയോഗിക്കാവുന്നതാണ്. തികച്ചും സൗജന്യമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഫിസാറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഏതു വിദ്യാര്‍ത്ഥിക്കും തങ്ങളുടെ വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ചിലവില്ലാതെ ഇന്റര്‍ നെറ്റ് ഓഫ് തിംഗ്‌സുമായി ബന്ധപ്പെട്ട പ്രൊജക്ടുകളും ചെയ്യാന്‍ കഴിയും. പദ്ധതിയുടെ ആദ്യ പടി എന്ന നിലയില്‍ ഫിസാറ്റ് എഞ്ചിനീറിംഗ് കോളേജ് കാംപസിലും ആലുവ ഫെഡറല്‍ ബാങ്ക് ഓഫീസര്‍സ് അസോസിയേഷന്‍ ഓഫീസിലുമാണ് പബ്ളിക് ലോറാവാന്‍ ഗേറ്റ് വേ സ്ഥാപിക്കുന്നത്. ഈ ഗേറ്റ് വേയുടെ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ ലതാ നിര്‍വഹിക്കും. സെന്‍സറുകള്‍ സ്ഥാപിച്ചു സമൂഹത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ചു പഠനം നടത്തുന്നതിന് ആവശ്യമായ സാങ്കേതിക സഹായം ഫിസാറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിസിആര്‍സി സെന്ററില്‍ നിന്ന് ലഭിക്കും.

Comments

comments

Categories: FK News
Tags: Fisat