പശ്ചിമേഷ്യയില്‍ കാരിഫോറിന്റെ ഓണ്‍ലൈന്‍ ഡെലിവറി ഫാസ്റ്റ് ആകും

പശ്ചിമേഷ്യയില്‍ കാരിഫോറിന്റെ ഓണ്‍ലൈന്‍ ഡെലിവറി ഫാസ്റ്റ് ആകും

ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കാര്യക്ഷമമാക്കാന്‍ മജീദ് അല്‍ ഫുട്ടൈം അമേരിക്കന്‍ ടെക് കമ്പനി ടേക്ക്ഓഫുമായി പങ്കാളിത്തം ആരംഭിച്ചു

ദുബായ്: സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കാരിഫോറിന്റെ യുഎഇയിലും സൗദി അറേബ്യയിലുമുള്ള ഓണ്‍ലൈന്‍ വ്യാപാരം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ദുബായ് ആസ്ഥാനമായുള്ള റീറ്റെയ്ല്‍ ഭീമന്‍ മജീദ് അല്‍ ഫുട്ടൈമും അമേരിക്ക ആസ്ഥാനമായുള്ള ടെക്്‌നോളജി കമ്പനി ടേക്ക്ഓഫും പുതിയ പങ്കാളിത്തത്തിന് തുടക്കമിട്ടു. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി കാരിഫോര്‍ സ്‌റ്റോറുകളില്‍ ചെറിയൊരു യൂണിറ്റ് തുടങ്ങാനാണ് പദ്ധതി.

2021ഓടെ മേഖലയിലുടനീളം കരീഫോറിന്റെ നിരവധി മൈക്രോ-ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ (എംഎഫ്‌സി) ആരംഭിക്കുമെന്ന് മജീദ് അല്‍ ഫുട്ടൈം അറിയിച്ചു. തിരഞ്ഞെടുത്ത കാരിഫോര്‍ സ്‌റ്റോറുകളില്‍ ആരംഭിക്കുന്ന ഈ എംഎഫ്‌സി കാരീഫോറിന്റെ ഓട്ടോമേറ്റഡ് വെയര്‍ഹൗസുകളായി പ്രവര്‍ത്തിക്കും. നിലവിലെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ സംവിധാനം പൂര്‍ണമായി നവീകരിക്കാനാണ് പദ്ധതി. ഉപഭോക്താക്കളില്‍ നിന്നും ഓണ്‍ലൈന്‍ ഓര്‍ഡര്‍ വന്നുകഴിഞ്ഞാല്‍ ടേക്ക്ഓഫിന്റെ ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് എംഎഫ്‌സിയിലെ റോബോട്ടുകള്‍ അഞ്ചുമിനിട്ടിനുള്ളില്‍ സാധനം പാക്ക് ചെയ്ത് ഡെലിവറിക്കായി സജ്ജമാക്കും.

ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ വേഗത്തില്‍ നടപടിയെടുത്ത് വിതരണ ശേഷി വര്‍ധിപ്പിക്കാനും കൂടുതല്‍ വേഗത്തില്‍ ഡെലിവറി സാധ്യമാക്കാനും ഇത്തരം സാങ്കേതികവിദ്യകളിലൂടെ സാധിക്കും.

ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ക്കായി പുതിയ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞാല്‍ പശ്ചിമേഷ്യയില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ സൂപ്പര്‍ മാര്‍ക്കറ്റായിരിക്കും ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് കൂടുതല്‍ വികസന പദ്ധതികളുള്ള മജീദ് അല്‍ ഫുട്ടൈം. 1,500 ചതുരശ്ര മീറ്റര്‍ മേഖലയില്‍ നിന്നും പ്രതിദിനം 2,000 ഓര്‍ഡറുകള്‍ വരെ ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്താമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Comments

comments

Categories: Arabia