അമൃത വിശ്വ വിദ്യാപീഠത്തില്‍ വിദ്യുതിന് നാളെ തുടക്കം

അമൃത വിശ്വ വിദ്യാപീഠത്തില്‍ വിദ്യുതിന് നാളെ തുടക്കം
  • വിദ്യാര്‍ത്ഥികള്‍ക്കായി 26 ശില്‍പ്പശാലകളും 30 മത്സരങ്ങളും
  • റോബോട്ടിക്‌സ്, കോഡിംഗ് ഭാഷയായ പൈത്തണ്‍, സൈബര്‍ സെക്യൂരിറ്റി എന്നിവയിലടക്കം 26 വിഷയങ്ങളില്‍ ശില്‍പ്പശാല സംഘടിപ്പിക്കും

കൊല്ലം: അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാംപസില്‍ ജനുവരി 30 മുതല്‍ ഒമ്പതാമത് വിദ്യുത് 2020 ദേശീയ തല അന്തര്‍ കലാലയ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കലാലയ മത്സരവേദികളിലൊന്നായ വിദ്യുതില്‍ 10,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

വിദ്യാര്‍ത്ഥികള്‍ക്കായി ലൈഫ് സയന്‍സസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, റോബോട്ടിക്‌സ്, ബയോടെക്‌നോളജി, റൂറല്‍ ഡവലപ്‌മെന്റ് എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടര്‍ എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. റോബോട്ടിക്‌സ്, കോഡിംഗ് ഭാഷയായ പൈത്തണ്‍, സൈബര്‍ സെക്യൂരിറ്റി എന്നിവയിലടക്കം 26 വിഷയങ്ങളില്‍ ശില്‍പ്പശാല സംഘടിപ്പിക്കും. സിനിമാസ്വാദനം, ഫോട്ടോഗ്രഫി, മാനേജ്‌മെന്റ്, നെക്സ്റ്റ് ജനറേഷന്‍ സീക്വന്‍സിംഗ്, സോളാര്‍ സെല്‍സ്, ഗെയിം ഡെവലപ്‌മെന്റ്, വോയിസ് കണ്‍ട്രോള്‍ഡ് ഓട്ടോമേഷന്‍, പ്രോജക്ട് മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള വിഷയങ്ങളിലും ശില്‍പ്പശാലകളുണ്ടാകും. മൂന്ന് ദിവസത്തെ ഉത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ലംബോര്‍ഗിനി, ഫോര്‍ഡ് മസ്താംഗ്, ഡോഡ്ജ് ചലഞ്ചര്‍, പോര്‍ഷെ തുടങ്ങിയ 50 പ്രീമിയം ബ്രാന്‍ഡ് വിന്റേജ് വാഹനങ്ങള്‍ പങ്കെടുക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, മാനവികത, കല, മാനേജ്‌മെന്റ് എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ ഒന്നിക്കേണ്ടത് ഭാവിയുടെ ആവശ്യമാണെന്ന് അമൃത വിശ്വ വിദ്യാപീഠം ഡീന്‍ ഡോ. ബാലകൃഷ്ണന്‍ ശങ്കര്‍ വിശദമാക്കി. അതുകൊണ്ടാണ് ഈ വര്‍ഷം ഹീല്‍ ദ വേള്‍ഡ് എന്ന ആശയം അവതരിപ്പിക്കുന്നത്. ഭൗതികവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ സജ്ജമാകേണ്ട യുവ മനസുകളുടെ മുറിവുകള്‍ ഉണക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News