ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

ബെംഗളൂരു ഓണ്‍ റോഡ് വില 1.15 ലക്ഷം രൂപ

ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചു. ടിവിഎസ് ഐക്യൂബ് ഇ-സ്‌കൂട്ടറിന് 1.15 ലക്ഷം രൂപയാണ് ബെംഗളൂരു ഓണ്‍ റോഡ് വില. തുടക്കത്തില്‍ ബെംഗളൂരുവില്‍ മാത്രമായിരിക്കും ടിവിഎസ് ഐക്യൂബ് വില്‍ക്കുന്നത്. മറ്റ് നഗരങ്ങളില്‍ പിന്നീട് ലഭ്യമായിരിക്കും. കമ്പനി വെബ്‌സൈറ്റിലും ബെംഗളൂരുവിലെ പത്ത് ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താന്‍ കഴിയും. 5,000 രൂപയാണ് ബുക്കിംഗ് തുക. 2012 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റാണ് ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറായി വിപണിയിലെത്തുന്നത്. തല്‍ക്കാലം വെളുപ്പ് നിറത്തില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. ബജാജ് ചേതക്, ഏഥര്‍ 450, ഒക്കിനാവ പ്രെയ്‌സ് എന്നിവയാണ് പ്രധാന എതിരാളികള്‍.

ലളിതമായ രൂപകല്‍പ്പനയോടെയാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടിവിഎസ് ഐക്യൂബ് മൊബീല്‍ ആപ്പ് എന്നിവ ഉള്‍പ്പെടുന്ന പുതു തലമുറ ‘സ്മാര്‍ട്ട്കണക്റ്റ്’ ബ്ലൂടൂത്ത് അധിഷ്ഠിത കണക്റ്റിവിറ്റി സവിശേഷതയാണ്. ജിയോ ഫെന്‍സ് സൗകര്യം, ബാറ്ററിയുടെ ചാര്‍ജ് നില, നാവിഗേഷന്‍ അസിസ്റ്റ്, ഒടുവില്‍ പാര്‍ക്ക് ചെയ്ത സ്ഥലം, ഇന്‍കമിംഗ് കോള്‍/എസ്എംഎസ് അലര്‍ട്ടുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ‘സ്മാര്‍ട്ട്കണക്റ്റ്’ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കും. എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍ എന്നിവ ലഭിച്ചു. ഹബ്ബില്‍ സ്ഥാപിച്ച ഇലക്ട്രിക് മോട്ടോറിന് സമീപം തിളങ്ങുന്ന ‘ഇലക്ട്രിക്’ ലോഗോ കാണാം.

ഇലക്ട്രിക് മോട്ടോര്‍ 6 ബിഎച്ച്പി കരുത്തും 140 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. ബജാജ് ചേതക്, ഏഥര്‍ 450 എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടോപ് സ്പീഡ് യഥാക്രമം 60 കിമീ, 80 കിമീ എന്നിങ്ങനെയാണ്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം. ഏഥര്‍ 450 ഇ-സ്‌കൂട്ടറിന്റെ അതേ റേഞ്ച്. എന്നാല്‍ ബജാജ് ചേതക് സ്‌കൂട്ടറിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 95 കിമീ സഞ്ചരിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടിവിഎസ് ഐക്യൂബ് ഇ-സ്‌കൂട്ടറിന് 4.2 സെക്കന്‍ഡ് മതി. ഇക്കോണമി, പവര്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ സവിശേഷതയാണ്.

4.5 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ടിവിഎസ് ഐക്യൂബ് ഉപയോഗിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് അഞ്ച് മണിക്കൂര്‍ മതി. അതിവേഗ ചാര്‍ജിംഗ് സൗകര്യം തല്‍ക്കാലം ലഭ്യമല്ല. റീജനറേറ്റീവ് ബ്രേക്കിംഗ് സവിശേഷതയാണ്. ബാറ്ററി അഴിച്ചെടുക്കാന്‍ കഴിയില്ല. സ്‌പെഷല്‍ എഡിഷന്‍ ടിവിഎസ് ജൂപ്പിറ്ററില്‍ കണ്ട അതേ 12 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് ടിവിഎസ് ഐക്യൂബ് വരുന്നത്. സ്‌കൂട്ടറിന് 118 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്. ബാറ്ററി മാനേജ്‌മെന്റ് സംവിധാനങ്ങള്‍, സോഫ്റ്റ്‌വെയര്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഇന്ത്യയിലാണ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതെന്ന് ടിവിഎസ് വ്യക്തമാക്കി. പ്രതിമാസം ആയിരം യൂണിറ്റ് ഐക്യൂബ് ഇ-സ്‌കൂട്ടര്‍ നിര്‍മിക്കാനാണ് ടിവിഎസ് തീരുമാനം.

Categories: Auto
Tags: Tvs Iqube