ഇസ്രയേലുകാര്‍ക്ക് തുടര്‍ന്നും രാജ്യത്ത് പ്രവേശനമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി

ഇസ്രയേലുകാര്‍ക്ക് തുടര്‍ന്നും രാജ്യത്ത് പ്രവേശനമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി

ആത്മീയ, ബിസിനസ് കാരണങ്ങളാല്‍ ഇസ്രയേലുകാര്‍ക്ക് സൗദിയില്‍ പോകാമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു

”ഞങ്ങളുടെ നയത്തില്‍ മാറ്റമില്ല. ഇസ്രയേലുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. നിലവില്‍ ഇസ്രയേല്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് രാജ്യം സന്ദര്‍ശിക്കാന്‍ സാധിക്കില്ല,”

-ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍

റിയാദ്: ഇസ്രയേല്‍ നയത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഇസ്രയേല്‍ പൗരന്മാര്‍ക്ക് തുടര്‍ന്നും രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു. ചില പ്രത്യേക സാഹചര്യങ്ങളില്‍ പൗരന്മാര്‍ക്ക് സൗദിയില്‍ പ്രവേശിക്കാമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

”ഞങ്ങളുടെ നയത്തില്‍ മാറ്റമില്ല. ഇസ്രയേലുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. നിലവില്‍ ഇസ്രയേല്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് രാജ്യം സന്ദര്‍ശിക്കാന്‍ സാധിക്കില്ല,” മന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദി അധികാരികളുടെ ക്ഷണവും അനുമതിയും ഉണ്ടെങ്കില്‍ മതപരമായ കാരണങ്ങളാലും നിക്ഷേപം, സമ്മേളനം തുടങ്ങിയ ബിസിനസ് കാരണങ്ങളാലും ഇസ്രയേലുകാര്‍ക്ക് സൗദിയിലേക്ക് പോകാമെന്ന് ഞായറാഴ്ചയാണ് ഇസ്രയേല്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിക്കിയത്. പലസ്തീന്‍ അധീനമേഖലയിലെ ഇസ്രയേല്‍ കടന്നുകയറ്റത്തെ എതിര്‍ക്കുന്ന മിക്ക അറബ് രാഷ്ട്രങ്ങളെയും പോലെ സൗദി അറേബ്യയും വര്‍ഷങ്ങളായി ഇസ്രയേലുമായി അകല്‍ച്ചയിലാണ് . അറബ് ലോകത്ത് ഈജിപ്തും ജോര്‍ദാനും മാത്രമാണ് ഇസ്രയേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്നത്. വിദേശ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചും പ്രത്യേക അനുമതിയിലൂടെയുമാണ് വര്‍ഷങ്ങളായി ഇസ്രയേല്‍ പൗരന്മാര്‍, പ്രത്യേകിച്ച് ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്ന മുസ്ലീം പൗരന്മാര്‍ സൗദി സന്ദര്‍ശിക്കുന്നത്.

പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നതിനോട് തങ്ങള്‍ക്ക് പൂര്‍ണ യോജിപ്പാണെന്നും അത്തരത്തിലൊരു സമാധാന ഉടമ്പടി നിലവില്‍ വന്നതിന് ശേഷം ഇസ്രയേലുമായുള്ള നയങ്ങള്‍ പുനരാലോചിക്കുമെന്നും ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

ട്രംപിന്റെ സമാധാന പദ്ധതിയെ പുകഴ്ത്തി നെതന്യാഹുവിന്റെ എതിരാളി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കെ പദ്ധതിയെ വാഴ്ത്തി ഇസ്രയേലിലെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്റ്‌സ്. വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ഗ്രാന്റ്‌സ് തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമേഷ്യന്‍ സമാധാന പദ്ധതി നടപ്പിലാക്കാന്‍ ട്രംപിനെ സഹായിക്കുമെന്നും അറിയിച്ചു. ഇസ്രയേലില്‍ വരുന്ന മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയാണ് ഗ്രാന്റ്‌സ്.

അമേരിക്കന്‍ പ്രസിഡന്റിന്റെ സമാധാന പദ്ധതി നിര്‍ണായകവും ചരിത്രത്തിലെ നാഴികക്കല്ലുമാണെന്ന് ഗ്രാന്റ്‌സ് അഭിപ്രായപ്പെട്ടു. ഇസ്രയേലിന്റെ ഭാവിയും സുരക്ഷയും സംബന്ധിച്ച സുപ്രധാന കാര്യങ്ങളാണ് ട്രംപുമായി ചര്‍ച്ച ചെയ്തതെന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ ഗ്രാന്റ്‌സ് പറഞ്ഞു. പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിനുള്ള പരിഹാരമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതി ചര്‍ച്ച ചെയ്യുന്നതായി ബെഞ്ചമിന്‍ നെതന്യാഹുവും കഴിഞ്ഞ ദിവസം ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Comments

comments

Categories: Arabia