2024 ല്‍ സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണം: ഗോയല്‍

2024 ല്‍ സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണം: ഗോയല്‍

2030 ഓടെ റെയ്ല്‍വേയെ പൂജ്യം കാര്‍ബണ്‍ പുറന്തള്ളല്‍ ശൃംഖലയാക്കുമെന്നും റെയ്ല്‍വേ മന്ത്രി

2024 ഓടെ ഇന്ത്യന്‍ റെയ്ല്‍വേ 100% വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. പൂര്‍ണമായും വൈദ്യുതിയിലോടുന്ന ലോകത്തെ ആദ്യ റെയ്ല്‍വേയാകും ഇത്

-പിയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: 2024 ഓടെ ഇന്ത്യന്‍ റെയ്ല്‍വേ പൂര്‍ണമായും വൈദ്യുതവല്‍ക്കരിക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഡീസല്‍ എഞ്ചിനുകള്‍ ഇപ്പോള്‍ത്തന്നെ ഉപേക്ഷിക്കാനാരംഭിച്ചിട്ടുണ്ടെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ റെയ്ല്‍വേയായി ഇതോടെ ഇന്ത്യന്‍ റെയ്ല്‍വേ മാറുമെന്നും അദ്ദേഹം പറഞ്ഞു. ‘റെയ്ല്‍ ശൃംഖലയെ അതിവേഗം വൈദ്യുതവല്‍ക്കരിക്കുന്നതിലേക്ക് നമ്മള്‍ കടക്കുകയാണ്. 2024 ഓടെ മുഴുവന്‍ റെയ്ല്‍ പാതകളും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ ഗോയല്‍ വ്യക്തമാക്കി.

2030 ഓടെ റെയ്ല്‍വേയെ പൂജ്യം കാര്‍ബണ്‍ പുറന്തള്ളല്‍ ശൃംഖലയാക്കുവാനും, പൂര്‍ണമായും സംശുദ്ധ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുവാനും പദ്ധതിയിടുന്നുണ്ടെന്നും പിയുഷ് ഗോയല്‍ പറഞ്ഞു. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ റെയ്ല്‍വേ ഏറെ ബദ്ധശ്രദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ബ്രസീല്‍ പ്രസിഡന്റ്് ജെയ്ര്‍ ബോല്‍സനാരോ പങ്കെടുത്ത ഇന്ത്യ-ബ്രസീല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കവേയാണ് ഗോയല്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ വ്യവസായങ്ങളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) ആണ് ബ്രസീലിയന്‍ പ്രസിഡന്റിനോടുള്ള ആദരസൂചകമായി പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെയും ബ്രസീലിലെയും വ്യവസായ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ബ്രസീലുമായി സഹരിക്കാന്‍ ഇന്ത്യക്ക് ഏറെ താല്‍പ്പര്യമുണ്ടെന്ന് ഗോയല്‍ പറഞ്ഞു.

Categories: FK News, Slider
Tags: Piyush Goyal