യുപിഐ ഇടപാടുകളില്‍ ഗൂഗിള്‍ പേ മുന്നില്‍

യുപിഐ ഇടപാടുകളില്‍ ഗൂഗിള്‍ പേ മുന്നില്‍

കാര്‍ഡ് പേമെന്റുകളെ യുപിഐ മറികടന്നു, ഉപഭോക്താക്കള്‍ക്ക് പ്രിയം ആമസോണ്‍ പേ

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം യുപിഐ (യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ആപ്ലിക്കേഷനുകളിലൂടെ നടന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ ഗൂഗിള്‍ പേ 59 ശതമാനവും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേ 26 ശതമാനവും പേടിഎം 7 ശതമാനവും ഭീം 6 ശതമാനവും സംഭാവന ചെയ്തതായി ഫിന്‍ടെക് സ്ഥാപനം റേസര്‍പേയുടെ റിപ്പോര്‍ട്ട്. ‘ഫിന്‍ടെക് കാലത്തിന്റെ ഉദയം’ എന്ന പേരില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് ഇന്ത്യയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഫിന്‍ടെക് മേഖലയെ കുറിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഡിജിറ്റല്‍ ഇടപാടുകളുടെ വ്യത്യസ്ത രീതികളും യുപിഐ പോലുള്ള നൂതനാവിഷ്‌കാരങ്ങളുടെ സ്വാധീനവും റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു.

2018 ല്‍ ഗൂഗിള്‍ പേക്ക് 48 ശതമാനവും ഭീമിന് 27 ശതമാനവും ഫോണ്‍പേക്ക് 15 ശതമാനവും പേടിഎമ്മിന് 4 ശതമാനവും വിഹിതമാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ ഉണ്ടായിരുന്നത്. ഉപഭോക്തൃ വിഭാഗത്തിലെ ഇടപാടുകള്‍ 2019 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന വാലറ്റ് ആമസോണ്‍ പേയാണ് (33 ശതമാനം). ഓല മണി (17 ശതമാനം) രണ്ടാം സ്ഥാനത്തുണ്ട്. കാര്‍ഡ് ഉപയോഗത്തിലും (46 ശതമാനം) നെറ്റ് ബാങ്കിംഗിലും (11 ശതമാനം) കഴിഞ്ഞ വര്‍ഷം ഇടിവുണ്ടായി. 2018ല്‍ യഥാക്രമം 56 ശതമാനവും 23 ശതമാനവും ആയിരുന്നു ഇവയുടെ വിഹിതം. 2018ലെ 17 ശതമാനത്തില്‍ നിന്ന് യുപിഐ 38 ശതമാനത്തിലേക്ക് ഉയര്‍ന്നു.

‘ഒരു വര്‍ഷത്തില്‍ (2018-19) ഡിജിറ്റല്‍ പേമെന്റുകളില്‍ 338 ശതമാനം വളര്‍ച്ചയുണ്ടായത് വളരെ വലുതാണ്. രാജ്യത്ത് ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ യുപിഐയാണ് പ്രധാനമായും ഉയര്‍ന്ന് വന്നത്, ‘ റേസര്‍പേയുടെ സിഇഒയും സഹസ്ഥാപകനുമായ ഹര്‍ഷില്‍ മാത്തൂര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും റേസര്‍പേ പ്ലാറ്റ്‌ഫോമില്‍ 2018 ജനുവരി മുതല്‍ 2019 ഡിസംബര്‍ വരെ നടന്ന ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, ഏറ്റവും കൂടുതല്‍ ഡിജിറ്റൈസ് ചെയ്ത നഗരങ്ങളില്‍ 2019ല്‍ ബെംഗളൂരു (23.31 ശതമാനം) ഒന്നാം സ്ഥാനത്താണ്. ന്യൂഡെല്‍ഹി (10.44 ശതമാനം), ഹൈദരാബാദ് (7.61 ശതമാനം).
സംസ്ഥാനങ്ങളുടെ കാര്യത്തില്‍, 2019ല്‍ കര്‍ണാടകയാണ് (26.64 ശതമാനം) ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ മുന്നില്‍. മഹാരാഷ്ട്ര (15.92 ശതമാനം) രണ്ടാം സ്ഥാനത്തുണ്ട്. 2019ല്‍ ഡിജിറ്റല്‍ പേയ്‌മെന്‍ുകളില്‍ മുന്നിലെത്തിയ 3 മേഖലകള്‍ പ്രധാനമായും ഭക്ഷണ പാനീയങ്ങള്‍ (26 ശതമാനം), ധനകാര്യ സേവനങ്ങള്‍ (12.5 ശതമാനം), ഗതാഗതം (8 ശതമാനം) എന്നിവയാണ്.

Comments

comments

Categories: FK News