5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ സാഹസിക ലക്ഷ്യം: പേട്കര്‍

5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ സാഹസിക ലക്ഷ്യം: പേട്കര്‍

അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ വാഹന വ്യവസായം ഏതുവിധമായിരിക്കുമെന്ന് നിശ്ചയമില്ലെന്ന് ടാറ്റ മോട്ടോഴ്‌സ് സിടിഒ

സ്വന്തം വാഹനം നല്‍കുന്ന സുരക്ഷിതത്വം ഉപയോക്താക്കളുടെ അവകാശമാണ്. വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിബന്ധനങ്ങള്‍ ശരിയായ നടപടിയാണ്

-രാജേന്ദ്ര എം പേട്കര്‍, ടാറ്റ മോട്ടോഴ്‌സ് സിടിഒ

കൊച്ചി: അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ കൈവരിക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം സാഹസികമാണെന്ന് ടാറ്റ മോട്ടോഴ്‌സ് ചീഫ് ടെക്‌നോളജി ഓഫീസര്‍ (സിടിഒ) രാജേന്ദ്ര എം പേട്കര്‍. ആഗ്രഹമെന്ന് പറയാവുന്ന ഈ ലക്ഷ്യം കൈവരിക്കുന്നതിന് വ്യക്തമായ നയങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍, നിക്ഷേപം, വായ്പാ ലഭ്യത എന്നിവയെല്ലാം ഒത്തുവരണം. ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നത് കാണാം. കേന്ദ്ര സര്‍ക്കാരിനൊപ്പം എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ ‘ഫ്യൂച്ചര്‍ കേരള’യോടു സംസാരിക്കുകയായിരുന്നു ടാറ്റ മോട്ടോഴ്‌സ് സിടിഒ.

നടപ്പു സാമ്പത്തിക വര്‍ഷം സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള സ്ഥിതി അത്ര നല്ലതല്ല. എന്നാല്‍ വരും മാസങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ വാഹന വ്യവസായം ഏതുവിധമായിരിക്കുമെന്ന് നിശ്ചയമില്ലെന്ന് രാജേന്ദ്ര എം പേട്കര്‍ പറഞ്ഞു. എങ്കിലും ശുഭാപ്തിവിശ്വാസമുണ്ട്. ബിഎസ് 5 ഒഴിവാക്കി ബിഎസ് 4 ല്‍ നിന്ന് ബിഎസ് 6 ലേക്കുള്ള പരിവര്‍ത്തനം എടുത്തുചാട്ടമായിരുന്നു. ബിഎസ് 6 ഇന്ധനത്തിന് ബിഎസ് 4 ഇന്ധനത്തേക്കാള്‍ വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സാങ്കേതികവിദ്യകളും ഫീച്ചറുകളും നല്‍കി പാസഞ്ചര്‍ വാഹന മോഡലുകള്‍ പരിഷ്‌കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബിഎസ് 6, പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പാലിച്ചുതുടങ്ങിയതോടെ വാഹനങ്ങളുടെ വില വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ വില്‍പ്പന കൂടുതല്‍ പ്രയാസകരമാകാന്‍ ഇതു മാത്രമല്ല കാരണം. ഫിനാന്‍സ് സൗകര്യങ്ങള്‍ എളുപ്പം ലഭിക്കാത്തതും ബിഎസ് 4 ല്‍നിന്ന് ബിഎസ് 6 ലേക്കുള്ള പരിവര്‍ത്തനം ജനങ്ങളില്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളും മറ്റു പല ഘടകങ്ങളും വില്‍പ്പനയെ ബാധിച്ചു. അതേസമയം, സുരക്ഷ, ബഹിര്‍ഗമന നിയന്ത്രണ മാനദണ്ഡങ്ങള്‍ എന്നീ കാര്യങ്ങളില്‍ ടാറ്റ മോട്ടോഴ്‌സിന് ആരുടെയും പിന്നിലാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Categories: Auto, Slider