സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ഓര്‍ഡറുകളില്‍ ഇടിവ്

സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ഓര്‍ഡറുകളില്‍ ഇടിവ്

ലിസ്റ്റ് ചെയ്തിരിക്കുന്ന റെസ്റ്റോറന്റുകളുടെ എണ്ണത്തിലും ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് വിപണി വിധഗ്ധര്‍

ബെംഗളൂരു: ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ വിതരണ ചാര്‍ജുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഓര്‍ഡറുകളില്‍ കുറവ് വരുത്തുന്നതായി റിപ്പോല്‍ട്ട്. വിപണിയിലെ മുന്‍ നിരക്കാരായ സൊമാറ്റോയും സ്വിഗ്ഗിയും കഴിഞ്ഞ ആറുമാസങ്ങളിലായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഫീസ് ഉയര്‍ത്തുകയാണ്. നേരത്തേ നല്‍കിയിരുന്ന വന്‍ ഡിസ്‌കൗണ്ടുകള്‍ കുറയ്ക്കുകയും ചെയ്തു. ഓര്‍ഡര്‍ റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകള്‍കര്‍ശനമാക്കുകയും തങ്ങളുടെ ലോയല്‍റ്റി പ്രോഗ്രാമുകളിലെ നിരക്കുകള്‍ ഉയര്‍ത്തുകയും ചെയ്തു.

ഓര്‍ഡറുകളുടെ എണ്ണത്തില്‍ മാത്രമല്ല ഈ പ്ലാറ്റ്‌ഫോമുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റെസ്റ്റോറന്റുകളുടെ എണ്ണത്തിലും ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് വിപണി വിധഗ്ധര്‍ വിലയിരുത്തുന്നു. ഒക്‌റ്റോബര്‍ മുതല്‍ സൊമാറ്റോയുടെയും ഡിസംബര്‍ മുതല്‍ സ്വിഗ്ഗിയുടെയും ഓര്‍ഡറുകളില്‍ പ്രതിമാസം 5-6 ശതമാനത്തിന്റെ ഇടിവാണ് പ്രകടമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുബര്‍ ഈറ്റ്‌സിനെ സൊമാറ്റൊ ഏറ്റെടുത്തത് വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നത് അടുത്ത മാസത്തോടു കൂടി മാത്രമേ വ്യക്തമാകുകയുള്ളൂ.

കഴിഞ്ഞയാഴ്ചയാണ് യുബെറിന്റെ ഇന്ത്യയിലെ ഫുഡ് അഗ്രിഗേറ്റര്‍ ബിസിനസായ ഉബര്‍ ഈറ്റ്‌സ് 350 മില്യണ്‍ ഡോളറിന് സൊമാറ്റോ ഏറ്റെടുത്തത്. ഈ ഇടപാടിനെത്തുടര്‍ന്ന് സോമാറ്റോയില്‍ യുബറിന് 10 ശതമാനം ഓഹരി ലഭിക്കുന്നു. സൊമാറ്റോ ‘കൃത്യസമയത്ത് അല്ലെങ്കില്‍ സൗജന്യ ഡെലിവറി’ എന്നൊരു പദ്ധതിയും ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതായത്, തെരഞ്ഞെടുത്ത റെസ്റ്റോറന്റുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ക്ക് ഒരു ഉപഭോക്താവ് 10 രൂപ അധികമായി നല്‍കാന്‍ തയാറാണ് എങ്കില്‍ വാഗ്ദാനം ചെയ്ത ഏറ്റവും കുറഞ്ഞ സമയത്തു തന്നെ ഭക്ഷണം എത്തിക്കും. അതിന് സാധ്യമായില്ലെങ്കില്‍ സൗജന്യമായി ഓര്‍ഡര്‍ ലഭ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്. ഗോള്‍ഡ് അംഗത്വമുള്ളവര്‍ക്കുള്ള നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇതിനൊപ്പം ചില നഗരങ്ങളിലും ഉയര്‍ന്ന ഓര്‍ഡറുകള്‍ വരുന്ന സമയങ്ങളിലുമെല്ലാം വിതരണ ചാര്‍ജ് ഇപ്പോള്‍ കൂടുതലായി വാങ്ങുന്നു.

സ്വിഗ്ഗിയും പല നഗരങ്ങളിലെയും വിതരണ നിരക്ക് ഉയര്‍ത്തുകയും തങ്ങളുടെ ‘സൂപ്പര്‍’ വിഭാഗത്തിലെ നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഓര്‍ഡറുകള്‍ റദ്ദ് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കുകയും ഈടാക്കുന്ന നിരക്കുകള്‍ ഉയര്‍ത്തുകയും ചെയ്തു. വിതരണത്തിന് സഞ്ചരിക്കേണ്ട ദൂരം, ഓര്‍ഡര്‍ വലുപ്പം, തെരഞ്ഞെടുത്ത റെസ്റ്റോറന്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത രീതിയില്‍ ഉപഭോക്താക്കളില്‍ നിന്ന് വിതരണ ചാര്‍ജുകള്‍ ഈടാക്കാനും സൊമാറ്റോ ആരംഭിച്ചിട്ടുണ്ട്. നേരത്തേ ഒരു പരിധിക്കുള്ളിലെ എല്ലാ വിതരണവും സൗജ്യമായാണ് നല്‍കിയിരുന്നത്.

Categories: Business & Economy, Slider