വോയികോ ഇനി ഡുവിലും; നടപടികള്‍ അവസാനഘട്ടത്തില്‍

വോയികോ ഇനി ഡുവിലും; നടപടികള്‍ അവസാനഘട്ടത്തില്‍

എത്തിസലാത് വരിക്കാര്‍ക്ക് ഒക്ടോബര്‍ മുതല്‍ വോയികോ ആപ്പ് ലഭ്യമായിരുന്നു

അബുദാബി: യുഎഇ നിവാസിക്കള്‍ക്ക് പരിധികളില്ലാത്ത വോയിസ്, വീഡിയോ കോളിംഗ് സേവനം നല്‍കാന്‍ വോയികോ യുഎഇ ഇനിമുതല്‍ ഡുവിലും. ഡു ടെലികോം കമ്പനിയുടെ ഫീച്ചറുകളിലൊന്നായി മാറുന്നതിനുള്ള അവസാന ഘട്ട നടപടിക്രമങ്ങളിലാണ് വോയികോ.ഒക്ടോബര്‍ മുതല്‍ യുഎഇയിലെ എത്തിസലാത് വരിക്കാര്‍ക്ക് വോയികോ ആപ്പ് ലഭ്യമായിരുന്നു. ഈ മാസം അവസാനത്തോടെ ഡു വരിക്കാര്‍ക്ക് വോയികോ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ഡുവിന്റെ ഭാഗമാകുന്നതിനുള്ള അനുമതി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിട്ടിയില്‍ നിന്ന് ഉടനടി ലഭ്യമാകുമെന്ന് വോയികോ കമ്പനി സിഇഒയും പ്രസിഡന്റുമായ എലീ സബര്‍ അറിയിച്ചു. പരസ്യങ്ങളൊന്നും ഇല്ലാതെ തന്നെ നിലവില്‍ യുഎഇയില്‍ 150,000 വരിക്കാര്‍ വോയികോയ്ക്ക് ഉണ്ടെന്നും പ്രതിദിനം 5,000-10,000 ഇടയില്‍ ആളുകള്‍ യുഎഇയില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഡുവിന്റെ ഭാഗമായതിന് ശേഷം ആപ്പിന്റെ പ്രചരണാര്‍ത്ഥം രാജ്യവ്യാപകമായി പരസ്യങ്ങള്‍ നല്‍കിത്തുടങ്ങുമെന്ന് സബര്‍ പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറും മുഖേനയാണ് വോയികോ പരിധികളില്ലാത്ത വോയിസ്, വീഡിയോ കോളിംഗ് സേവനങ്ങള്‍ നല്‍കുന്നത്. യുഎഇയില്‍ മാത്രമല്ല, ലോകത്തില്‍ വോയികോ ആപ്പ് ഉപയോഗിക്കുന്ന ഏതൊരാളുമായി ബന്ധപ്പെടാനും ഈ ആപ്പിലൂടെ സാധിക്കും. സ്മാര്‍ട്ട്‌ഫോണിലൂടെ മാത്രമല്ല പിസി, ലാപടോപ്പ് എന്നീ ഉപകരണങ്ങളിലൂടെയും കോള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഈ ആപ്പിന്റെ മറ്റൊരു നേട്ടം.

സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തില്‍ ആപ്പ് ഉപയോക്താക്കള്‍ ഒട്ടും ഭയക്കേണ്ടതില്ലെന്നും സബര്‍ പറയുന്നു. വാട്ട്‌സ്ആപ്പിലേതു പോലെ ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍’ ഉള്ളതിനാല്‍ മൂന്നാമതൊരാള്‍ക്ക് ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയങ്ങളും സംഭാഷണങ്ങളും ഹാക്ക് ചെയ്യാന്‍ സാധിക്കില്ല.

കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് വോയികോ.

Comments

comments

Categories: Arabia