സപ്ലൈകോ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കും: മന്ത്രി

സപ്ലൈകോ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കും: മന്ത്രി
  • കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിപണന സാധ്യത പരിശോധിക്കും
  • മാവേലി സ്റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കാനും സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളാക്കാനുമാണ് ലക്ഷ്യമിടുന്നത്

കൊച്ചി: പ്രവര്‍ത്തന മേഖല വിപുലീകരിച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. വടുതല സപ്ലൈകോ ടീ ഗോഡൗണ്‍ അങ്കണത്തില്‍ ടീ ബ്ലെന്‍ഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കാവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വിപണന മേഖലയിലേക്ക് സപ്ലൈകോ കടന്നു ചെല്ലണം. അവശ്യ സാധന വില പിടിച്ചു നിര്‍ത്താന്‍ വലിയ ഇടപെടലാണ് സപ്ലൈകോ നടത്തുന്നത്. അതു കൊണ്ടു തന്നെ വലിയ ബാധ്യതയും ഏറ്റെടുക്കേണ്ടി വരുന്നു. ഇത് മറികടക്കാന്‍ വിവിധ പദ്ധതികളാണ് തയാറാക്കുന്നത്. മാവേലി സ്റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കാനും സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളാക്കാനുമാണ് ലക്ഷ്യമിടുന്നത്. കൂടാതെ എല്ലാ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളെയും ഒരു കുടക്കീഴിലാക്കാനും ശ്രമിക്കുന്നു.

നോണ്‍ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാധ്യത ലഭിക്കും. ഗൃഹോപകരണ മേഖലയില്‍ എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ വിവിധ നഗരങ്ങളില്‍ ആരംഭിക്കും. കെട്ടിട നിര്‍മ്മാണ ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതയും പരിശോധിക്കുന്നു. തേയില വ്യാപാരത്തിലൂടെ സപ്ലൈകോയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്. എല്ലാ റേഷന്‍ കടകളിലും തേയില വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഉല്‍പ്പാദനം കൂട്ടാന്‍ കഴിയാതെ വന്നതിനാല്‍ എല്ലായിടത്തുമെത്തിക്കാന്‍ കഴിഞ്ഞില്ല. ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലെന്‍ഡിംഗ് യൂണിറ്റ് ആരംഭിക്കുന്നത്. സപ്ലൈകോ പുറത്തിറക്കിയ ടീ ബാഗുകള്‍ എല്ലാ ഔട്ട് ലെറ്റുകളിലും ഉടന്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ടീ ബ്ലെന്‍ഡിംഗ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും യൂണിറ്റ് അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. ടിജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

Comments

comments

Categories: FK News
Tags: Supplyco

Related Articles