യാത്രാ വരുമാനം കുറഞ്ഞു; ചരക്ക് വരുമാനത്തില്‍ വര്‍ധന

യാത്രാ വരുമാനം കുറഞ്ഞു; ചരക്ക് വരുമാനത്തില്‍ വര്‍ധന
  • യാത്രാ നിരക്ക് വരുമാനത്തില്‍ 400 കോടി രൂപയുടെ കുറവ്
  • ചരക്ക് വരുമാനം മുന്‍പാദത്തേക്കാളും 2800 കോടി രൂപ ഉയര്‍ന്നു

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ റെയില്‍വേ വരുമാനം ചരക്ക് സേവന വിഭാഗത്തില്‍ കൂടിയപ്പോള്‍ യാത്ര സേവന വിഭാഗത്തില്‍ കുറഞ്ഞു. വിവരാകാശ നിയമപ്രകാരമുള്ള അന്വേഷണത്തിലാണ് റെയില്‍വേയുടെ വെളിപ്പെടുത്തല്‍. യാത്രാ നിരക്കില്‍ നിന്നുള്ള വരുമാനം മുന്‍പാദത്തേക്കാളും 400 കോടി രൂപയോളം കുറവ് രേഖപ്പെടുത്തി. 2800 കോടി രൂപയുടെ വര്‍ധനവമാണ് മൂന്നാം പാദത്തില്‍ ചരക്ക് സേവന വിഭാഗത്തിലുണ്ടായത്.

ചരക്ക് സേവന വിഭാഗത്തില്‍ രണ്ടാം പാദത്തില്‍ 3901 കോടി രൂപയുടെ കമ്മി നേരിട്ടിരുന്നു. ഇത് ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മികച്ച രീതിയില്‍ ഉയര്‍ന്ന് 2800 കോടിയുടെ വര്‍ധനവ് നേടിയതായി റെയില്‍വേ അറിയിച്ചു. മുമ്പ് യാത്രാ നിരക്കില്‍ നിന്നുള്ള വരുമാനം ആദ്യത്തെ പാദത്തേക്കാളും 155 കോടി രൂപയുടെ കുറവാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയിരുന്നത്. മധ്യപ്രദേശിലെ സാമൂഹ്യപ്രവര്‍ത്തകനായ ചന്ദ്ര ശേഖര്‍ ഗൗര്‍ നല്‍കിയ വിവാരാവകാശ അന്വേഷണത്തിലാണ് വരുമാനം സംബന്ധിച്ച വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍-ജൂണ്‍ കാലയളവിലെ ആദ്യപാദത്തില്‍ റെയില്‍വേയുടെ യാത്രാ നിരക്കിലെ വരുമാനം 13,398.92 കോടി രൂപയായിരുന്നു. ഇത് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 13,243 .81 കോടി രൂപയായി കുറഞ്ഞു. ഒക്ടോബര്‍-ഡിസംബര്‍ മൂന്നാം പാദത്തില്‍ 12,844.37 കോടി രൂപയായി വീണ്ടും കുറയുകയുണ്ടായി. ചരക്ക് സേവന വിഭാഗത്തില്‍ മികച്ച തിരിച്ചുവരവാണ് റെയില്‍വേ സ്വന്തമാക്കിയത്. ആദ്യ പാദത്തില്‍ 29,066.92 കോടി രൂപ ഈ വിഭാഗത്തില്‍ നേടിയപ്പോള്‍ രണ്ടാം പാദത്തില്‍ ഇത് 25,165.13 കോടി രൂപയായി കുറഞ്ഞിരുന്നു. മൂന്നാം പാദത്തില്‍ ചരക്ക് സേവന വിഭാഗത്തില്‍ റെയില്‍വേയുടെ വരുമാനം 28,032.80 കോടി രൂപയാണ്.

ചരക്ക് സേവന വിഭാഗത്തില്‍ വരുമാനം കുറഞ്ഞതോടെ റെയില്‍വേ ചില കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. തിരക്കേറിയ സീസണില്‍ സര്‍ച്ചാര്‍ജ് ഒഴിവാക്കുകയും എസി ചെയര്‍ കാര്‍, എക്‌സ്പ്രസ് ക്ലാസ് ട്രെയിനുകളില്‍ 25 ശതമാനം ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ 30 വര്‍ഷം പഴക്കമുള്ള ഡീസല്‍ എഞ്ചിനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ഇന്ധന ബില്‍ വെട്ടിക്കുറയ്ക്കുകയും നിരക്ക് വഴിയല്ലാതെയുള്ള വരുമാനം വര്‍ധിപ്പിക്കാനും ശ്രമം തുടങ്ങിയിരുന്നു.

Comments

comments

Categories: FK News