രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ഇറാന്‍ ജനത ട്രംപിനെ അനുവദിക്കില്ല: റൂഹാനി

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ഇറാന്‍ ജനത ട്രംപിനെ അനുവദിക്കില്ല: റൂഹാനി

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിയരുതെന്ന് ജനങ്ങളോട് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: പരമാവധി സമ്മര്‍ദ്ദമെന്ന സമീപനത്തിലൂടെ രാജ്യത്തിന്റെ ഒത്തൊരുമയെ തകര്‍ക്കാന്‍ ഇറാന്‍ ജനത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക വെബ്‌സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്ത പ്രസംഗത്തിലാണ് റൂഹാനി ട്രംപിനെ കടന്നാക്രമിച്ചത്.

ഇറാനും ലോകശക്തികളുമായുള്ള 2015ലെ ആണവ കരാറില്‍ നിന്നും പിന്മാറിയതിന് ശേഷം അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ മൂലം സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ എറെ കഷ്ടപ്പെടുകയാണ് ഇറാന്‍ ഭരണകൂടം. രാജ്യത്തെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ എണ്ണ വ്യാപാരവും അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് വെല്ലുവിളി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ വീഴരുതെന്നും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട്‌നില്‍ക്കരുതെന്നും റൂഹാനി ജനങ്ങളോട് ആവശ്യപ്പെട്ടത്.

”രാജ്യത്തെ സംവിധാനങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഞങ്ങള്‍ ട്രംപിനെ അനുവദിക്കില്ല. ഞങ്ങള്‍ ഐക്യത്തോടെ തുടരും. തെരഞ്ഞെടുപ്പില്‍ നിന്നും ആരും പിന്തിരിയരുത്. മികച്ച ഫലം ഉണ്ടാക്കണം,” റൂഹാനി ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഫെബ്രുവരി 21 നടക്കുന്ന തെരഞ്ഞടുപ്പിനായി രജിസ്റ്റര്‍ ചെയ്ത 14,000 പേരില്‍ 9,000 പേരെ ഇറാനിലെ ഭരണഘടന സംരക്ഷണ സമിതി (ഗാര്‍ഡിയന്‍സ് കൗണ്‍സില്‍) അയോഗ്യരാക്കിയിരുന്നു. ചില നഗരങ്ങളില്‍ മത്സരിക്കാന്‍ ആളില്ലാത്ത സ്ഥിതിപോലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്

Comments

comments

Categories: Arabia
Tags: Iran-US, Rouhani