സ്വര്‍ണ ഇറക്കുമതി 6.77% ഇടിവോടെ 23 ബില്യണ്‍ ഡോളറില്‍

സ്വര്‍ണ ഇറക്കുമതി 6.77% ഇടിവോടെ 23 ബില്യണ്‍ ഡോളറില്‍

ന്യൂഡെല്‍ഹി: സ്വര്‍ണ ഇറക്കുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 6.77 ശതമാനം ഇടിഞ്ഞ് 23 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2018-19 ലെ ഇതേ കാലയളവില്‍ 24.73 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണത്തിന്റെ ഇറക്കുമതി. സ്വര്‍ണ ഇറക്കുമതിയിലുണ്ടായ ഇടിവ് ഈ കാലയളവില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി 118 ബില്യണ്‍ ഡോളറായി ചുരുക്കാന്‍ സഹായിച്ചു. ഒരു വര്‍ഷം മുമ്പ് ഇത് 148.23 ബില്യണ്‍ ഡോളറായിരുന്നു ഏപ്രില്‍- ഡിസംബര്‍ കാലയളവിലെ വ്യാപാരക്കമ്മി.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതലാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവ് പ്രകടമായി തുടങ്ങിയത്. എങ്കിലും ഒക്‌റ്റോബര്‍, നവംബര്‍ മാസങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തി. ഡിസംബറില്‍ 4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. രാജ്യം പ്രതിവര്‍ഷം 800-900 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. ജുവല്ലറി മേഖലയ്ക്കായാണ് സ്വര്‍ണ ഇറക്കുമതി പ്രധാനമായും നടക്കുന്നത്.
വ്യാപാര കമ്മി കുറയ്ക്കുന്നതിനായി ലോഹത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ഉയര്‍ന്ന തീരുവ മൂലം ഈ മേഖലയിലെ ബിസിനസുകള്‍ തങ്ങളുടെ ഉല്‍പാദന കേന്ദ്രങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് മാറ്റുകയാണെന്ന് വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറക്കുമതി തീരുവ 4 ശതമാനമായി കുറയ്ക്കണമെന്ന് ജെംസ് ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജിജെപിസി) ആവശ്യപ്പെട്ടു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ രത്‌ന, ജ്വല്ലറി കയറ്റുമതി 6.4 ശതമാനം ഇടിഞ്ഞ് 27.9 ബില്യണ്‍ ഡോളറിലെത്തി.

രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 3 ശതമാനം ഇടിഞ്ഞ് 32.8 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. കറന്റ് എക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.9 ശതമാനം അഥവാ 6.3 ബില്യണ്‍ ഡോളറായി ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജിഡിപിയുടെ 2.9 ശതമാനവും 19 ബില്യണ്‍ ഡോളറുമായിരുന്നു വ്യാപാരക്കമ്മി.

Comments

comments

Categories: Business & Economy, Slider
Tags: Gold Import

Related Articles