ഭക്ഷ്യമേഖലയുടെ മുഴുവന്‍ ശൃംഖലകളേയും ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫുഡ്ടെക് കേരള

ഭക്ഷ്യമേഖലയുടെ മുഴുവന്‍ ശൃംഖലകളേയും ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫുഡ്ടെക് കേരള
  • പത്താം പതിപ്പ് ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്ന് വരെ കൊച്ചിയില്‍
  • ഫാം ടു ഫോര്‍ക് എന്നതാണ് സമ്മേളനത്തിന്റെ ഇതിവൃത്തം. കൃഷിയിടങ്ങളില്‍ നിന്നുള്ള സമാഹരണം, സംസ്‌കരണം എന്നിവ മുതല്‍ ഉപഭോക്താവിന്റെ മേശപ്പുറത്തെത്തുന്നതുവരെയുള്ള ഉല്‍പ്പാദന-സേവന മേഖലകള്‍ മേളയില്‍ അണിനിരക്കും

കൊച്ചി: സംസ്ഥാനത്തെ ഭക്ഷ്യസംസ്‌കരണ-പാക്കേജ് മേഖലയ്ക്കായി വര്‍ഷം തോറും നടത്തപ്പെടുന്ന പ്രദര്‍ശനമായ ഫുഡ്ടെക് കേരളയുടെ പത്താം പതിപ്പ് ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്ന് വരെ കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കും. ക്രൂസ് എക്സ്പോസ് സംഘടിപ്പിക്കുന്ന മേളയ്ക്ക് കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍), ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്. ഫാം ടു ഫോര്‍ക്ക് എന്ന ഇതിവൃത്തത്തില്‍ അധിഷ്ഠിതമായി സംഘടിപ്പിക്കപ്പെടുന്ന മേള സംസ്ഥാനത്തെ ഭക്ഷ്യമേഖലയുടെ മുഴുവന്‍ ശൃംഖലകളേയും ബന്ധിപ്പിക്കുന്നതാകുമെന്ന് ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. കൃഷിയിടങ്ങളില്‍ നിന്നുള്ള സമാഹരണം, സംസ്‌കരണം എന്നിവ മുതല്‍ ഉപഭോക്താവിന്റെ മേശപ്പുറത്തെത്തുന്നതുവരെയുള്ള ഉല്‍പ്പാദന-സേവന മേഖലകള്‍ മേളയില്‍ അണിനിരക്കും.

ഫുഡ്, ബെവറേജ് മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങള്‍ മേളയിലെത്തുന്നുണ്ട്. അങ്ങനെ സന്ദര്‍കര്‍ക്കും പ്രദര്‍ശകര്‍ക്കുമുള്ള ഒരു മികച്ച സംഗമവേദിയാകാന്‍ ഫുഡ്ടെകിന് സാധിക്കും. ഭക്ഷ്യ സംസ്‌കരണം, എന്‍ജിനീയറിംഗ് പാക്കേജിംഗ് തുടങ്ങി ഈ രംഗത്തെ സമസ്തമേഖലകളും ഉള്‍പ്പെടുന്നതാകും പ്രദര്‍ശനം. ഭക്ഷ്യ മേഖലയിലെ പ്രമുഖരായ ദേശീയ, അന്തര്‍ ദേശീയ കമ്പനികള്‍ മേളയിലെത്തുന്നുണ്ട്. ഇതിനു പുറമെ സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി സംസ്ഥാന വ്യവസായ വകുപ്പിന്റെ എക്സ്‌ക്ലൂസീവായ നാഷനല്‍ എസ്‌സി/എസ്ടി പവലിയനും ഫുഡ്ടെകിലുണ്ടാകും. രാജ്യത്തെ ഭക്ഷ്യോല്‍പ്പന്ന മേഖല വന്‍കുതിപ്പിനൊരുങ്ങുന്ന വേളയിലാണ് മേള അരങ്ങേറുന്നതെന്നതും ശ്രദ്ധേയമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളിലെ മൂല്യവര്‍ധനയുടെ പിന്‍ബലത്തോടെ വന്‍വളര്‍ച്ചയും ലാഭ സാധ്യതകളുമാണ് ഇന്ത്യയിലെ ഭക്ഷ്യമേഖലയ്ക്ക് കല്‍പ്പിക്കപ്പെടുന്നത്. മേളയോടൊപ്പം എഫ്എസ്എസ്ഐ-ഫോസ്ടാക് സ്പെഷ്യല്‍ പാക്കേജ്ഡ് വാട്ടര്‍ കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യോല്‍പ്പന്ന രംഗത്തെ സംരഭകരെ ലക്ഷ്യമിട്ട് എഫ്എസ്എസ്ഐ-ഫോസ്ടാക് ഫുഡ് സേഫ്റ്റി ട്രെയ്നിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷനും നടക്കുന്നുണ്ട്. സുരക്ഷ, വൃത്തി എന്നിവയില്‍ ഊന്നുന്നതാണ് പരിശീലനം.

പാക്കേജ്ഡ് വാട്ടര്‍, പാനീയങ്ങള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവരേയും ബിസിനസ് നടത്തുന്നവരേയും ഉദ്ദേശിച്ചുള്ള പരിശീലന പരിപാടിക്ക് എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. വിദഗ്ധരായ ഫോസ്ടാക് പരിശീലകനാണ് ക്ലാസെടുക്കുക. എഫ്എസ്എസ്ഐയുടെ നിബന്ധനയനുസരിച്ച് ഭക്ഷ്യോല്‍പ്പന്നം കൈകാര്യം ചെയ്യുന്ന ഓരോ 25 പേര്‍ക്കും ഒരു സൂപ്പര്‍വൈസര്‍ക്ക് എന്ന കണക്കില്‍ ഈ പരിശീലനം നല്‍കേണ്ടതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എഫ്എസ്എസ്ഐ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇവയ്ക്കൊപ്പം സാങ്കേതികവിദ്യ നല്‍കുന്നവര്‍, ഫുഡ് പ്രോസസേഴ്സ്, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി ഭക്ഷ്യോല്‍പ്പന്നരംഗത്തെ എല്ലാ മേഖലകളിലും നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നടക്കുന്ന ഇത്തരത്തില്‍പ്പെട്ട ഏക പ്രദര്‍ശനമാണിതെന്നും ഇക്കാരണത്താല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മേളയ്ക്കുണ്ടായ തുടര്‍ച്ചയായ വളര്‍ച്ച ഏറെ പ്രധാനമാണെന്നും സംഘാടകര്‍ പറഞ്ഞു.

Comments

comments

Categories: FK News