അറ്റാദായത്തില്‍ 44 ശതമാനം വര്‍ധന; 3.9 ബില്യണ്‍ ഡോളര്‍ ലാഭം കൊയ്ത് എമിറേറ്റ്‌സ് എന്‍ബിഡി

അറ്റാദായത്തില്‍ 44 ശതമാനം വര്‍ധന; 3.9 ബില്യണ്‍ ഡോളര്‍ ലാഭം കൊയ്ത് എമിറേറ്റ്‌സ് എന്‍ബിഡി
  • വായ്പാ വളര്‍ച്ചയും ഫീസിനത്തിലുള്ള വരുമാന വളര്‍ച്ചയും നേട്ടമായി
  • ആകെ വരുമാനം 6.1 ബില്യണ്‍ ഡോളറായി

ദുബായ്: ആസ്തിയില്‍ ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ അറ്റാദായത്തില്‍ 44 ശതമാനം വര്‍ധന. ആകെ 3.9 ബില്യണ്‍ ഡോളറിന്റെ ലാഭമാണ് കഴിഞ്ഞ വര്‍ഷം ബാങ്ക് സ്വന്തമാക്കിയത്. ആകെ വരുമാനം 29 ശതമാനം വര്‍ധിച്ച് 6.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ദുബായ് ധനകാര്യ വിപണി മുഖേന പ്രസിദ്ധീകരിച്ച സാമ്പത്തിക റിപ്പോര്‍ട്ടില്‍ എമിറേറ്റ്‌സ് എന്‍ബിഡി വെളിപ്പെടുത്തി. പേയ്‌മെന്റ് സ്ഥാപനമായ നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷണലിലെ ഓഹരിവില്‍പ്പനയും വായ്പാ വളര്‍ച്ചയും ഫീസിനത്തിലുള്ള വരുമാന വളര്‍ച്ചയുമാണ് പ്രധാനമായും ബാങ്കിന് നേട്ടമായത്.

വായ്പാ വളര്‍ച്ചയെ തുടര്‍ന്ന് പലിശയിനത്തിലുള്ള വരുമാനം 26 ശതമാനം വര്‍ധിച്ചു. അതേസമയം വിദേശ വിനിമയ ഇടപാടുകളിലെ വര്‍ധനവും ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട വരുമാന വളര്‍ച്ചയും മൂലം പലിശ ഇതര വരുമാനത്തില്‍ 38 ശതമാനം വര്‍ധനവുണ്ടായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം നാല് ശതമാനം വര്‍ധിച്ചു. തുര്‍ക്കിയിലെ ഡെനിസ്ബാങ്കിലെ 99.85 ശതമാനം ഓഹരികള്‍ വാങ്ങിയതും നേട്ടമായി. 2019 അവസാനം വരെയുള്ള കണക്കനുസരിച്ച് 186 ബില്യണ്‍ ഡോളറിലധികം രൂപയുടെ ആസ്തിയാണ് ബാങ്കിനുള്ളത്.

ഡെനിസ് ബാങ്കിനെ ഏറ്റെടുത്തതോടെ ലോകത്തില്‍ പതിമൂന്ന് രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ബാങ്കായി എമിറേറ്റ്‌സ് എന്‍ബിഡി മാറിയിരുന്നു. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, തുര്‍ക്കി മേഖലകളിലായി 14 മില്യണ്‍ ഉപഭോക്താക്കളാണ് നിലവില്‍ ബാങ്കിനുള്ളത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ജിസിസിയിലെ ബാങ്കിംഗ് മേഖല കടുത്ത വിപണി സാഹചര്യങ്ങളിലൂടെയും വായ്പാ വളര്‍ച്ച്ാ പ്രതിസന്ധിയിലൂടെയും കടന്നുപോകുമ്പോഴാണ് എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഈ നേട്ടമെന്നതാണ് ശ്രദ്ധേയം.

ശക്തമായ ലാഭത്തിലേക്ക് ബാങ്കിനെ നയിച്ച നിര്‍ണായകമായ വര്‍ഷമായിരുന്നു 2019 എന്ന് എമിറേറ്റ്‌സ് എന്‍ബിഡി ചെയര്‍മാന്‍ ഷേഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു. വിദേശ ഉടമസ്ഥാവകാശ പരിധി 20 ശതമാനമാക്കി ഉയര്‍ത്തിയതും ക്രമേണ ഇത് 40 ശതമാനമാക്കി ഉയര്‍ത്തിയേക്കുമെന്നുള്ള സൂചനയും സാമ്പത്തിക പ്രകടനം മെച്ചപ്പെടാന്‍ കാരണമായതായി എമിറേറ്റ്‌സ് എന്‍ബിഡി വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഹിഷാം അബ്ദുള്ള അല്‍ ഖാസിം പറഞ്ഞു.

Comments

comments

Categories: Arabia