യുഎഇയിലെ ഡ്രൈവറില്ലാ കേബിള്‍ കാര്‍ പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണം ആരംഭിച്ചു

യുഎഇയിലെ ഡ്രൈവറില്ലാ കേബിള്‍ കാര്‍ പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണം ആരംഭിച്ചു

സ്‌കൈവേ പ്രോജക്ടിന്റെ ആദ്യഘട്ട നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി

ഷാര്‍ജ: യൂണികാറുകള്‍ എന്നുവിളിക്കുന്ന ഡ്രൈവറില്ലാ പോഡുകള്‍(അറ) ഉപയോഗിച്ച് അതിവേഗയാത്രാ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയാണ് യുഎഇ. ഷാര്‍ജ റിസര്‍ച്ച്, ടെക്‌നോളജി, ഇന്നവേഷന്‍ പാര്‍ക്കിന്റെ (എസ്ആര്‍ടിഐ പാര്‍ക്ക്) ഹാങ്കിംഗ് ട്രാക്ക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം അഥവാ സ്‌കൈവേ പദ്ധതി ആദ്യഘട്ട നിര്‍മാണം 80 ശതമാനവും പൂര്‍ത്തിയാക്കി രണ്ടാംഘട്ടത്തിലേക്ക് കടന്നു. നിശ്ചിത ഉയരത്തില്‍ ഉറപ്പിച്ച് നിര്‍ത്തിയ കേബിളിലൂടെ സഞ്ചരിക്കുന്ന യൂണികാറുകള്‍ മുഖേന യാത്രക്കാരുടെയും ചരക്കിന്റെയും അതിവേഗത്തിലുള്ള ഗതാഗതം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

യൂണികാറുകള്‍ സഞ്ചരിക്കുന്നതിനുള്ള 400 മീറ്റര്‍ നീളത്തിലുള്ള ട്രാക്കിന്റെയും സ്‌കൈവേ സ്റ്റേഷനുകളുടെയും നിര്‍മാണവുമാണ് ആദ്യഘട്ടത്തില്‍ നടന്നത്. രണ്ടാംഘട്ടത്തില്‍ ചരക്ക് നീക്കം ലക്ഷ്യമിട്ടുള്ള 2.8കിമീ ദൈര്‍ഘ്യത്തിലുള്ള എലിവേറ്റഡ് ട്രാക്ക് നിര്‍മിക്കും. ആറുമാസം കൊണ്ട് രണ്ടാംഘട്ടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ടത്തിലേക്ക് കടക്കുംമുമ്പ് പദ്ധതി സര്‍ക്കാര്‍ പരിശോധനകള്‍ക്കും നിലവാര പരിശോധനകള്‍ക്കും വിധേയമാകും. മൂന്നാംഘട്ടത്തില്‍ ഒരേസമയം യാത്രക്കാരെയും ചരക്കും വഹിക്കാന്‍ ശേഷിയുള്ള ഒരൊറ്റ ട്രാക്ക് നിര്‍മിക്കാനാണ് പദ്ധതി. സ്‌കൈവേ ടെക്‌നോളജീസിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല.

നാല്് യാത്രികരെ ഉള്‍ക്കൊള്ളുന്ന യൂണികാറുകളാണ് സ്‌കൈവേ ടെക്‌നോളജീസ് തുടക്കത്തില്‍ നിര്‍മിക്കുക. എന്നാല്‍ രണ്ടുമുതല്‍ എണ്‍പത് ആളുകളെ വരെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ ഇവ നിര്‍മിക്കാനാകുമെന്ന് സ്‌കൈ ടെക്‌നോളജീസിലെ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി സ്വെറ്റ്‌ലാന വോലോഷൈന പറഞ്ഞു. ജനസംഖ്യ കൂടുന്നതിനനുസരിച്ച് നിലവിലെ സംവിധാനത്തിന് യാതൊരു ഇളക്കവും തട്ടാതെ എലിവേറ്റഡ് സ്ട്രിംഗ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ശൃംഖലയിലേക്ക് വലുപ്പം കൂടിയ കൂടുതല്‍ പോഡുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്നതാണ് ഹാംഗിംഗ് ട്രാക്ക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തിന്റെ മേന്മ. ഇതിനായി മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്തേണ്ടതില്ല.

നഗര ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, റോഡ് മാര്‍ഗമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെയുള്ള ഈ നൂതന ആശയവും സാങ്കേതികവിദ്യയും ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പായി ഷാര്‍ജയില്‍ പരീക്ഷിക്കാനാണ് സ്‌കൈവേ ടെക്‌നോളജീസ് പദ്ധതിയിടുന്നത്. ഷാര്‍ജ എയര്‍പോര്‍ട്ട് റോഡ് മുതല്‍ യൂണിവേഴ്‌സിറ്റി റോഡ് വരെയുള്ള 2.8 കിമീ ദൈര്‍ഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ബാറ്ററികളെയും ഡൈനാമോ സംവിധാനത്തെയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂണികാറുകള്‍ക്ക് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ശേഷികളും ഉണ്ട്. പ്രശ്‌നങ്ങള്‍ സ്വയം കണ്ടുപിടിക്കാനും അന്യോന്യം സംസാരിച്ച് തകരാറുകള്‍ പരിഹരിക്കാനും ഇവയ്ക്കാകും. ചിലവ് കുറഞ്ഞതും കുറഞ്ഞ അളവില്‍ ഊര്‍ജം ഉപയോഗിക്കുന്നതുമായ ഈ യാത്രാസംവിധാനം ഭാവി ഗതാഗത ആവശ്യങ്ങള്‍ക്ക് മികച്ച വാഗ്ദാനമാണ്.

Comments

comments

Categories: Arabia
Tags: Cable car