ആഭ്യന്തര ഡിമാന്‍ഡ് വര്‍ധന: സ്റ്റീല്‍ കയറ്റുമതി ഇടിയും

ആഭ്യന്തര ഡിമാന്‍ഡ് വര്‍ധന: സ്റ്റീല്‍ കയറ്റുമതി ഇടിയും

ഓട്ടോമോട്ടീവ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളില്‍ ഡിമാന്‍ഡ് കൂടുന്നതാണ് കാരണം

മുംബൈ: ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സ്റ്റീല്‍ കയറ്റുമതിയില്‍ ഇടിവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മേഖലയില്‍ ഓട്ടോമോട്ടീവ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് കയറ്റുമതി ഇടിയാന്‍ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നിര്‍മാണം പൂര്‍ത്തിയായ സ്റ്റീലിന്റെ കയറ്റുമതി 6.5 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 6.36 ദശലക്ഷം ടണ്ണായിരുന്നതായി ജോയിന്റ് പ്ലാന്റ് കമ്മറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബറില്‍ സ്റ്റീല്‍ കയറ്റുമതി 11.5 ശതമാനം ഇടിഞ്ഞ് 767,000 ടണ്ണായി മാറിയെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്. കഴിഞ്ഞ ഒമ്പതു മാസങ്ങളിലായി ഓട്ടോ മേഖലയിലാണ് ഏറ്റവും വലിയ ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ ഈ ഇടിവിനെ പിന്നിലാക്കി മേഖലയില്‍ വന്‍ തോതിലുള്ള ഡിമാന്‍ഡിന് കളമൊരുങ്ങുന്നതായാണ് പുതിയ വാര്‍ത്ത. ഏപ്രില്‍ മുതല്‍ മേഖലയില്‍ ഡിമാന്‍ഡ് കൂടുമെന്നാണ് സൂചന. അതിന് ആനുപാതികമായി ഡിസംബര്‍ മുതല്‍ സ്റ്റോക്ക് ശേഖരണം വീണ്ടും സജീവമാക്കിയിട്ടുണ്ട്.

ഏപ്രില്‍-ഡിസംബര്‍ കാലയളില്‍ ഇരുമ്പ് അയിര് കയറ്റുമതി 132 ശതമാനം വര്‍ധിച്ച് 26 മെട്രിക് ടണ്ണായി മാറി. എന്നാല്‍ നടപ്പ് വര്‍ഷം ഈ വിഭാഗത്തില്‍ കുറവുണ്ടാകും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇരുമ്പയിരിന്റെ കയറ്റുമതി ഗണ്യമായി കുറയാനിടയാകുന്നത് അനുബന്ധ മേഖലകളിലും നിഴലിക്കും. ഒഡിഷയിലെ ഇരുമ്പയിര് ഖനികളുടെ ലൈസന്‍സ് കാലാവധി അവസാനിക്കുന്നത് സംബന്ധിച്ചുണ്ടാകുന്ന പ്രതിസന്ധിയും ലേല നടപടികളും മറ്റുമാണ് ഇടിവുണ്ടാകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ മേഖലയില്‍ ആഭ്യന്തര തലത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് വില കൂടാന്‍ ഇടയാക്കും. വിവിവിധ മേഖലകളില്‍ പ്രത്യേകിച്ചും നിര്‍മാണ മേഖലയിലും ഓട്ടോ കമ്പനികളിലും സ്റ്റീല്‍ ഡിമാന്‍ഡ് കുത്തനെ ഉയരാന്‍ ഇടയാക്കുമെന്ന് ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ കോമേഴ്‌സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ ജയന്ത് ആചാര്യയും ചൂണ്ടിക്കാട്ടി. ഇതു കൂടാതെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കല്‍ നടത്തുന്നതും ഡിമാന്‍ഡ് കൂട്ടാന്‍ സഹായിക്കും. ഇത് അടുത്ത മൂന്ന് മുതല്‍ നാല് മാസേത്തേക്ക് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കമ്പനി സ്റ്റീല്‍ കയറ്റുമതി 31 ശതമാനത്തില്‍ നിന്നും 24 ശതമാനമായി വെട്ടിക്കുറച്ചിരുന്നു.

നടപ്പ് വര്‍ഷം ഇന്ത്യയിലും ആഗോള വിപണിയിലും സ്റ്റീല്‍ വിതരണത്തില്‍ കുറവ് വരാനിടയാകുമെന്ന് ഇന്ത്യ നിവേഷ് കൊമോഡിറ്റീസ് ആന്‍ഡ് ഫോറക്‌സ് ബാങ്കിംഗ് ഡയറക്റ്റര്‍ മനോജ് ജെയിന്‍ വ്യക്തമാക്കി. ചൈനീസ് ഡിമാന്‍ഡ് വര്‍ധിക്കാനിടയായതും സ്റ്റീലിന്റെ പ്രധാന അസംസ്‌കൃത വസ്തുക്കളായ കോക്കിംഗ് കല്‍ക്കരി, ഇരുമ്പയിര് എന്നിവയുടെ നിരക്ക് കൂടിയതും സ്റ്റീല്‍ വിതരണത്തില്‍ കുറവ് വരാനിടയാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം ഇരുമ്പയിരിന്റെ വില 14 ശതമാനത്തോളം ഉയര്‍ന്ന് ഒരു ടണ്ണിന് 106 ഡോളറായി മാറി. കോക്കിംഗ് കല്‍ക്കരിയുടെ വില പത്ത് ശതമാനത്തോളം ഉയര്‍ന്ന്145 ഡോളറായി മാറിയെന്ന് ഇന്ത്യന്‍ കൊമോഡിറ്റി എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള കണക്കുകള്‍ രേഖപ്പെടുത്തുന്നു. ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി കുറയ്ക്കാനായാല്‍ ഇന്ത്യയ്ക്ക് ഈ അവസരം മികച്ച രീതിയില്‍ ഉപയോഗിക്കാനാകും. സ്റ്റീലിന്റെയും ഇരുമ്പയിരിന്റെയും വില ഉയരുന്നത് ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി മേഖലയ്ക്കാണ് ഗുണം ചെയ്യുക.

Comments

comments

Categories: Business & Economy