കൊറോണ വൈറസ്: എണ്ണവിപണിയില്‍ കാര്യമായ പ്രത്യാഘാതമുണ്ടാകില്ലെന്ന് സൗദി അറേബ്യ

കൊറോണ വൈറസ്: എണ്ണവിപണിയില്‍ കാര്യമായ പ്രത്യാഘാതമുണ്ടാകില്ലെന്ന് സൗദി അറേബ്യ
  • എണ്ണയുടെ ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്
  • നിലവില്‍ രോഗബാധ എണ്ണ ഉപഭോഗത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജമന്ത്രി

റിയാദ്: ലോകം മുഴുവന്‍ ഭീതി വിതച്ച് ചൈനയിലെ കൊറോണ വൈറസ് കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കവേ, എണ്ണവിപണിയും ആശങ്കയില്‍. കൊറോണ വൈറസ് ബാധ എണ്ണയുടെ ആവശ്യകതയില്‍ കുറവുണ്ടാക്കിയേക്കുമെന്ന ആശങ്കയില്‍ എണ്ണവില ഇടിഞ്ഞു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ രോഗം വിപണിയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ അറിയിച്ചു.

രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടുകയും രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ചൈന പുതുവത്സര അവധി നീട്ടുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും ഓയില്‍ ഫ്യൂച്ചേഴ്‌സിന് 3 ശതമാനത്തിലധികം വില ഇടിഞ്ഞിരുന്നു. രോഗം ആഗോള എണ്ണ ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നിലവില്‍ പ്രതിസന്ധി എണ്ണ ഉപഭോഗത്തില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് കരുതുന്നതെന്ന് സൗദി അറേബ്യ പ്രതികരിച്ചു.

പശ്ചിമേഷ്യയില്‍ അമേരിക്ക-ഇറാന്‍ പ്രശ്‌നങ്ങള്‍ ഏറെക്കുറെ കെട്ടടങ്ങിയപ്പോഴാണ് എണ്ണവിപണിക്ക് പുതിയ തലവേദനയായി ചൈനയിലെ പകര്‍ച്ചവ്യാധി ഉയര്‍ന്നുവന്നിരിക്കുന്നത്. വിപണിയില്‍ എണ്ണ സുലഭമായി ഒഴുകുന്നതും മറ്റൊരു വെല്ലുവിളികളിയാണ്. എണ്ണവിലയില്‍ സ്ഥിരത കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉല്‍പ്പാദന നിയന്ത്രണം നടത്തുന്നുണ്ടെങ്കിലും വിതരണത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍ അതുകൊണ്ട് സാധിച്ചിട്ടില്ല. വൈറസ് ബാധയെ തുടര്‍ന്ന് യാത്രാവിലക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ എണ്ണയുടെ ഉപഭോഗം ഇനിയും കുറഞ്ഞേക്കുമെന്ന ഭയത്തില്‍ നിക്ഷേപകര്‍ എണ്ണയെ കയ്യൊഴിയുന്ന അവസ്ഥയും നിലവിലുണ്ട്. ഒരുപക്ഷേ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ഇടിവായിരിക്കും വൈറസ ബാധയുടെ പശ്ചാത്തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഉണ്ടാകുകയെന്ന് പ്രൈസ് ഫ്യൂച്ചേഴ്‌സ് ഗ്രൂപ്പിലെ അനലിസ്റ്റായ ഫില്‍ ഫ്‌ളൈന്‍ പറയുന്നു. ലണ്ടന്‍ ആസ്ഥാനമായ ഐസിഇ ഫ്യൂച്ചേഴ്‌സ് യൂറോപ്പ് വിപണിയില്‍ ബ്രെന്റ് ഫ്യൂച്ചേഴ്‌സിന് ഇന്നലെ 2.01 ഡോളറിന്റെ ഇടിവുണ്ടായി വില ബാരലിന് 58.68 ഡോളറായി താഴ്ന്നു. വെസ്റ്റ് ടെക്‌സാസ് ഇന്റെര്‍മീഡിയേറ്റിന് 2.04 ഡോളര്‍ വരെ വിലയിടിഞ്ഞ് ബാരലിന് 52.15 ഡോളറായി.

കൊറോണ വൈറസ് ചൈനീസ് സമ്പദ് വ്യവസ്ഥയിലും എണ്ണവിപണിയിലും ഉണ്ടാക്കുന്ന ആഘാതങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് സൗദി ഊര്‍ജമന്ത്രി അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. 2003ല്‍ സാര്‍സ് രോഗം ലോകത്തെ ആശങ്കയിലാഴ്ത്തിയപ്പോഴും എണ്ണവിപണിയെ അത് ഗുരുതരമായി ബാധിക്കുമെന്ന വിലയിരുത്തലുകള്‍ വന്നിരുന്നതായി മന്ത്രി പറഞ്ഞു. എന്നാല്‍ എണ്ണയുടെ ഉപഭോഗത്തില്‍ പ്രവചിക്കപ്പെട്ടതു പോലെ കുറവുണ്ടാക്കാന്‍ അവയ്ക്കായില്ല. ഇപ്പോള്‍ വിപണിയില്‍ കാണുന്ന ഇടിവിന് കാരണം മനശാസ്ത്രപരമായ ഘടകങ്ങളും വിപണിയിലെ ചില ആളുകളുടെ തീര്‍ത്തും നിഷേധാത്മകമായ ചിന്തകളാണെന്നും അബ്ദുള്‍അസീസ് കുറ്റപ്പെടുത്തി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യകത ഒരു ദിവസം 260,000 ബാരലായി ഇടിയുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം. ബാരലിന് മൂന്ന് ഡോളറോളം വില കുറയുമെന്നും അവര്‍ പറയുന്നു. 2003ല്‍ സാര്‍സ് പടര്‍ന്നുപിടിച്ചപ്പോഴുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനങ്ങള്‍. വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ഇതുവരെ എണ്‍പതിലധികം പേരാണ് മരണപ്പെട്ടത്. 2,700ലധികം ആളുകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് പുതുവത്സര അവധി അധികൃതര്‍ ജനുവരി 30ല്‍ നിന്നും ഫെബ്രുവരി 2ലേക്ക് നീട്ടി.

Comments

comments

Categories: Arabia