പശ്ചിമേഷ്യന്‍ സമാധാന പദ്ധതി അടുത്ത ആഴ്ച അവതരിപ്പിക്കുമെന്ന് ട്രംപ്

പശ്ചിമേഷ്യന്‍ സമാധാന പദ്ധതി അടുത്ത ആഴ്ച അവതരിപ്പിക്കുമെന്ന് ട്രംപ്

അടുത്ത ആഴ്ച നിശ്ചയിച്ചിരിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി പദ്ധതി അവതരിപ്പിക്കും

വാഷിംഗ്ടണ്‍: ദീര്‍ഘകാലമായി ലോകം കാത്തിരിക്കുന്ന പശ്ചിമേഷ്യന്‍ സമാധാന പദ്ധതി (മിഡില്‍ഈസറ്റ് പീസ് പ്ലാന്‍) അടുത്ത ആഴ്ച അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വരുന്ന ആഴ്ച വാഷിംഗ്ടണില്‍ വെച്ച് നടക്കാനിരിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് പലസ്തീന്‍- ഇസ്രയേല്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഉള്‍ക്കൊള്ളുന്ന നൂറ്റാണ്ടിന്റെ പദ്ധതിയെന്ന വിശേഷണത്തോടെയുള്ള പദ്ധതിയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

വളരെ പ്രായോഗികമായ മികച്ച പദ്ധതിയാണതെന്ന് ഫ്‌ളോറിഡയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ യാത്ര ചെയ്യവേ ട്രംപ് പറഞ്ഞു. ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജറാദ് കുഷ്‌നറിന്റെ നേതൃത്വത്തില്‍ 2017 മുതല്‍ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിക്കായി അമേരിക്ക ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും പലതവണ അതിന്റെ അവതരണം മാറ്റിവെക്കുകയായിരുന്നു.

നെതന്യാഹുവുമായുള്ള ചര്‍ച്ചയ്ക്ക് ക്ഷണം ലഭിക്കാത്ത പലസ്തീന്‍ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി പോലെ അമേരിക്ക മുന്‍കൈ എടുത്ത് നടത്തുന്ന സമാധാനചര്‍ച്ചയെയും തള്ളിക്കളഞ്ഞിട്ടുണ്ട്. ട്രംപ് ഭരണകൂടം ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചത് മുതല്‍ അമേരിക്ക നടത്തുന്ന ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് പലസ്തീന്‍.

പദ്ധതിയുടെ സാമ്പത്തിക വശം ജൂണില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. പലസ്തീന്‍ അധീനതയിലുള്ള മേഖലകളിലും അടുത്തുള്ള അറബ് രാഷ്ട്രങ്ങള്‍ക്കും പത്ത് വര്‍ഷങ്ങളിലായി 50 ബില്യണ്‍ ഡോളറിന്റെ അന്താരാഷ്ട്ര നിക്ഷേപം ലഭ്യമാക്കുമെന്നാണ് അതിന്റെ കാതല്‍.

നെതന്യാഹുവും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ എതിരാളിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്റ്‌സും മാര്‍ച്ചില്‍ വൈറ്റ് ഹൗസില്‍ എത്തുന്നതില്‍ ട്രംപ് സന്തോഷം അറിയിച്ചു. പലസ്തീനുമായി ചര്‍ച്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് വളരെ ചെറിയ രീതിയിലുള്ള ചര്‍ച്ച മാത്രമാണ് അവരുമായി നടന്നതെന്നും എന്നാല്‍ അധികം വൈകാതെ തന്നെ അവരുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. തുടക്കത്തില്‍ അവര്‍ പ്രതികൂലമായേ പ്രതികരിക്കുകയുള്ളുവെങ്കിലും അവര്‍ക്ക് വളരെ അനുകൂലമായ പദ്ധതിയാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia
Tags: NETANYAHU, Trump