സുസുകി ജിമ്‌നി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും

സുസുകി ജിമ്‌നി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും

എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യം മാരുതി സുസുകി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ന്യൂഡെല്‍ഹി: സുസുകി ജിമ്‌നി എസ്‌യുവി ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. അതേസമയം എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന കാര്യം മാരുതി സുസുകി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 1970 ല്‍ ഉല്‍പ്പാദനം ആരംഭിച്ച സുസുകി ജിമ്‌നി നിലവില്‍ നാലാം തലമുറക്കാരനാണ്. 2018 ജൂലൈ 5 ന് ജപ്പാനിലാണ് നാലാം തലമുറ ജിമ്‌നി ആദ്യം അവതരിപ്പിച്ചത്.

എസ്‌യുവിയുടെ 3 ഡോര്‍ വേരിയന്റ് ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 5 ഡോര്‍ വേരിയന്റ് വികസിപ്പിക്കുന്നതിന് ചെലവ് ഉയര്‍ന്നതായിരിക്കും. ജാപ്പനീസ് വിപണിയില്‍ വില്‍ക്കുന്ന 3 ഡോര്‍ വേരിയന്റ് വളരെയധികം ഓഫ്-റോഡ് കഴിവുകള്‍ ഉള്ളവനാണ്. ആഭ്യന്തര വില്‍പ്പനയ്ക്കും കയറ്റുമതിക്കുമായി ജപ്പാനിലെ കോസായ് പ്ലാന്റില്‍ മാത്രമാണ് പുതിയ സുസുകി ജിമ്‌നി നിര്‍മിക്കുന്നത്.

മെഴ്‌സേഡസ് ബെന്‍സ് ജി-വാഗണ്‍ എസ്‌യുവിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ സുസുകി ജിമ്‌നിയുടെ ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. നീളം, വീതി, വീല്‍ബേസ് എന്നിവ യഥാക്രമം 3,395 എംഎം, 1,475 എംഎം, 2,250 എംഎം എന്നിങ്ങനെയാണ്. 205 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 102 പിഎസ് കരുത്തും 130 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ജപ്പാനില്‍, 0.7 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനിലും സുസുകി ജിമ്‌നി ലഭിക്കും. ഈ മോട്ടോര്‍ 64 പിഎസ് കരുത്തും 96 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Comments

comments

Categories: Auto