ഷൈലോക്ക് (മലയാളം)

ഷൈലോക്ക് (മലയാളം)

സംവിധാനം: അജയ് വാസുദേവ്
അഭിനേതാക്കള്‍: മമ്മൂട്ടി, മീര, രാജ്കിരണ്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 11 മിനിറ്റ്

ഷൈലോക്ക് എന്നു കേള്‍ക്കുമ്പോള്‍ നമ്മളുടെ മനസിലേക്കു വരുന്ന കഥാപാത്രം വെനീസിലെ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെയാണ്. മെര്‍ച്ചന്റ് ഓഫ് വെനീസ് എന്ന ഷേക്‌സ്പിയര്‍ നാടകത്തിലെ ശക്തനായൊരു വില്ലന്‍ കഥാപാത്രമാണു ഷൈലോക്ക്. നാടകത്തിന്റെ എല്ലാ ഘട്ടങ്ങളിലും വിജയിയാണു ഷൈലോക്ക്. പക്ഷേ സ്വന്തം കുറവുകളാല്‍ പരാജയപ്പെടുന്ന ഒരു ദുരന്ത നായകനായി മാറുന്നുണ്ട് ഷേക്‌സ്പിയറിന്റെ ഷൈലോക്ക്. ഷൈലോക്ക് എന്ന 2020 ലെ ആദ്യ ചിത്രവുമായി മമ്മൂട്ടി എത്തുമ്പോള്‍ പ്രേക്ഷകന്റെ മനസിലേക്ക് എത്തുന്നതും ഇങ്ങനെയൊരു ചോദ്യമാണ്. ഷേക്‌സ്പിയറിന്റെ ഷൈലോക്കുമായി ബന്ധമുണ്ടോ ? ദേവന്‍ അഥവാ ബോസ് എന്നറിയപ്പെടുന്ന കഥാപാത്രങ്ങളിലൂടെ രണ്ട് വ്യത്യസ്ത വശങ്ങള്‍ അവതരിപ്പിക്കുകയാണു ഈ ചിത്രത്തിലൂടെ മമ്മൂട്ടി. പണം കടം വാങ്ങിയവര്‍ക്കു ദേവന്‍ ബോസ് ആണ്. പൊലീസുകാര്‍ക്കു ഷൈലോക്കും.

സിനിമാ നിര്‍മാതാവാണ് പ്രതാപ വര്‍മ (കലാഭവന്‍ ഷാജോണ്‍). ബോസില്‍നിന്നും പണം കടം വാങ്ങിയ പ്രതാപ വര്‍മ, പണം തിരികെ നല്‍കാതെ മുങ്ങി നടക്കുകയാണ്. ബോസ് ഫോണ്‍ വിളിച്ചാലും പ്രതാപ വര്‍മ എടുക്കില്ല. സുഹൃത്തായ പൊലീസ് കമ്മീഷണറുമായി ചേര്‍ന്നു വര്‍മ ബോസിനെ വിരട്ടുന്നുമുണ്ട്. ഇവിടെ ഒരു പോര്‍മുഖം തുറക്കുകയാണ്.

കോമഡിയും, ത്രില്ലറും, പ്രതികാരം തീര്‍ക്കലുമൊക്കെയാണു സിനിമ. മമ്മൂട്ടിയുടെ ഒരു ഒറ്റയാള്‍ പ്രകടനമാണ്. ഗോപി സുന്ദറിന്റെ സംഗീതവും രണദിവയുടെ ഛായാഗ്രഹണവും അനീഷ് അഹമ്മദും ബിബിന്‍ മോഹനും തീര്‍ത്ത പഞ്ച് ഡയലോഗും ചിത്രത്തിന്റെ ആകര്‍ഷണങ്ങളാണ്. തമിഴ് താരം രാജ് കിരണ്‍, മീന എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയ വേഷമാണു കൈകാര്യം ചെയ്തിരിക്കുന്നത്. പൊലീസ് കമ്മീഷണര്‍ ഫെലിക്‌സ് ജോണായി സിദ്ധീഖാണു വേഷമിട്ടിരിക്കുന്നത്.

രാജാധിരാജയ്ക്കും(2014), മാസ്റ്റര്‍പീസിനും(2017) ശേഷം അജയ് വാസുദേവ് -മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണു ഷൈലോക്ക്. ഒരു പക്കാ മാസ് എന്റര്‍ടെയ്‌നറായ ചിത്രം മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ആഘോഷിക്കാന്‍ വക നല്‍കുന്നുണ്ട്. രാജമാണിക്യത്തിനു ശേഷം മമ്മൂട്ടി ഒരു മുഴുനീള കോമഡി ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത ഷൈലോക്കിനുണ്ട്. പോത്ത് കച്ചവടക്കാരന്‍ രാജമാണിക്യത്തില്‍നിന്നും പണമിടപാടുകാരന്‍ ഷൈലോക്കിലെത്തുമ്പോള്‍ മമ്മൂട്ടിയില്‍ കാണാവുന്ന പ്രത്യേകത എന്തെന്നു വച്ചാല്‍ അദ്ദേഹത്തിന്റെ ഊര്‍ജ്ജം ഇന്നും ഈ 68 ാം വയസിലും നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു എന്നതാണ്. തമിഴ് താരം രാജ് കിരണ്‍ മലയാള സിനിമയില്‍ ആദ്യമായി ഷൈലോക്കിലൂടെ എത്തുകയാണ്. ചിത്രത്തില്‍ രാജ് കിരണിന്റേത് ശക്തമായ കഥാപാത്രമാണ്.

Categories: Movies
Tags: Shylock