ആയുര്‍വേദത്തിലൂടെ ചര്‍മപരിരക്ഷ നല്‍കി ‘സേക്രഡ് സോള്‍ട്ട്‌സ്’

ആയുര്‍വേദത്തിലൂടെ ചര്‍മപരിരക്ഷ നല്‍കി ‘സേക്രഡ് സോള്‍ട്ട്‌സ്’

രാസവസ്തുക്കളില്ലാത്തെ ഓര്‍ഗാനിക് ഉല്‍പ്പന്നളാണ് കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ സേക്രഡ് സോള്‍ട്ട്‌സിനെ ആളുകള്‍ക്കിടയില്‍ ശ്രദ്ധേയമാക്കുന്നത്

ഭാവിയില്‍ ആയുര്‍വേദത്തിനും ഓര്‍ഗാനിക് വിപണിക്കും ഉണ്ടായേക്കാവുന്ന ആവശ്യകത മുന്നില്‍ കണ്ടാണ് ഛവി സിംഗ് ഒരു ചര്‍മ സംരക്ഷണ ബ്രാന്‍ഡിന് തുടക്കമിട്ടത്. രാസവസ്തുക്കളില്ലാത്തെ ഓര്‍ഗാനിക് ഉല്‍പ്പന്നളാണ് കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ സേക്രഡ് സോള്‍ട്ട്‌സിനെ ആളുകള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത്.

ഗുരുഗ്രാം ആസ്ഥാനമായാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം. യോഗയ്ക്ക് അന്താരാഷ്ട പ്രശസ്തി ലഭിച്ചതോടെ അതിന്റെ അനുബന്ധ സേവനമെന്നു പറയാനാകുന്ന ആയുര്‍വേദത്തിന്റെ പ്രശസ്തി കൂടുതല്‍ ഉയര്‍ന്നിട്ടുണ്ട്. പരമ്പരാഗത കാലം മുതല്‍ക്കേ ചര്‍മ പരിപാലനത്തിനും സൗന്ദര്യ സംരക്ഷണത്തിനും ആയുര്‍വേദത്തെ ആശ്രയിക്കുന്നവരാണ് ഏറെപ്പേരും. അടുത്ത കാലത്ത് രാസവസ്തുക്കള്‍ കലര്‍ന്ന സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ച് മിക്കവരും ആയുര്‍വേദത്തില്‍ അഭയം തേടുന്നത് വര്‍ധിച്ചു വരികയാണ്. ആയുര്‍വേദം എക്കാലത്തും വിശ്വാസയോഗ്യമായ ഒന്നാണ്. പാര്‍ശ്വഫലങ്ങളില്ലെന്നതും പ്രകൃതിദത്തമാണെന്നുള്ളതുമാണ് ഈ ചികില്‍സാരീതി, വിശേഷിച്ചും ജീവിതരീതിയെ കണ്ണടച്ചു വിശ്വസിക്കാന്‍ തയാറാകുന്നതിന് കാരണം.

ചര്‍മ സംരക്ഷണം പ്രകൃതിദത്ത ചേരുവകളില്‍

ചര്‍മ പരിപാലനത്തില്‍ കണ്ണില്‍ കണ്ടതെല്ലാം വാരിവലിച്ച് ഉപയോഗിക്കുന്നവര്‍ ഏറെക്കുറെ കുറവാണ്. കാരണം സൗന്ദര്യബോധം വിട്ടുവീഴ്ചകള്‍ക്ക് അതീതമാണെന്നതു തന്നെ. തങ്ങളുടെ ചര്‍മത്തിന് ഇണങ്ങുന്ന ഉല്‍പ്പന്നം വിശ്വാസയോഗ്യമാണെന്ന് ഉറപ്പാക്കി മാത്രമേ ഉപഭോക്താക്കള്‍ വീണ്ടും അവ വാങ്ങാറുള്ളൂ. അതുകൊണ്ടുതന്നെ മികച്ച ഉല്‍പ്പന്നങ്ങള്‍ക്ക് എക്കാലത്തും വിപണിയില്‍ ഡിമാന്‍ഡുണ്ടെന്ന് ഛവി പറയുന്നു.

വസ്ത്ര നിര്‍മാണമേഖലയില്‍ ജോലി ചെയ്തിരുന്ന ഛവി സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്നാഗ്രഹിച്ചാണ് സേക്രഡ് സോള്‍ട്ട്‌സിന് തുടക്കം കുറിച്ചത്. റീട്ടെയ്ല്‍ മേഖലയില്‍ പത്ത് വര്‍ഷത്തെ പരിചയസമ്പത്ത് കൈമുതലാക്കി അവര്‍ ബിസിനസ് രംഗത്തേക്കിറങ്ങി. 2016ല്‍ വീട് അലങ്കരിക്കുന്നതിനും മറ്റുമായുള്ള ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ്, നെസ്റ്റ്‌റൂട്ട്‌സ് ആരംഭിച്ചു. 15 ലക്ഷം രൂപ മൂലധനത്തിലായിരുന്നു ആദ്യ സംരംഭം. എന്നാല്‍ ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ എക്കാലത്തും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്ന ഛവി ഒടുവില്‍ സമാന രംഗത്ത് തന്നെ പുതിയൊരു ബ്രാന്‍ഡ് കൂടി കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചാണ് സേക്രഡ് സോള്‍ട്ട്‌സിലേക്ക് എത്തിയത്. സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്നും അഞ്ച് കോടി രൂപ നിക്ഷേപം സ്വീകരിച്ച് ഛവി സംരംഭത്തിന് തുടക്കം കുറിച്ചു. കുടുംബത്തിലെ തിരക്കുകള്‍ക്കിടയിലും രണ്ട് സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളും മികവുറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ 32 കാരിയായ ഈ യുവ സംരംഭകയ്ക്ക് കഴിയുന്നുണ്ട്. പ്രകൃതിദത്തമായ ചേരുവകള്‍ കോര്‍ത്തിണക്കിയാണ് ഛവി ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. ഗുരുഗ്രാമിലാണ് നിര്‍മാണശാല. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള അസംസ്‌കൃത വസ്തുക്കളെല്ലാം വാങ്ങുന്നത് ഉത്തരാഖണ്ഡില്‍ നിന്നാണ്.

ഓര്‍ഗാനിക് വിപണിക്ക് ഡിമാന്‍ഡ് ഏറുന്നു

ചര്‍മ പരിപാലനത്തിനും സൗന്ദര്യ സംരക്ഷണത്തിനുമുള്ള ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ സംരംഭം നിര്‍മിച്ചു വരുന്നത്. സംരംഭം പുറത്തിറക്കുന്ന മില്‍ക്ക് ഫേസ്‌വാഷ്, സ്‌ക്രബ് എന്നിവയ്ക്ക് വിപണിയില്‍ വലിയ തോതില്‍ ഡിമാന്‍ഡ് ഉണ്ട്. ”ഓര്‍ഗാനിക്, വെജന്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ ആവശ്യക്കാരുള്ളത്. ആളുകള്‍ തങ്ങളുടെ ശരീരത്തിന് ദോഷകരമല്ലാത്ത, രാസവസ്തുക്കളില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. അതിനാല്‍ വിപണിയുടെ ബാഹുല്യം കൂടി വരികയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വിപണിയില്‍ മികച്ച വളര്‍ച്ചയുണ്ടാകും. വര്‍ഷംതോറും 13-18 ശതമാനമാണ് മേഖലയിലെ വളര്‍ച്ച”, ഛവി പറയുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഓര്‍ഗാനിക് ചര്‍മ പരിപാലന വിപണി രണ്ട് മടങ്ങ് വളര്‍ച്ച നേടുമെന്നും 2020 ഓടുകൂടി വിപണി മൂല്യം 1000 കോടി കടക്കുമെന്നും മേഖലയിലെ വിവിധ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംരംഭം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 20,000 ഉപഭോക്താക്കളെ നേടിയ കമ്പനിക്ക് വരുമാനം ഒരു കോടി രൂപയിലെത്തിക്കാനും കഴിഞ്ഞതായി ഛവി ചൂണ്ടിക്കാട്ടി. നൈക്ക, ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ആമസോണ്‍ വഴി വെറും ഒരു മാസത്തില്‍ 800 ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായത് കമ്പനിയെ സംബന്ധിച്ച് മികച്ച നേട്ടമാണെന്നും ഛവി ചൂണ്ടിക്കാട്ടുന്നു.

ഭാവി പദ്ധതികള്‍

സംരംഭത്തിലെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ഡോട്ട്‌കോമിലൂടെ ആഗോള പ്ലാറ്റ്‌ഫോമിലേക്ക് എത്തിയത് കഴിഞ്ഞ മാസമാണ്. മികച്ച പ്രകടനം കാഴ്ചവെക്കാനായതുകൊണ്ട് കൂടുതല്‍ ആഗോള തലത്തിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റുഫോമുകളിലേക്ക് ഉല്‍പ്പന്നം എത്തിക്കാനാണ് നീക്കം. കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഫാര്‍മസികളിലും ഉള്‍പ്പെടെ ഓഫ്‌ലൈന്‍ വിപണി സൃഷ്ടിക്കാനും പദ്ധതിയുണ്ട്.

Categories: FK Special, Slider
Tags: Sacred salts