സോറിയാസിസ് ചര്‍മ്മരോഗം; പുരുഷന്മാര്‍ ശ്രദ്ധിക്കുക

സോറിയാസിസ് ചര്‍മ്മരോഗം; പുരുഷന്മാര്‍ ശ്രദ്ധിക്കുക

രോഗം കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലെന്ന് പഠനം

സോറിയാസിസ് രോഗബാധ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരിലെന്ന് ചര്‍മ്മരോഗ വിദഗ്ദര്‍. സ്ത്രീകളേക്കാള്‍ ഇരട്ടിയായി പുരുഷന്മാരിലാണ് സോറിയാസിസ് കാണപ്പെടുന്നത്. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ മൂലമുണ്ടാകുന്ന കോശജ്വലന ത്വക്ക് രോഗമാണ് സോറിയാസിസ്. ഇത് ഇന്ത്യയിലെ 0.44% മുതല്‍ 2.8% വരെ ആളുകളെ ബാധിക്കുന്നു, മിക്കവരിലും മൂന്നാം അല്ലെങ്കില്‍ നാലാം ഘട്ടത്തിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്.

പുരുഷന്മാരിലും സ്ത്രീകളിലും സോറിയാസിസ് ബാധയുണ്ടാകാം. എന്നാല്‍ ഈ അവസ്ഥ സ്ത്രീകളേക്കാള്‍ ഇരട്ടിയായി പുരുഷന്‍മാരില്‍ കാണപ്പെടുന്നു. ഇതിന്റെ കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല, പക്ഷേ രോഗികള്‍ക്ക് ശരിയായ ചികിത്സ ഉടന്‍ ലഭിക്കേണ്ടതുണ്ട്. സോറിയാസിസ് പോലുള്ള ചര്‍മ്മരോഗം ഉണ്ടാകുന്നത് തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത മറ്റ് പല രോഗാവസ്ഥകള്‍ക്കും കാരണമാകുമെന്ന് പല രോഗികളും മനസ്സിലാക്കുന്നില്ല. അതിനാല്‍, ദൃശ്യമായ ചുണങ്ങും പാടുകളും ചികിത്സിക്കുന്നത് വളരെ പ്രധാനമാണ്.ഇത് മറ്റ് രോഗാവസ്ഥാകള്‍ ഉണ്ടാക്കുന്ന അപകടസാധ്യതകള്‍ കുറയ്ക്കും- കൊച്ചി ലിസി ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും ഡെര്‍മറ്റോളജി വിഭാഗം മേധാവിയുമായ ഡോ. സോമന്‍ പീറ്റര്‍ പറയുന്നു.

സോറിയാസിസ് രോഗാവസ്ഥ പുരുഷന്മാരിലും സ്ത്രീകളിലും പ്രകടമാകുന്ന രീതിയില്‍ ചില വ്യത്യാസങ്ങളുണ്ട്. സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാര്‍ക്ക് കടുത്ത സോറിയാസിസ് വരാനുള്ള സാധ്യത കൂടുതലാണ്. പഠനങ്ങള്‍ അനുസരിച്ച്, സ്ത്രീകളേക്കാള്‍ പുരുഷന്മാരില്‍ സോറിയാസിസിന് കാരണമാകുന്നത് ശക്തമായ മാനസിക സമ്മര്‍ദ്ദമാണ്. അതേസമയം മദ്യപാനവും പുരുഷന്മാരില്‍ സോറിയാസിസ് രോഗാവസ്ഥ കൂടുതലായി ഉണ്ടാകാന്‍ കാരണമാകുന്നു. സ്ത്രീകളില്‍ സോറിയാസിസ് രോഗാവസ്ഥ ജീവിത നിലവാരത്തെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലൈംഗികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കും സോറിയാസിസ് കാരണമാകുന്നു.

സോറിയാസിസ് ബാധിച്ചാല്‍ രോഗപ്രതിരോധ കോശങ്ങള്‍ക്ക് വീക്കം സംഭവിക്കുകയും പിന്നീട് ചര്‍മ്മത്തില്‍ ദൃശ്യമാകുന്ന പല ലക്ഷണങ്ങളിലേയ്ക്ക് നീങ്ങുകയും ചെയ്യും. സോറിയാസിസ് ബാധിച്ച രോഗികള്‍ക്ക് ചര്‍മ്മത്തില്‍ കട്ടിയുള്ളതും ചുവപ്പ്, ചൊറിച്ചില്‍, വേദനയുള്ളതുമായ പാടുകള്‍ വികസിക്കപ്പെടും. കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, തലയോട്ടി, പുറം, ജനനേന്ദ്രിയം എന്നിവയിലാണ് ഈ പാടുകള്‍ കൂടുതലായി കാണപ്പെടുന്നത്.

മനുഷ്യ ചര്‍മ്മം ഒന്നിലധികം വ്യത്യസ്ത പാളികളാല്‍ നിര്‍മ്മിതമാണ്. പുതിയ ചര്‍മ്മകോശങ്ങള്‍ ആന്തരിക പാളികളില്‍ ആഴത്തില്‍ വളരുകയും 3 മുതല്‍ 4 ആഴ്ച കൊണ്ട് പക്വത പ്രാപിച്ച് ഉപരിതലത്തിലേക്ക് എത്തുകയും ചെയ്യും.അവ മുകളിലെ ചര്‍മ്മപാളിയായി രൂപപ്പെടുന്നു. പിന്നീട് ഇവ നശിച്ച് പുതിയ ചര്‍മ്മപാളികള്‍ വളരുകയും ചെയ്യും. എന്നാല്‍ സോറിയാസിസ് ബാധിച്ച് കഴിഞ്ഞാല്‍ കാരണങ്ങളില്ലാതെ ഈ സൈക്കിള്‍ സാധാരണഗതിയില്‍ നിന്നും വേഗത്തിലാകും. പഴയ ചര്‍മ്മകോശങ്ങള്‍ പൊഴിയുന്നതിന് മുമ്പ് തന്നെ പുതിയ ചര്‍മ്മപാളികള്‍ 14 ദിവസങ്ങള്‍ കൊണ്ട് ഉപരിതലത്തിലെത്തും. സാധാരണഗതിയില്‍ മൂന്ന് മുതല്‍ നാല് ആഴ്ച വരെ സമയമെടുത്താണ് ഇത് സംഭവിക്കുക. സോറിയാസിസ് ബാധിച്ച പാടുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു.

സോറിയാസിസ് ബാധിച്ച രോഗികള്‍ക്ക് ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്, കൂടാതെ ആതറോസ്‌ക്ലറോസിസ്(രക്തധമനികള്‍ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ), ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.സോറിയാസിസ് രോഗികളില്‍ മൂന്നിലൊന്ന് പേര്‍ക്കും സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ഉണ്ടാകാം. ഇത് കടുത്ത വേദന, പിരിമുറുക്കം, രോഗം ബാധിച്ച സന്ധികളില്‍ പ്രവര്‍ത്തനശേഷി നഷ്ടപ്പെടുക എന്നിവക്ക് കാരണമാകും. രോഗികള്‍ക്ക് ചെങ്കണ്ണ്, കണ്ണിന്റെ മധ്യ കോശങ്ങളിലെ വീക്കം, കണ്‍പോളകളുടെ വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില രോഗികളില്‍ സ്വയം രോഗപ്രതിരോധശേഷി ശക്തിപ്പെടുന്ന ക്രോണ്‍സ് ഡിസീസ് പോലുള്ള രോഗങ്ങളും ഉണ്ടാകാം. ചില രോഗികളില്‍ ആത്മവിശ്വാസം കുറയാനും വിഷാദരോഗം ഉണ്ടാകാനും സാധ്യതയുണ്ട്.

സോറിയാസിസ് ബാധിച്ച രോഗികള്‍ക്ക് അവരുടെ അവസ്ഥ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും മറ്റ് രോഗാവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും.ശാരീരികമായ ഉണര്‍വ്, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുക എന്നിവ പ്രധാനമാണ്.രോഗിക്ക് അനുയോജ്യമായ രീതിയിലും ഇഷ്ടാനുസൃതവുമായ നിരവധി ചികിത്സാ വഴികള്‍ ഡോക്ടര്‍മാരുടെ പക്കലുണ്ട്.രോഗികള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സ പാലിക്കുകയും തുടര്‍നടപടികളുമായി മുന്നോട്ട് പോവുകയും വേണം.

Comments

comments

Categories: Health
Tags: psoriasis