ബിഎസ് 6 പൂര്‍ത്തിയാക്കി പിയാജിയോ

ബിഎസ് 6 പൂര്‍ത്തിയാക്കി പിയാജിയോ

എല്ലാ മോഡലുകളും ബിഎസ് 6 പാലിക്കുന്ന ഇന്ത്യയിലെ ആദ്യ മൂന്നുചക്ര വാഹന നിര്‍മാതാക്കള്‍

ന്യൂഡെല്‍ഹി: മുഴുവന്‍ ചെറു വാണിജ്യ വാഹനങ്ങളും ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചതായി പിയാജിയോ ഇന്ത്യ പ്രഖ്യാപിച്ചു. ഇതോടെ എല്ലാ മോഡലുകളും ബിഎസ് 6 പാലിക്കുന്ന ഇന്ത്യയിലെ ആദ്യ മൂന്നുചക്ര വാഹന നിര്‍മാതാക്കളായി പിയാജിയോ ഇന്ത്യ മാറി. ഇവയില്‍ ഡീസല്‍, സിഎന്‍ജി മോഡലുകള്‍ ഉള്‍പ്പെടുന്നു.

ബിഎസ് 6 പാലിക്കുന്നതോടെ പിയാജിയോയുടെ ഡീസല്‍ മൂന്നുചക്ര വാഹനങ്ങളുടെ വില 45,000 രൂപ വരെ വര്‍ധിച്ചു. സിഎന്‍ജി, എല്‍പിജി വേരിയന്റുകളുടെ വിലയില്‍ 15,000 രൂപ മാത്രമാണ് വര്‍ധന. ബിഎസ് 6 മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തെ തുടങ്ങിയിരുന്നതായി പിയാജിയോ വെഹിക്കിള്‍സ് എംഡി & സിഇഒ ഡീഗോ ഗ്രാഫി പറഞ്ഞു.

ഇതോടൊപ്പം പൂര്‍ണമായും പുതിയ 599 സിസി ‘പവര്‍ മാക്‌സ്’ ഡീസല്‍ എന്‍ജിന്‍ അവതരിപ്പിച്ചു. ഈ മോട്ടോര്‍ 9.39 ബിഎച്ച്പി കരുത്തും 23.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് കൂട്ട്. കൂടുതല്‍ റിഫൈന്‍ ചെയ്ത 230 സിസി, 3 വാല്‍വ്, ഹൈ-ടെക് എന്‍ജിന്‍ നല്‍കി സിഎന്‍ജി മൂന്നുചക്ര വാഹനങ്ങള്‍ പരിഷ്‌കരിച്ചതായും പിയാജിയോ പ്രഖ്യാപിച്ചു.

കൂടാതെ, കാര്‍ഗോ, പാസഞ്ചര്‍ വാഹനങ്ങളില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി. ഡ്രൈവര്‍ക്ക് മെച്ചപ്പെട്ട ഹെഡ്‌റൂം, സ്ഥലസൗകര്യം എന്നിവയോടെ വലിയ കാബിന്‍ സഹിതമാണ് ഇപ്പോള്‍ കാര്‍ഗോ വാഹനങ്ങള്‍ വരുന്നത്. അതേസമയം പാസഞ്ചര്‍ വാഹനങ്ങളില്‍ പുതിയ സുരക്ഷാ ഡോറുകള്‍ നല്‍കി. ‘പവര്‍ മാക്‌സ്’ ഡീസല്‍ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിയും.

Comments

comments

Categories: Auto