മെംഫിസ് മീറ്റ്‌സില്‍ പ്രിന്‍സ് ഖാലിദിന്റെ കെബിഡബ്ല്യൂ വെന്‍ച്വേഴ്‌സ് നിക്ഷേപം നടത്തി

മെംഫിസ് മീറ്റ്‌സില്‍ പ്രിന്‍സ് ഖാലിദിന്റെ കെബിഡബ്ല്യൂ വെന്‍ച്വേഴ്‌സ് നിക്ഷേപം നടത്തി

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സംരംഭകന്‍ ഉമ വലേതിയാണ് മെംഫിസ് മീറ്റ്‌സ് സ്ഥാപകന്‍

റിയാദ്: വീഗന്‍ ജീവിതചര്യയുടെ പ്രചാരകനായ സൗദി വ്യവസായി ഖാലിദ് ബിന്‍ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കെബിഡബ്ല്യൂ വെന്‍ച്വേഴ്‌സ് ഇന്ത്യക്കാരനായ ഉമ വലേതി ആരംഭിച്ച അമേരിക്ക ആസ്ഥാനമായുള്ള കൃത്രിമ ഇറച്ചി (സെല്‍ ബേസ്ഡ് മീറ്റ്) ഉല്‍പ്പന്ന കമ്പനിയായ മെംഫിസ് മീറ്റ്‌സില്‍ നിക്ഷേപം നടത്തി. മെംഫിസ് മീറ്റ്‌സ് കഴിഞ്ഞിടെ നടത്തിയ 161 മില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് സമാഹരണത്തിലാണ് കെബിഡബ്ല്യൂ വെന്‍ചേഴ്‌സും പങ്കാളിയായത്.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെംഫിസ് മീറ്റ്‌സ് ഇറച്ചിക്കായി മൃഗങ്ങളെ കൊല്ലുന്നത് ഒഴിവാക്കിക്കൊണ്ട് മൃഗകോശങ്ങളില്‍ നിന്ന് നേരിട്ടാണ് മാംസം ഉല്‍പ്പാദിപ്പിക്കുന്നത്. മാട്ടിറച്ചി, കോഴിയിറച്ചി, കടല്‍ വിഭവങ്ങള്‍ എന്നിവയാണ് കമ്പനിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മയോക്ലിനിക്കില്‍ പരിശീലനം നേടിയ കാര്‍ഡിയോളജിസ്റ്റായ ഉമ 2015ലാണ് മെംഫിസ് മീറ്റ്‌സ് എന്ന സംരംഭം ആരംഭിക്കുന്നത്. സാധാരണ രീതിയില്‍ മൃഗങ്ങളില്‍ നിന്നുള്ള മാംസത്തെ അപേക്ഷിച്ച് വില വളരെയധികമാണെന്നുള്ളതാണ് ലാബില്‍ കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്ന മാംസം വിപണിയില്‍ എത്തിക്കുന്നതിലെ പ്രധാന വെല്ലുവിളി. എന്നാല്‍ പുതിയ നിക്ഷേപ സമാഹരണത്തിലൂടെ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് എത്താന്‍ മെംഫിസ് മീറ്റ്‌സിന് സാധിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല പുതിയ നിക്ഷേപങ്ങളുടെ സഹായത്തോടെ നിര്‍മാണ ഫാക്ടറി ആരംഭിക്കാനും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും മെംഫിസിന് പദ്ധതിയുണ്ട്. വിവിധ നിക്ഷേപ സമാഹരണങ്ങളിലൂടെ ഇതുവരെ 180 മില്യണ്‍ ഡോളറാണ് കമ്പനി സമാഹരിച്ചിട്ടുള്ളത്.

സസ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളിലും മൃഗകോശങ്ങളില്‍ നിന്ന് മാംസം നിര്‍മിക്കുന്ന കമ്പനികളിലും ഇതിന് മുമ്പും കെബിഡബ്ല്യൂ വെന്‍ച്വേഴ്‌സ് നിക്ഷേപം നടത്തിയിട്ടുണ്ട്. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള ബിയോണ്‍ഡ് മീറ്റ്, മക്‌ഡൊണാള്‍ഡ്‌സിന്റെ വീഗന്‍ പതിപ്പെന്ന വിശേഷണമുള്ള സാന്‍ഡിയാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റ് പവര്‍ ഫാസ്റ്റ്ഫുഡ് എന്നിവയാണവ. ഇവ കൂടാതെ വീഗന്‍ ജീവിതചര്യയുടെ പ്രചാരണാര്‍ത്ഥം സസ്യാധിഷ്ഠിത ഭക്ഷണ മെനുവായ ‘ഫോളിയ’ അവതരിപ്പിക്കുന്നതിനായി അമേരിക്കന്‍ ഷെഫായ മാത്യൂ കെന്നിയുമായും കെബിഡബ്ല്യൂ വെന്‍ച്വേഴ്‌സ് സഹകരണം ആരംഭിച്ചിരുന്നു.

സിരീസ് ബി ഫണ്ടിംഗ് റൗണ്ടില്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, നോര്‍വെസ്റ്റ്, ടെമസെക് എന്നീ കമ്പനികളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം ഉണ്ടായത്. റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ബില്‍ഗേറ്റ്‌സ്, ത്രെഷോള്‍ഡ് വെന്‍ച്വേഴ്‌സ്, കാര്‍ഗില്‍, തൈസണ്‍ ഫുഡ്‌സ്, ഫിനിസ്ട്രീ, ഫ്യൂച്ചര്‍ വെന്‍ച്വേഴ്‌സ്, കിംബല്‍ മസ്‌ക്, ഫിഫ്റ്റി ഇയേഴ്‌സ്, സിപിടി കാപ്പിറ്റല്‍, വുള്‍കന്‍ കാപ്പിറ്റല്‍ എന്നീ കമ്പനികളും നിക്ഷേപം നടത്തി.

Comments

comments

Categories: Arabia

Related Articles