GPS-ന് ബദലാകാന്‍ ഐഎസ്ആര്‍ഒയുടെ NavIC ടെക്‌നോളജി

GPS-ന് ബദലാകാന്‍ ഐഎസ്ആര്‍ഒയുടെ NavIC ടെക്‌നോളജി

സാറ്റ്‌ലൈറ്റ് അധിഷ്ഠിത നാവിഗേഷന്‍ സിഗ്നലുകള്‍ നല്‍കുന്ന സംവിധാനം ഇന്ത്യയുടെ ഐഎസ്ആര്‍ഒ വികസിപ്പിരിക്കുകയാണ്. നാവിക് എന്നാണ് സംവിധാനത്തിന്റെ പേര്. അമേരിക്കയുടെ ജിപിഎസും, റഷ്യയുടെ ഗ്ലോനാസുമാണ് ഇപ്പോള്‍ ഇത്തരം നാവിഗേഷന്‍ സിഗ്നലുകള്‍ നല്‍കുന്നത്. ഇതിനോടു കിടപിടിക്കാന്‍ ശക്തിയുള്ളതാണു നാവിക്.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയുടെ നാവിക് ടെക്‌നോളജി (NavIC- NAVigation with Indian Constellation) ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ഉടന്‍ വരികയാണ്. ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തിനു ബദലെന്നു വിശേഷിപ്പിക്കുന്ന ടെക്‌നോളജിയാണു ഐഎസ്ആര്‍ഒയുടെ നാവിക് സാറ്റ്‌ലൈറ്റ് ടെക്‌നോളജി. ഇതാണ് ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ഉടന്‍ അവതരിപ്പിക്കുക. ഇന്ത്യയിലെയും അയല്‍ രാജ്യങ്ങളിലെ പോലും ഉപയോക്താക്കള്‍ക്കും കൃത്യമായ സ്ഥാന വിവര സേവനം (position information service) എത്തിക്കുന്നതാണു നാവിക് സാറ്റ്‌ലൈറ്റ് സാങ്കേതികവിദ്യ. ഐഎസ്ആര്‍ഒയുടെ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സഹായിക്കുന്ന പുതിയ പ്രോസസറുകള്‍ പുറത്തിറക്കുമെന്നു ചിപ്പ്‌സെറ്റ് രംഗത്തെ ഭീമനായ ക്വാല്‍കോം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതാണു നാവിക് സാറ്റ്‌ലൈറ്റ് ടെക്‌നോളജിയെ വാണിജ്യതലത്തില്‍ പ്രയോഗിക്കാന്‍ സഹായിച്ചിരിക്കുന്നത്. നാവിക് സാറ്റ്‌ലൈറ്റ് സാങ്കേതികവിദ്യയുള്ള പ്രോസസറുകള്‍ ക്വാല്‍കോം പുറത്തിറക്കുന്നതോടെ ഭാവിയില്‍ മിഡ് റേഞ്ച്, ബജറ്റ് ഫോണുകളില്‍ പുതിയ ടെക്‌നോളജി പ്രവര്‍ത്തിക്കും. സ്‌നാപ് ഡ്രാഗണ്‍ 720 ജി, 662, 420 എന്നിവയാണു നാവിക് ടെക്‌നോളജി സപ്പോര്‍ട്ട് ചെയ്യുന്ന ക്വാല്‍കോമിന്റെ ചിപ്പ്‌സെറ്റുകള്‍. ക്വാല്‍കോം അമേരിക്കയിലെ സാന്‍ഡിയാഗോ ആസ്ഥാനമായ കമ്പനിയാണ്. നാവിക് ടെക്‌നോളജിയെ പിന്തുണയ്ക്കുന്ന പ്രോസസറുകള്‍ ക്വാല്‍കോം വിജയകരമായി വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തതായി ഐഎസ്ആര്‍ഒ നേരത്തേ അറിയിച്ചിരുന്നു.

നാവിക് ടെക്‌നോളജിയുമായി ആദ്യം വിപണിയിലെത്തുന്ന ഫോണ്‍ ഷവോമിയുടേതായിരിക്കുമെന്നാണു ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. 4ജി സ്പീഡിനൊപ്പം ക്വാല്‍കോമിന്റെ ഈ പുതിയ ചിപ്പ്‌സെറ്റുകള്‍ വൈ-ഫൈ6, ബ്ലൂടൂത്ത് 5.1 എന്നിവയെ സപ്പോര്‍ട്ട് ചെയ്യും. നാവിഗേഷന്‍ അഥവാ ഗതി നിയന്ത്രണം പോലുള്ള പ്രസക്തമായ ഉപയോഗത്തിന് അമേരിക്കയുടെ ജിപിഎസ് സാങ്കേതികവിദ്യയെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ നാവിക് സാങ്കേതികവിദ്യയിലൂടെ ജിപിഎസിനെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ നാവിക് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഗൂഗിള്‍ മാപ്‌സ്, ഉബര്‍ പോലുള്ള ആപ്പുകള്‍ കൂടുതല്‍ കൃത്യമായ ലൊക്കേഷന്‍ വിവര സേവനം നല്‍കുന്നതിനു നാവിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിപിഎസ് അമേരിക്കയാണു വികസിപ്പിച്ചെടുത്തത്. റഷ്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹ ഗതിനിര്‍ണയ സംവിധാനമാണു ഗ്ലോനാസ്. യൂറോപ്പ് വികസിപ്പിച്ചെടുത്ത ഉപഗ്രഹ ഗതിനിര്‍ണയ സംവിധാനമാണു ഗലീലിയോ. ഇന്ത്യയുടെ നാവിക് ഉപഗ്രഹ ഗതിനിര്‍ണയ സംവിധാനം ഏഴ് ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ്. സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിംഗ് സര്‍വീസ് (എസ്പിഎസ്), റെസ്ട്രിക്റ്റഡ് സര്‍വീസ് (Restricted Service) എന്നിങ്ങനെ രണ്ട് തരം സേവനങ്ങളാണ് നാവിക് നല്‍കുന്നത്. എസ്പിഎസ് എല്ലാ യൂസര്‍മാര്‍ക്കും ലഭിക്കും. എന്നാല്‍ റെസ്ട്രിക്റ്റഡ് സര്‍വീസ് അംഗീകൃത യൂസര്‍മാര്‍ക്ക് മാത്രം നല്‍കുന്ന എന്‍ക്രിപ്റ്റഡ് ചെയ്ത സേവനമായിരിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗതിനിര്‍ണയ സംവിധാനമായ നാവിക് സാറ്റ്‌ലൈറ്റ് ടെക്‌നോളജി അമേരിക്കയുടെ ജിപിഎസിനേക്കാളും മറ്റ് രാജ്യങ്ങളുടെ ലൊക്കേഷന്‍ സര്‍വീസുകളെക്കാളും മികച്ചതാണെന്നു കരുതുന്നുണ്ട്. ദുരന്തനിവാരണം, വാഹനം ട്രാക്ക് ചെയ്യല്‍, ഫഌറ്റ് മാനേജ്‌മെന്റ്, കാല്‍നടയാത്രക്കാര്‍ക്കും, മറ്റ് യാത്രക്കാര്‍ക്കും ടെറസ്ട്രിയല്‍ നാവിഗേഷന്‍ അസിസ്റ്റന്റ് പ്രദാനം ചെയ്യല്‍, ഡ്രൈവര്‍മാര്‍ക്ക് വിഷ്വല്‍, വോയ്‌സ് നാവിഗേഷന്‍, ഏരിയല്‍, മറൈന്‍ നാവിഗേഷന്‍ എന്നിവയ്ക്കും ഉപയോഗിക്കാം.

എന്താണ് നാവിക് ?

ഐഎസ്ആര്‍ഒയുടെ ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റിന്റെ(ഐആര്‍എന്‍എസ്എസ്) ഓപറേഷണല്‍ നെയിമാണു നാവിക് എന്നത്. നാവിഗേഷനു വേണ്ടി ഇന്ത്യ വികസിപ്പിച്ചെടുത്ത സ്വതന്ത്രവും പ്രാദേശികവുമായ ഒരു ഉപഗ്രഹ സംവിധാനമാണു നാവിക്. ഏഴ് ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് നാവിക് എന്ന ഗതി നിര്‍ണയ സംവിധാനമെന്നു മുന്‍പു സൂചിപ്പിച്ചല്ലോ. ഈ ഏഴ് കൃത്രിമ ഉപഗ്രഹങ്ങളെ 2016 ഏപ്രില്‍ 28-നാണ് ഭ്രമണപഥത്തില്‍ പിഎസ്എല്‍വി എത്തിച്ചത്. ഇന്ന് ദക്ഷിണേഷ്യയില്‍ രണ്ട് സംവിധാനങ്ങള്‍ മാത്രമാണു സാറ്റ്‌ലൈറ്റ് അധിഷ്ഠിത നാവിഗേഷന്‍ സിഗ്നലുകള്‍ നല്‍കുന്നത്. അത് അമേരിക്കയുടെ ജിപിഎസും, റഷ്യയുടെ ഗ്ലോനാസുമാണ്. ടെറസ്ട്രിയല്‍ (കര), ഏരിയല്‍ (ആകാശം), മറൈന്‍(സമുദ്രം) നാവിഗേഷന്‍ എന്നിവയില്‍ ജിപിഎസ് സാങ്കേതികവിദ്യ സജ്ജമാക്കുന്നതിനു വേണ്ടിയാണു ഐഎസ്ആര്‍ഒ നാവിക് ടെക്‌നോളജി വികസിപ്പിച്ചെടുത്തത്. ഇതിനു പുറമേ ദുരന്തനിവാരണ മാനേജ്‌മെന്റിലും, വെഹിക്കിള്‍ ട്രാക്കിംഗിലുമൊക്കെ ഈ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടും. കാര്‍ഗില്‍ യുദ്ധ സമയത്താണു നാവിഗേഷന്‍ സിഗ്നലുകളുടെ പ്രാധാന്യം ഇന്ത്യ ആദ്യം മനസിലാക്കിയത്. കാരണം അന്ന് അമേരിക്കയുടെ ജിപിഎസിനെയായിരുന്നു ആശ്രയിച്ചിരുന്നത്. പക്ഷേ, കാര്‍ഗില്‍ യുദ്ധ സമയത്ത് ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ ഇന്ത്യയ്ക്കു പരിമിതികളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണു നാവിഗേഷന്‍ സിഗ്നനല്‍ സംവിധാനം വികസിപ്പിക്കാന്‍ തീരുമാനിച്ചതും. നാവിക് പദ്ധതിക്കു പുറമേ 2020-ലെ ഐഎസ്ആര്‍ഒയുടെ പ്രതീക്ഷയേകുന്ന പദ്ധതികളാണു ഗഗന്‍യാന്‍, ചന്ദ്രയാന്‍ 3, എസ്എസ്എല്‍വി, ജിഎസ്എല്‍വി, ജിസാറ്റ്-20 സാറ്റ്‌ലൈറ്റ്, എക്‌സ്‌പോസാറ്റ്. ഇന്ത്യയുടെ കന്നി മനുഷ്യ ബഹിരാകാശയാത്രയായ ഗഗന്‍യാന്‍ ദൗത്യത്തിനായി റഷ്യയില്‍ പരിശീലനം നേടുന്നതിനു നാല് വ്യോമസേന ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തിരുന്നെന്നു സമീപദിവസം ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 നായി ഐഎസ്ആര്‍ഒയ്ക്ക് 600 കോടി രൂപ അനുവദിച്ചിരുന്നു. ഒരു ലാന്‍ഡറും ഒരു റോവറും മാത്രം ഉള്‍ക്കൊള്ളുന്ന ഈ ദൗത്യത്തിനായി സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

ജിപിഎസ്

അമേരിക്ക വികസിപ്പിച്ചെടുത്ത സാറ്റ്‌ലൈറ്റ് അധിഷ്ഠിത നാവിഗേഷന്‍ സംവിധാനമാണ് ജിപിഎസ് എന്ന ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം. ഇതിന്റെ ശരിക്കുമുള്ള പേര് നാവ്സ്റ്റാര്‍ ജിപിഎസ് ( NAVSTAR GPS) എന്നാണ്. ജിപിഎസ് പ്രവര്‍ത്തിപ്പിക്കുന്നത് യുഎസ് എയര്‍ഫോഴ്‌സാണ്. ഭൂമിയില്‍ എവിടെ നിന്നുകൊണ്ടും ഏതു സമയത്തും ഏതു കാലാവസ്ഥയിലും സ്ഥാനവും സമയവും പ്രദാനം ചെയ്യുന്ന ജോലിയാണു ജിപിഎസിന്റേത്.

Comments

comments

Categories: Top Stories