നേട്ടമാക്കാന്‍ ഇന്ത്യന്‍ ഭക്ഷ്യ എണ്ണ കമ്പനികള്‍

നേട്ടമാക്കാന്‍ ഇന്ത്യന്‍ ഭക്ഷ്യ എണ്ണ കമ്പനികള്‍
  • മലേഷ്യന്‍ പാം ഓയില്‍ നിരോധനം ഇന്ത്യന്‍ കമ്പനികള്‍ക്ക് പുതിയ ഉണര്‍വ് പകരും
  • നേട്ടം അദാനി, ഇമാമി, പതഞ്ജലി, അഗ്രോടെക്ക്, കാര്‍ഗില്‍, ഗോകുല്‍ കമ്പനികള്‍ക്ക്

ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും വലിയ പാം ഓയില്‍ ഇറക്കുമതി രാജ്യമായ ഇന്ത്യ, മലേഷ്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച പാം ഓയില്‍ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് രാജ്യത്തെ ഭക്ഷ്യ എണ്ണ ഉല്‍പ്പാദക കമ്പനികള്‍ക്ക് അപ്രതീക്ഷിത ഉത്തേജനമാകുന്നു. അര ഡസനിലേറെ ഇന്ത്യന്‍ പാം ഓയില്‍ കമ്പനികളാണ് നേട്ടം കൊയ്യാന്‍ രംഗത്തെത്തിയത്. ഭക്ഷ്യ എണ്ണ ഉല്‍പ്പാദന മേഖലയില്‍ മുന്‍നിരയിലുള്ള അദാനി വില്‍മര്‍, ഇമാമി അഗ്രോടെക്ക്, കാര്‍ഗില്‍, ഗോകുല്‍ അഗ്രോ റിസോഴ്‌സസ്, അടുത്തിടെ രുചി സോയയെ ഏറ്റെടുത്ത ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് എന്നിവയ്ക്കാണ് സര്‍ക്കാര്‍ നടപടിയില്‍ നിന്ന് വലിയ നേട്ടമുണ്ടാവുക. ഈ കമ്പനികളെല്ലാം തങ്ങളുടെ ഉല്‍പ്പാദന ശേഷി പൂര്‍ണമായും ഉപയോഗിക്കാനാവാതെ പ്രതിസന്ധി നേരിട്ടു വരികയായിരുന്നു. കശ്മീരും സിഎഎയും അടക്കം വിവിധ വിഷയങ്ങളില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് അവിടെ നിന്നുള്ള പാം ഓയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെച്ചത്.

ഇറക്കുമതി ചെയ്യുന്ന ശുദ്ധീകരിച്ച പാം ഓയിലിന്റെ വില ഇന്ത്യയില്‍ ശുദ്ധീകരിക്കുന്ന ഭക്ഷ്യ എണ്ണകളേക്കാള്‍ ഏറെ കുറവാണ്്. മലേഷ്യയില്‍ നിന്നും മറ്റും കുറഞ്ഞ വിലയ്ക്ക് പാം ഓയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതോടെയാണ് രാജ്യത്തെ കമ്പനികള്‍ കനത്ത നഷ്ടത്തിലായത്. ‘ഈ വ്യവസായം അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ഇറക്കുമതിക്ക് മേല്‍ സര്‍ക്കാര്‍, നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലായിരുന്നില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.’ സോള്‍വെന്റ് എക്‌സ്ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ബി വി മേത്ത പറയുന്നു. മുന്‍ വര്‍ഷം ഭക്ഷ്യ എണ്ണ ഉല്‍പ്പാദന ശേഷിയുടെ 60% പ്രയോജനപ്പെടുത്തിയ ഇന്ത്യന്‍ കമ്പനികള്‍, 2019 ല്‍ 40% മാത്രമാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മലേഷ്യയില്‍ നിന്നുള്ള അസംസ്‌കൃത പാം ഓയില്‍ ഇറക്കുമതിക്ക് മേല്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഇപ്പോള്‍ നിലവിലില്ല. ഇതും ഇന്ത്യന്‍ ഭക്ഷ്യ എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് ഗുണം ചെയ്യും. കഴിഞ്ഞ വര്‍ഷം 2.66 ദശലക്ഷം ടണ്‍ ശുദ്ധീകരിച്ച പാം ഓയിലാണ് ഇന്ത്യ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 2018 ലെ 6,50,000 ടണ്ണില്‍ നിന്നായിരുന്നു ഈ വര്‍ധന. ഇന്ത്യയുടെ ആകെ പ്രതിവര്‍ഷ പാം ഓയില്‍ ഇറക്കുമതി 9.5 ദശലക്ഷം ടണ്ണാണ്. ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഉപഭോഗത്തിന്റെ 45 ശതമാനവും പാം ഓയിലാണ്. ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞ ദശാബ്ദത്തില്‍ പ്രതിവര്‍ഷം 8% വളര്‍ച്ചയാണ് കാണിച്ചത്. ഇതില്‍ 15% ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയാണ്.

നേട്ടമുണ്ടാക്കുന്നവര്‍

ഫോര്‍ച്യൂണ്‍ ബ്രാന്‍ഡില്‍ വിവിധ ഭക്ഷ്യ എണ്ണകള്‍ വിപണിയിലെത്തിക്കുന്ന ഗൗതം അദാനിയുടെ അദാനി വില്‍മറിനാണ് തീരുമാനം ഏറ്റവും ഗുണം ചെയ്യുക. പ്രതിദിനം 16,800 ടണ്‍ ഭക്ഷ്യ എണ്ണ ശുദ്ധീകരിക്കാന്‍ അദാനി വില്‍മറിന് ശേഷിയുണ്ട്. സോയ, സൂര്യകാന്തി, കടുക്, തവിട്, നിലക്കടല, പരുത്തി എണ്ണകളാണ് അദാനി ഗ്രൂപ്പ് ഉല്‍പ്പാദിപ്പിക്കുന്നത്. പാപ്പരത്ത നിയമ പ്രകാരം 4,350 കോടി രൂപയ്ക്ക് രുചി സോയയെ ഏറ്റെടുത്ത തീരുമാനം പിഴച്ചോയെന്ന് സംശയിച്ചിരിക്കുന്ന യോഗാ ഗുരു ബാബ രാംദോവിന്റെ പതഞ്ജലി ആയുര്‍വേദിനും നടപടി ഉണര്‍വേകും. പാം ഓയിലും വനസ്പതിയും ഒഴിച്ച് എല്ലാ എണ്ണകളും ഉല്‍പ്പാദിപ്പിക്കുന്ന അഹമ്മദാബാദ് ആസ്ഥാനമാക്കിയ ഗോകുല്‍ ഗ്രൂപ്പും പുതിയ സംഭവവികാസങ്ങളില്‍ അവേശത്തിലാണ്. ജെമിനി ബ്രാന്‍ഡില്‍ ഭക്ഷ്യ എണ്ണകള്‍ വില്‍ക്കുന്ന കാര്‍ഗില്‍ ഗ്രൂപ്പും സര്‍ക്കാര്‍ തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നു.

Categories: FK News, Slider