ട്രംപിനു വേണ്ടി ഫേസ്ബുക്ക് ഗൂഢാലോചന

ട്രംപിനു വേണ്ടി ഫേസ്ബുക്ക് ഗൂഢാലോചന

ഫേസ്ബുക്കിനും ട്രംപിനും ഇടയില്‍ അനൗദ്യോഗികമായ പരസ്പര സഹായമോ സഹകരണമോ രൂപപ്പെടുന്നുണ്ടെന്ന് ജോര്‍ജ് സോറോസ്

ദാവോസ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കുന്നതിനായി സാമൂഹ മാധ്യമമായ ഫേസ്ബുക്ക് ഗൂഢാലോചന നടത്തുന്നതായി അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ് സോറോസ്. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ വെച്ചാണ് അദ്ദേഹം ഫേസ്ബുക്കിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്. ‘ഫേസ്ബുക്കിനും ട്രംപിനും ഇടയില്‍ അനൗദ്യോഗികമായ പരസ്പര സഹായമോ സഹകരണമോ രൂപപ്പെടുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.’ സോറോസ് പറഞ്ഞു. ‘ഫേസ്ബുക്ക,് ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായി പ്രവര്‍ത്തിക്കുകയും, ട്രംപ് ഫേസ്ബുക്കിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. അങ്ങനെ ഈ സാഹര്യത്തിന് മാറ്റം വരാതെ തുടരും. 2020 (തെരഞ്ഞെടുപ്പിന്റെ) ഫലത്തെക്കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു’ സോറോസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ വാദത്തിന് ബലം പകരുന്ന തെളിവുകളൊന്നും നിരത്താന്‍ സോറോസിനായില്ല. ‘ഇത് തികച്ചും തെറ്റാണ്’ എന്നാണ് സോറോസ് ഉയര്‍ത്തിയ ആരോപണങ്ങളോട് ഫേസ്ബുക്ക് വക്താവ് ആന്‍ഡി സ്റ്റോണ്‍ പ്രതികരിച്ചത്. ഇത് ആദ്യമായല്ല ജോര്‍ജ് സോറോസ് ഫേസ്ബുക്കിനെ വിമര്‍ശിക്കാന്‍ ദാവോസിലെ വാര്‍ഷിക പ്രസംഗത്തെ ഉപയോഗിക്കുന്നത്. 2018 ല്‍, ഉപയോക്താക്കളില്‍ ആസക്തി വളര്‍ത്തുന്ന ചൂതാട്ട കമ്പനിയോട്് ഫേസ്ബുക്കിനെ സോറോസ് ഉപമിച്ചിരുന്നു. 2019 ല്‍ സാങ്കതികവിദ്യാ കമ്പനികളെ നിയന്ത്രിക്കുന്നതിന്റെ ആവശ്യകതയാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്.

Categories: FK News, Slider