ബജാജ്-ട്രയംഫ് സഖ്യ ബൈക്കുകള്‍ 2022 ല്‍ വിപണിയിലെത്തും

ബജാജ്-ട്രയംഫ് സഖ്യ ബൈക്കുകള്‍ 2022 ല്‍ വിപണിയിലെത്തും

ബജാജ് നിര്‍മിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ട്രയംഫ് ബാഡ്ജിലായിരിക്കും വില്‍ക്കുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ഔദ്യോഗികമായി സഖ്യം പ്രഖ്യാപിച്ചു. സഖ്യത്തില്‍ പിറക്കുന്ന ബൈക്കുകള്‍ 2022 ല്‍ വിപണിയിലെത്തും. ബജാജ് നിര്‍മിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ട്രയംഫ് ബാഡ്ജിലായിരിക്കും വില്‍ക്കുന്നത്. സഖ്യത്തിലെ എല്ലാ ബൈക്കുകളും ബജാജിന്റെ മഹാരാഷ്ട്രയിലെ ചാകണ്‍ പ്ലാന്റില്‍ നിര്‍മിക്കും. ട്രയംഫിന്റെ ‘പൈതൃക’ നാമങ്ങളായിരിക്കും ബൈക്കുകള്‍ക്ക് നല്‍കുന്നത്. സഖ്യ ബൈക്കുകള്‍ റെട്രോ ക്രൂസറുകള്‍ ആയിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രൂപകല്‍പ്പന, നിര്‍മാണം എന്നീ കാര്യങ്ങളില്‍ രണ്ട് ബ്രാന്‍ഡുകളും സഹകരിക്കും. ആഗോള വിപണികളില്‍ വില്‍ക്കുന്നതിനും ബജാജ് തന്നെയായിരിക്കും സഖ്യ ബൈക്കുകള്‍ നിര്‍മിക്കുന്നത്. ഇന്ത്യയിലും മറ്റുചില വിപണികളിലും എല്ലാ ശേഷികളിലുമുള്ള ട്രയംഫ് ബൈക്കുകള്‍ ബജാജ് വിതരണം ചെയ്യുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ പോള്‍ സ്‌ട്രോഡ് പറഞ്ഞു. അതേസമയം, ബജാജുമായി നിര്‍മിക്കുന്ന പുതിയ മോഡലുകള്‍ ആഗോള വിപണികളില്‍ വില്‍ക്കുന്നത് ട്രയംഫ് ആയിരിക്കും.

സഖ്യത്തില്‍നിന്ന് പുറത്തുവരുന്ന എന്‍ട്രി ലെവല്‍ ബൈക്കിന് രണ്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും വില തുടങ്ങുന്നതെന്ന് ഇരു ബ്രാന്‍ഡുകളും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 200 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മിക്കവാറും ഈ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 200 സിസി മുതല്‍ 750 സിസി വരെയുള്ള നിരവധി മോഡലുകള്‍ വികസിപ്പിക്കുകയാണ് ഇരു കൂട്ടരുടെയും പദ്ധതി.

സഖ്യത്തില്‍നിന്ന് ഏത് തരത്തിലുള്ള ബൈക്കുകളായിരിക്കും വിപണിയിലെത്തുന്നത് എന്ന കാര്യത്തില്‍ ബജാജ് പ്രതികരിച്ചില്ല. കെടിഎം ഡ്യൂക്ക് മോഡലുകളെ വെല്ലുവിളിക്കുന്നതിന് സ്‌പോര്‍ട്ട് നേക്കഡ് ബൈക്കുകളും റോയല്‍ എന്‍ഫീല്‍ഡ്, ജാവ കമ്പനികള്‍ക്ക് ഭീഷണി ഉയര്‍ത്തി റെട്രോ ക്രൂസറുകളും പുറത്തിറക്കിയേക്കും. കുറഞ്ഞ എന്‍ജിന്‍ ശേഷിയില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനും സാധ്യത കാണുന്നു.

Comments

comments

Categories: Auto