അമേരിക്കന്‍ പ്രോപ്പര്‍ട്ടികളില്‍ പശ്ചിമേഷ്യന്‍ നിക്ഷേപകര്‍ക്ക് താല്‍പ്പര്യമേറുന്നു

അമേരിക്കന്‍ പ്രോപ്പര്‍ട്ടികളില്‍ പശ്ചിമേഷ്യന്‍ നിക്ഷേപകര്‍ക്ക് താല്‍പ്പര്യമേറുന്നു

ഒരു വര്‍ഷത്തിനിടെ അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ഇരട്ടിയായി

ദുബായ്: അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പശ്ചിമേഷ്യന്‍ നിക്ഷേപകര്‍ക്ക് താല്‍പ്പര്യമേറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമേരിക്കയില്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ ഇരട്ടിയായെന്നാണ് നൈറ്റ് ഫ്രാങ്ക് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ട്. സ്വത്ത് പരിപാലനത്തിനായി അന്താരാഷ്ട്ര നിക്ഷേപങ്ങളില്‍ ആകൃഷ്ടരാകുന്ന പശ്ചിമേഷ്യന്‍ കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം ആഗോളതലത്തിലുള്ള ക്രോസ്സ് ബോര്‍ഡര്‍ പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളില്‍ 15.4 ശതമാനം പശ്ചിമേഷ്യന്‍ നിക്ഷേപകരില്‍ നിന്നുള്ളതാണ്. മുന്‍വര്‍ഷം ഇത് 7.2 ശതമാനമായിരുന്നു.

അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പശ്ചിമേഷ്യന്‍ നിക്ഷേപകര്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളതെന്ന് നൈറ്റ് ഫ്രാങ്കിന്റെ ആഗോള മേധാവി ലിയാം ബെയ്‌ലി പറഞ്ഞു. പാര്‍പ്പിടങ്ങളില്‍ മാത്രമല്ല, വാണിജ്യ പ്രോപ്പര്‍ട്ടികള്‍ ഉള്‍പ്പടെ അമേരിക്കയിലെ മൊത്തം റിയല്‍ എസ്റ്റേറ്റ് വിപണിയിലും പശ്ചിമേഷ്യന്‍ നിക്ഷേപകര്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ലോകത്തിലെ അതിസമ്പന്നരായ 42 ശതമാനം ആളുകള്‍ക്ക് വിദേശങ്ങളില്‍ വീടുകള്‍ സ്വന്തമായുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രാന്‍ഡഡ്, നോണ്‍ ബ്രാന്‍ഡഡ് വീടുകള്‍ ഇഷ്ടം പോലെയുള്ള അമേരിക്കയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പ്രോപ്പര്‍ട്ടികളുടെ വിലനിലവാരം കാത്തുസൂക്ഷിക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ന്യൂയോര്‍ക്ക് സിറ്റിയടക്കമുള്ള അമേരിക്കന്‍ നഗരങ്ങളിലാണ് വിദേശ നിക്ഷേപകരില്‍ നിന്നും ഏറ്റവും കൂടുതല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഉണ്ടാകാറ്.

Comments

comments

Categories: Arabia