അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതിക്കായി 130 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഇന്‍വെസ്റ്റ്‌കോര്‍പ്

അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതിക്കായി 130 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഇന്‍വെസ്റ്റ്‌കോര്‍പ്

ബിഎഇ സിസ്റ്റംസ് പെന്‍ഷന്‍സ് ആണ് പദ്ധതിയുടെ ആങ്കര്‍ നിക്ഷേപകര്‍

മനാമ: ബഹ്‌റൈന്‍ ആസ്ഥാനമായുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനി ഇന്‍വെസ്റ്റ്‌കോര്‍പ് ഇന്ത്യയിലെ അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതിക്കായി 130 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ബിഎഇ സിസ്റ്റംസ് പെന്‍ഷന്‍സ് ആങ്കര്‍ നിക്ഷേപകരായുള്ള ഈ പാര്‍പ്പിട പദ്ധതി ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

നഗരവല്‍ക്കരണത്തിന്റെയും ഘടനപരമായ പരിഷ്‌കാരങ്ങളുടെയും പശ്ചാത്തലത്തില്‍ വളര്‍ച്ചയ്ക്ക് ഏറെ അവസരങ്ങളുള്ള വിപണിയാണ് ഇന്ത്യയിലെ അഫോര്‍ഡബിള്‍ ഹൗസിംഗ് മേഖലയെന്ന് ബിഎഇ സിസ്റ്റംസ് പെന്‍ഷനിലെ സ്വകാര്യ വിപണി വിഭാഗം മേധാവി വിക്രം അഗര്‍വാള്‍ പറഞ്ഞു. കുറഞ്ഞ ചിലവിലുള്ള പാര്‍പ്പിടങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടെങ്കിലും ഫണ്ടിംഗ് അപര്യാപ്തത അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതികള്‍ക്ക് വെല്ലുവിളിയാണെന്നും വിക്രം അഭിപ്രായപ്പെട്ടു. അതേസമയം ആഗോള പാര്‍പ്പിട വിപണിയില്‍ ഇപ്പോഴുള്ള മാന്ദ്യവും ഇന്ത്യയില്‍ വിപണി നേരിടുന്ന പണലഭ്യതയിലുള്ള കുറവും പരിഗണിക്കുമ്പോള്‍ പാര്‍പ്പിട പദ്ധതികള്‍ക്ക് ഫണ്ടിംഗ് ലഭ്യമാക്കാനുള്ള മികച്ച അവസരമാണ് ഇന്‍വെസ്റ്റ്‌കോര്‍പ്പിന് ഇപ്പോഴുള്ളതെന്ന് ഇന്‍വെസ്റ്റ്‌കോര്‍പ്പ് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് വിഭാഗം മേധാവി റിതേഷ് വോറ പറഞ്ഞു.

ഇന്ത്യയില്‍ പേരെടുത്ത നിര്‍മാതാക്കളുടെ ഇടത്തരം, അഫോര്‍ഡബിള്‍ പാര്‍പ്പിട പദ്ധതികളില്‍ ഇന്‍വെസ്റ്റ്‌കോര്‍പ് നടത്തുന്ന ഏറ്റവും ഒടുവിലത്തെ നിക്ഷേപമാണിത്. രാജ്യത്തെ ഒന്നാം നിരയിലുള്ള നഗരങ്ങളിലെ 27ഓളം പാര്‍പ്പിട പദ്ധതികളിലായി ഇതുവരെ 200 മില്യണ്‍ ഡോളറോളം ഇന്‍വെസ്റ്റ്‌കോര്‍പ് നിക്ഷേപം നടത്തിയിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ കൂടാതെ ഇന്ത്യയിലെ ഇടത്തരം പ്രൈവറ്റ് ഇക്വിറ്റി മേഖലയിലും ഇന്‍വെസ്റ്റ്‌കോര്‍പ് സജീവമാണ്. ഈ മേഖലയില്‍ സോളോ സ്‌റ്റെയ്‌സ്, സിറ്റികാര്‍ട്ട്, ഇന്റെര്‍ഗ്രോ ബ്രാന്‍ഡ്‌സ്, ബിവാക്കൂഫ്, നെഫ്രോപ്ലസ് തുടങ്ങിയ അഞ്ചോളം കമ്പനികളിലായി കഴിഞ്ഞവര്‍ഷം ഇന്‍വെസ്റ്റ്‌കോര്‍പ് നിക്ഷേപം നടത്തിയിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: invest corp