2000 സൗജന്യ മുച്ചിറി, മുച്ചുണ്ട് ശസ്ത്രക്രിയകള്‍

2000 സൗജന്യ മുച്ചിറി, മുച്ചുണ്ട് ശസ്ത്രക്രിയകള്‍

സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായി 2000 സൗജന്യ മുച്ചിറി, മുച്ചുണ്ട് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍. ഗ്രാമീണ മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ശസ്ത്രിക്രിയ

മിഷന്‍ സ്‌മൈലുമായി സഹകരിച്ച് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ സ്‌മൈല്‍ പ്ലീസ് പദ്ധതിയുടെ ഭാഗമായി വഡോദരയില്‍ 2000 മുച്ചുണ്ട്, മുച്ചിറി നിവാരണ സര്‍ജറികള്‍ സംഘടിപ്പിച്ചു. രാജ്യത്തെമ്പാടും ആയി സൗജന്യമായി നടത്തുന്ന സമഗ്ര മുച്ചുണ്ട്, മുച്ചിറി നിവാരണ സര്‍ജറി ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തീര്‍ത്തും സൗജന്യമായാണ് കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിയത്. മുറിച്ചുണ്ടും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളും പൂര്‍ണമായും പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്

മുച്ചുണ്ടും, മുച്ചിറിയും വെറും സൗന്ദര്യപ്രശ്‌നം മാത്രമല്ല മറിച്ച് അത് ജീവനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നം കൂടിയാണ്. ഈ വൈകല്യം ഉള്ള ഭൂരിഭാഗം പേര്‍ക്കും അത് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. പക്ഷേ മതിയായ അവബോധത്തിന്റെ അഭാവവും സാമ്പത്തിക ശേഷിയും മെഡിക്കല്‍ സൗകര്യവും ഇല്ലാത്തതും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കൃത്യമായ ശസ്ത്രക്രിയ ലഭിക്കുന്നതിന് തടസ്സമാകുന്നു. ഈ പ്രശ്‌നത്തിന്റെ ആഴം മനസിലാക്കി മിഷന്‍ സ്‌മൈല്‍ എന്ന സംഘടനയുമായി സഹകരിച്ച് 2014 മുതല്‍ ഇതുവരെ 2000 കുട്ടികള്‍ക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഇതോടൊപ്പംതന്നെ മുച്ചുണ്ട്, മുച്ചിറി എന്നിവയുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും അന്ധവിശ്വാസവും മാറ്റുന്നതിന് വിപുലമായ പ്രചാരണം നടത്തുന്നുണ്ട്-മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.

ഇന്ത്യയില്‍ മുച്ചുണ്ട് ,മുച്ചിറി എന്നിവയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം 30,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ മണിക്കൂറിലും മൂന്ന് കുഞ്ഞുങ്ങള്‍ ഇതേ വൈകല്യവുമായി ജനിക്കുന്നുണ്ട്. 2000 സര്‍ജറികള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. മുന്നോട്ടുപോകുന്നതിന് അത് ഊര്‍ജ്ജം നല്‍കുന്നു. പക്ഷേ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. ഈ വര്‍ഷം ഫെബ്രുവരി 23ാം തീയതി മുതല്‍ ഫെബ്രുവരി 26 വരെ പുതുച്ചേരിയിലും, മാര്‍ച്ച് 21 മുതല്‍ മാര്‍ച്ച് 25 വരെ ഔറംഗബാദിലും സമാനമായ ദൗത്യം സംഘടിപ്പിക്കുന്നുണ്ട്-മുത്തൂറ്റ് പാപ്പച്ചന്‍ സിഎസ്ആര്‍ വിഭാഗം മേധാവി ഡോക്റ്റര്‍ പ്രശാന്ത് കുമാര്‍ നെല്ലിക്കല്‍ പറഞ്ഞു.

മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ 12 സംസ്ഥാനങ്ങളിലായി കൊല്‍ക്കത്ത, ഭുവനേശ്വര്‍ വിശാഖപട്ടണം, വിജയവാഡ, പോണ്ടിച്ചേരി, നാഗര്‍കോവില്‍, കോട്ടയം, ഗുല്‍ബര്‍ഗ, ഗോവ വഡോദര, ജയ്പൂര്‍ എന്നീ പട്ടണങ്ങളില്‍ ഇതുവരെ ശസ്ത്രക്രിയ സംഘടിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി വഡോദരയിലെ ഇഷാ ആശുപത്രിയില്‍ ജനുവരി 19 മുതല്‍ ജനുവരി 23 വരെ അഞ്ച് ദിവസം നീണ്ട ക്യാമ്പ് സംഘടിപ്പിച്ചു. വഡോദര എംപി രഞ്ജന്‍ ബെന്‍ ധനഞ്ജയ് ഭട്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Comments

comments

Categories: Health