രണ്ട് മലയാളികള്‍ നിരീക്ഷണത്തില്‍

രണ്ട് മലയാളികള്‍ നിരീക്ഷണത്തില്‍
  • ചൈനയില്‍ 20 മലയാളികളടക്കം 25 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി
  • ആഗോള മരണസംഖ്യ 26 ല്‍ എത്തി; 830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി: കൊറോണ വൈറസ് ആശങ്ക കേരളത്തിലും. ചൈനയില്‍ നിന്നെത്തിയ രണ്ടു പേരെയാണ് കൊച്ചിയിലും കോട്ടയത്തും നിരീക്ഷണത്തിലാക്കിയത്. പനിയും ചുമയും ശ്വാസതടസവുമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനെ വൈറസ് ബാധ സംശയിച്ച് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാള്‍. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ഏറ്റുമാനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയും കോട്ടയത്ത് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചൈനയില്‍ നിന്ന് മടങ്ങിയെത്തിയതിനാല്‍ നിരീക്ഷണത്തിലാക്കിയതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ചൈനയില്‍ നിന്നു മടങ്ങിയെത്തിയ രണ്ടുപേരും മുംബൈയിലെ കസ്തൂര്‍ബ ഹോസ്പിറ്റലില്‍ കര്‍ശന നീരീക്ഷണത്തിലാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന ജാഗ്രത തുടരുകയാണ്.

20 മലയാളികളടക്കം 25 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ കുടുങ്ങിയിരിക്കുന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തിലാണ് ഇവരുള്ളത്. വുഹാനടക്കം 10 നഗരങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്ര തടഞ്ഞതോടെയാണ് ഇവര്‍ കുടുങ്ങിയത്. ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസി ഇവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യിചാംഗ് നഗരത്തില്‍ കുടുങ്ങിയ 14 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുമിംഗ് വിമാനത്താവളത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. ഒരു ആശുപത്രിയില്‍ പരിശീലനം നേടിവരികയായിരുന്നു ഇവര്‍. അതേസമയം ദുബായില്‍ ജോലി ടെയ്യുന്ന മലയാളി നഴ്‌സിന് കൊറോണ ബാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. മെര്‍സ് വൈറസാണ് ഇവരെ ബാധിച്ചിരിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സ്ഥിതി ഗുരുതരം

ആഗോള തലത്തില്‍ കൊറോണ വൈറസ് ആശങ്കകള്‍ വര്‍ധിക്കുകയാണ്. മരണസംഖം 26 ലേക്കും രോഗം ബാധിച്ചവരുടെ എണ്ണം 830 ലേക്കും ഉയര്‍ന്നു. ചൈനയില്‍ ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം പരിഭ്രാന്തിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും അതിവേഗം പടരുന്ന വൈറസിനുള്ള പ്രതിരോധ വാക്‌സിനുകള്‍ കണ്ടെത്താന്‍ ഒരു വര്‍ഷമെങ്കിലും എടുത്തേക്കുമെന്നാണ് മരുന്ന് കമ്പനികള്‍ വ്യക്തമാക്കുന്നത്. ചെനയ്ക്ക് പുറത്ത് ലോകത്തെ മറ്റ് രാജ്യങ്ങളില്‍ കാര്യമായി ബാധിച്ചിട്ടില്ലാത്തതിനാല്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടെന്നാണ് ലോകാരോഗ്യ സംഘടന തീരുമാനിച്ചിരിക്കുന്നത്. സിംഗപ്പൂര്‍, വിയറ്റ്‌നാം, ജപ്പാന്‍, ഹോങ്കോംഗ്, മക്കാവു, ദക്ഷിണ കൊറിയ, തായ്‌വാന്‍, തായ്‌ലന്‍ഡ്, യുഎസ് എ്‌നിവിടങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Comments

comments

Categories: FK News
Tags: Corona virus