പുതിയ കാലത്തേക്കാകട്ടെ നൈപുണ്യം

പുതിയ കാലത്തേക്കാകട്ടെ നൈപുണ്യം

തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്ന കാലത്ത് ഭാവിയിലെ തൊഴില്‍ നൈപുണ്യത്തെക്കുറിച്ചുള്ള വീക്ഷണവും അനിവാര്യതയാണ്

ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ചെറുകിട, ഇടത്തരം ചില്ലറവില്‍പ്പനക്കാരെ ഇല്ലാതാക്കുമെന്നതാണ് ശതകോടീശ്വര സംരംഭകന്‍ ജെഫ് ബെസോസിനോടുള്ള എതിര്‍പ്പിന് ഒരു കാരണമായി പലരും പറയുന്നത്. ശതകോടീശ്വരപട്ടികയിലെ ഒന്നാമന്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഭരണനേതാക്കള്‍ ആവേശോജ്വല സ്വീകരണം നല്‍കാത്തതിനുള്ള ഒരു കാരണമായി കരുതപ്പെടുന്നതും അതുതന്നെ. തച്ചുതകര്‍ക്കുന്ന നൂതനാത്മക ആശയങ്ങള്‍ അഥവാ ഡിസ്‌റപ്റ്റീവ് സങ്കേതങ്ങള്‍ വ്യവസായത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന ചില പരിണിതഫലങ്ങളുണ്ട്. അത്തരം നൂതനാത്മക ആശയങ്ങളെ തടഞ്ഞുകൊണ്ട് തൊഴിലുകളെ പിടിച്ചുനിര്‍ത്തുകയെന്നെല്ലാം പറയുന്നത് ഭാവിയിലേക്കുള്ള കുതിപ്പിന് കടിഞ്ഞാണിടുന്ന പ്രവൃത്തികൂടിയായിരിക്കും. ലോകം നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ തൊഴില്‍ നിപുണതയില്‍ നവീകരണം കൊണ്ടുവരേണ്ടത് അനിവാര്യതയാണ്. അത് മനസിലാക്കാതെ പോകരുത്.

പ്രമുഖ ഗവേഷണ സ്ഥാപനമായ ഗാര്‍ട്ട്‌നെര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് നോക്കുക. നിലവില്‍ മാനേജര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ 69 ശതമാനവും 2024 ആകുമ്പോള്‍ ചെയ്യുക കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സങ്കേതങ്ങളായിരിക്കുമത്രെ. വിര്‍ച്വല്‍ പെഴ്ഗംന്റ അസിസ്റ്റന്റുകളും ചാറ്റ്്‌ബോട്ടുകളുമെല്ലാമായിരിക്കും മാനേജര്‍മാരുടെ പണി ചെയ്യുക. ഇത്തരം സങ്കേതങ്ങള്‍ അതിവേഗമാണ് തൊഴിലിടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തൊഴില്‍ സംസ്‌കാരത്തില്‍ സമൂലമായ ഒരു അഴിച്ചുപണിക്കാണ് ലോകം വിധേയമായിക്കൊണ്ടിരിക്കുന്നത്. ഈ വസ്തുതകള്‍ തിരിച്ചറിയാതെയുള്ള പരിഷ്‌കരണങ്ങളത്രയും നമ്മെ നടത്തുക പുറകിലേക്ക് മാത്രമായിരിക്കും.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം(ജിഡിപി) ഉയര്‍ത്തുന്നതില്‍ കൃത്രിമ ബുദ്ധിക്ക് അപാരമായ പങ്കാണ് വഹിക്കാന്‍ സാധിക്കുക. 2035 ആകുമ്പോഴേക്കും ഇന്ത്യയുടെ ജിഡിപിയിലേക്ക് 957 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ കൃത്രിമ ബുദ്ധിക്ക് സാധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതിവര്‍ഷം ജിഡിപി വളര്‍ച്ചാനിരക്കില്‍ 1.35 ശതമാനത്തിന്റെ വര്‍ധന സൃഷ്ടിക്കാനും ഇതിന് കഴിയും. 2030 ആകുമ്പോഴേക്കും ആഗോള സമ്പദ് വ്യവസ്ഥയിലേക്ക് 15.7 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ കൃത്രിമ ബുദ്ധിക്ക് സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

2019 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞതനുസരിച്ച് കൃത്രിമ ബുദ്ധിക്കായി ഒരു ദേശീയ പദ്ധതി വികസിപ്പിക്കാന്‍ നിതി ആയോഗ് തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ സ്ട്രാറ്റജി ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന റിപ്പോര്‍ട്ടും നിതി ആയോഗ് പുറത്തിറക്കിയിരുന്നു. ആരോഗ്യപരിരക്ഷ, കൃഷി, വിദ്യാഭ്യാസം, സ്മാര്‍ട്ട് നഗരങ്ങളും അടിസ്ഥാനസൗകര്യവും, സ്മാര്‍ട്ട് മൊബിലിറ്റി എന്നീ അഞ്ച് മേഖലകളില്‍ കൃത്രിമ ബുദ്ധിക്ക് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലുകളാണ് നിതി ആയോഗ് നടത്തിയത്. കൃത്രിമ ബുദ്ധിയുടെ കാര്യത്തിലും അതിന്റെ വ്യാപനം മൂലം വിവിധ മേഖലകളില്‍ സംഭവിക്കാവുന്ന മാറ്റങ്ങളെ നേരിടുന്ന കാര്യത്തിലും ഇപ്പോള്‍ നമുക്ക് വ്യക്തതയുണ്ടോയെന്നത് സംശയകരമാണ്. കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ എങ്ങനെ നിലവിലെ അവസരങ്ങള്‍ വിപുലപ്പെടുത്താന്‍ ഉപയോഗിക്കാമെന്നതിനെ കുറിച്ച് ആഴത്തിലുള്ള ഗവേഷണങ്ങള്‍ക്ക് സര്‍ക്കാരും സ്വകാര്യ സംരംഭങ്ങളും മുന്‍കൈയെടുക്കേണ്ടതുമുണ്ട്.

Categories: Editorial, Slider