ഷഓമിക്ക് പ്രിയമേറുന്നു, വില്‍പ്പന കൂട്ടാന്‍ വില കുറച്ച് കമ്പനി

ഷഓമിക്ക് പ്രിയമേറുന്നു, വില്‍പ്പന കൂട്ടാന്‍ വില കുറച്ച് കമ്പനി

 ഷഓമി എംഐ എ3ക്ക് 1000 രൂപ കുറഞ്ഞ് 11,999 രൂപയായി

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി നിരയ്ക്ക് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രിയമേറുന്നു. ബജറ്റ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേരില്‍ പ്രിയങ്കരമാകുന്ന ഫോണിന്റെ വില സ്ഥിരമായി കുറച്ചുകൊണ്ട് കമ്പനിയും വില്‍പ്പന കൂട്ടുന്ന തിരക്കിലാണ്. സ്മാര്‍ട്ട്‌ഫോണിന്റെ പ്രീമിയം ലുക്കും പുതുമയേറിയ ഫീച്ചറുകളുമാണ് ജനങ്ങളെ ഇതിലേക്ക് ഏറെ ആകര്‍ഷിക്കുന്നത്. ഷഓമി എംഐ എ3 സീരീസ് സ്മാര്‍ട്ട്‌ഫോണിന്റെ വിലയാണ് കമ്പനി എന്നന്നേക്കുമായി കുറച്ചിരിക്കുന്നത്. ഇതാദ്യമായാണ് എംഐ എ3 സ്മാര്‍ട്ട്‌ഫോണിന് കമ്പനി വില കുറയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എംഐ എ3 പുറത്തിറക്കിയത്. 4ജിബി റാം വേരിയന്റിന് 12999 രൂപയായിരുന്നു വില. ഇപ്പോള്‍ നിരക്ക് കുറച്ചതോടെ 11,999 രൂപയ്ക്ക് ഇനി മുതല്‍ ഫോണ്‍ ലഭ്യമാകും. 6ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വിഭാഗത്തിന് 14,999 രൂപയാണ് വില. എംഐ എ3 സ്മാര്‍ട്ട്‌ഫോണിന് ആയിരം രൂപ കുറച്ചതായി ഷഓമി ഇന്ത്യ മേധാവി മനു കുമാര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഇനി നീല, വെള്ള, ചാരനിറം തുടങ്ങി മൂന്ന് നിറങ്ങളില്‍ ലഭ്യമാകും. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ലഭ്യമാകുന്ന ഫോണിന് 11,999 രൂപയാകും വില. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫഌപ്പ്കാര്‍ട്ട്, എംഐഡോട്ട്‌കോം വഴിയാണ് ലഭിക്കുക.

ആന്‍ഡ്രോയ്ഡ് 9പൈയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍665 എസ്ഒസി, 6.08 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 5 സുരക്ഷ എന്നിവയാണ് മുഖ്യ സവിശേഷതകള്‍. 4ജിബി റാംX6ജിബി സ്‌റ്റോറേജ്, 6ജിബി റാം X 128ജിബി സ്‌റ്റോറേജ് വേരിയന്റുകളില്‍ ലഭിക്കുന്ന ഫോണിന് 32എംപി സെല്‍ഫി കാമറയും 4030 എംഎഎച്ച് ബാറ്ററി ശേഷിയുമാണുള്ളത്.

Comments

comments

Categories: FK News
Tags: Xiaomi