റെയ്ല്‍വേയുടെ പ്ലേറ്റിലേക്ക് മലയാളി വിഭവങ്ങള്‍ തിരിച്ചെത്തി

റെയ്ല്‍വേയുടെ പ്ലേറ്റിലേക്ക് മലയാളി വിഭവങ്ങള്‍ തിരിച്ചെത്തി

സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ല്‍വേ തിരുത്തിയത്

കൊച്ചി: മലയാളി ഭക്ഷണ വിഭവങ്ങളായ അപ്പവും മുട്ടക്കറിയും, പുട്ടും കടലക്കറിയും ഇഡ്ഡലിയും ദോശയും പഴംപൊരിയുമെല്ലാം തുടര്‍ന്നും റെയ്ല്‍വേയുടെ മെനുവില്‍ ലഭ്യമാകും. ഇവയെ മെനുവില്‍ നിന്ന് നീക്കം ചെയ്ത്, പകരം ഉത്തരേന്ത്യന്‍ വിഭവങ്ങളായ കച്ചോരിയും, ചോലെ ബട്ടൂരയും മറ്റും കൊണ്ടുവന്ന നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ല്‍വേ, തീരുമാനം തിരുത്തിയത്.

വിഷയം ഉന്നയിച്ച് എറണാകുളം എംപി ഹൈബി ഈഡന്‍ റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതുകയും ചെയ്തിരുന്നു. മലയാളികള്‍ക്കെതിരെ ഭക്ഷണകാര്യത്തില്‍ റെയ്ല്‍വേ വിവേചനം കാണിക്കുന്നു എന്നാണ് എംപി പരാതിപ്പെട്ടത്. ഇതേ തുടര്‍ന്ന് കേരളീയ പലഹാരങ്ങളായ ഉണ്ണിയപ്പവും, സുഖിയനുമുള്‍പ്പെടെയുള്ളവ കേരളത്തില്‍ ലഭ്യമാക്കുമെന്ന് ഐആര്‍സിറ്റിസി ഉറപ്പ് നല്‍കി.

ഭക്ഷണ വിഭവങ്ങളോടൊപ്പം അവയുടെ വിലയിലുണ്ടായ ക്രമാതീതമായ വര്‍ധനയും എംപി കത്തില്‍ ഉന്നയിച്ചിരുന്നു. ഊണിന്റെ വില 35 രൂപയില്‍ നിന്ന് 75 രൂപയായിം ഉഴുന്ന് വടയുടേത് 8 ല്‍ നിന്ന് 15 രൂപയുമായാണ് ഉയര്‍ത്തിയത്. ഇവയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ലെങ്കിലും അപ്പം, പൊറോട്ട, ചപ്പാത്തി, ഇടിയപ്പം എന്നിവ കടലക്കറി, മുട്ടക്കറി എന്നിവയോടൊപ്പം 50 രൂപയ്ക്ക് ലഭിക്കും. ഉണ്ണിയപ്പം, സുഖിയന്‍, നെയ്യപ്പം എന്നീ പലഹാരങ്ങള്‍ക്കാവട്ടെ 2 എണ്ണത്തിന് 20 രൂപയായിരിക്കും വില.

Categories: FK News