3000 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് അഞ്ചാം ടിഒടി ലേലം ഫെബ്രുവരിയില്‍

3000 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് അഞ്ചാം ടിഒടി ലേലം ഫെബ്രുവരിയില്‍

രണ്ട് ലേലങ്ങളില്‍ നിന്നായി ഇതുവരെ 15000 കോടി രൂപയാണ് സമാഹരിച്ചത്

ന്യൂഡെല്‍ഹി: ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ (ടിഒടി) മോഡലിന് കീഴില്‍ റോഡ് പദ്ധതികളുടെ നടത്തിപ്പിനായുള്ള അഞ്ചാമത്തെ ലേലം ഫെബ്രുവരിയില്‍ നടത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഒരുങ്ങുന്നു. മൊത്തം മൂവായിരം കോടി രൂപയുടെ മൂല്യമുള്ള മൂന്നോ നാലോ റോഡ് പദ്ധതികളെയാണ് അഞ്ചാമത്തെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനു ശേഷം 2-3 മാസങ്ങളുടെ ഇടവേളകളില്‍ രണ്ടോ മൂന്നോ പദ്ധതികളെ ഉള്‍പ്പെടുത്ത് ലേലം സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നും എന്‍എച്ച്എഐ പറയുന്നു.

വരും വര്‍ഷങ്ങളിലും ധനസമാഹരണം നടത്താന്‍ കഴിയുന്ന പദ്ധതികളുടെ ഒരു പട്ടിക സൃഷ്ടിച്ച് നടപടികളുമായി മുന്നോട്ടു പോകുകയാണ്. 80 ഓളം പദ്ധതികള്‍ വിവിധ ടിഒടി പാക്കേജുകള്‍ക്ക് കീഴില്‍ ലേലം ചെയ്യുന്നതിനായി കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ രണ്ട് ഘട്ടങ്ങളിലായി ഇതില്‍ 18 പദ്ധതികളുടെ നടത്തിപ്പ് കൈമാറിയിട്ടുണ്ട്. ദേശീയപാതകളെ ധനസമ്പാദനത്തിനായി ഉപയോഗിക്കുന്നതിനുള്ള ടിഒടി മാതൃക 2016ലാണ് അവതരിപ്പിക്കപ്പെട്ടത്.

ടിഒടി മാതൃകയില്‍, ദീര്‍ഘകാല ടോള്‍ ശേഖരണ അവകാശം സ്വന്തമാക്കുന്നതിനായി നിക്ഷേപകര്‍ ഒറ്റത്തവണ സര്‍ക്കാരിന് പണമടയ്ക്കുന്നു. ലേലത്തിന്റെ അടിസ്ഥാന വില 2,000 കോടി രൂപയായി അതോറിറ്റി ഇപ്പോള്‍കുറച്ചിട്ടുണ്ട്. പാക്കേജിന്റെ കണ്‍സെഷന്‍ കാലാവധി 20 വര്‍ഷമായി ചുരുക്കിയിട്ടുണ്ട്. രണ്ട് ടിഒടി ലേലങ്ങളില്‍ നിന്നായി എന്‍എച്ച്എഐ 15,000 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചിട്ടുള്ളത്.

2018ലെ ആദ്യ ലേലം 9,682 കോടി രൂപയുടെ സമാഹരണമാണ് സാധ്യമാക്കിയത്. രണ്ടാമത്തെ ലേലം അടിസ്ഥാന വിലയിലും താഴെയുള്ള താല്‍പ്പര്യ പത്രങ്ങള്‍ മാത്രം ലഭിച്ചതിനാല്‍ റദ്ദാക്കുകയായുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന മൂന്നാം ലേലത്തില്‍ 5,011 കോടി രൂപ സമാഹരിക്കാനായി.

Comments

comments

Categories: FK News
Tags: NHAI