ടെലികോം കമ്പനികള്‍ സുപ്രീം കോടതി വിധിക്ക് കാക്കുന്നു

ടെലികോം കമ്പനികള്‍ സുപ്രീം കോടതി വിധിക്ക് കാക്കുന്നു

ടെലികോം മന്ത്രാലയം നിര്‍ദേശിച്ച അവസാന തീയതിയായ ഇന്നലെ കുടിശിക തീര്‍പ്പാക്കാന്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും തയാറായില്ല

ന്യൂഡെല്‍ഹി: ക്രമീകരിച്ച മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള കുടിശ്ശിക നല്‍കുന്നതിന് ടെലികോം കമ്പനികള്‍ സുപ്രീം കോടതിയില്‍ നിന്നുള്ള അന്തിമ വിധിക്കായി കാക്കുന്നു. ടെലികോം മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശ പ്രകാരം ഇന്നലെ ആയിരുന്നു കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അവസാന ദിവസം. ക്രമീകരിച്ച മൊത്ത വരുമാനം അഥവാ എജിആര്‍ കണക്കാക്കുന്നതിനുള്ള രീതി സംബന്ധിച്ച സര്‍ക്കാരും കമ്പനികളും തമ്മില്‍ ദീര്‍ഘ കാലമായി നിലനിന്ന തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ട് നേരത്തേ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ കമ്പനികള്‍ നല്‍കിയ ഭേദഗതി ഹര്‍ജികള്‍ കോടതി പരിഗണിക്കുകയാണ്.
ടെലികോം മന്ത്രാലയവുമായി ചര്‍ച്ച നടത്തി തിരിച്ചടവിന് കൂടുതല്‍ കാലയളവും തവണകളും മറ്റ് അനുകൂല വ്യവസ്ഥകളും നേടാന്‍ അവതരമൊരുക്കുന്നതിനായാണ് ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ടാറ്റ ടെലി കമ്മ്യൂണിക്കേഷന്‍സും ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന് ചൊവ്വാഴ്ചയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തില്‍ വിധി വരുന്നതു വരെ കുടിശ്ശികകളുടെ തിരിച്ചടവിന് കാത്തിരിക്കുമെന്നാണ് വോഡഫോണ്‍ ഐഡിയയും എയര്‍ടെലും അറിയിച്ചിട്ടുള്ളത്. സര്‍ക്കാരും അതുവരെ മറ്റു നടപടികളിലേക്ക് നീങ്ങിയേക്കില്ല.

റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ രൂക്ഷമായ നിരക്കു യുദ്ധത്തിലേക്കും പ്രതിസന്ധിയിലേക്കും നീങ്ങിയ ടെലികോം കമ്പനികളെ കൂടുതല്‍ ആഘാതത്തിലേക്ക് നയിക്കുന്നതാണ് എജിആര്‍ കുടിശിക. ക്രമീകൃത വരുമാനം കണക്കാക്കിയപ്പോള്‍ കമ്പനികള്‍ ടെലികോം സേവനങ്ങളില്‍ നിന്നുമുള്ള വരുമാനം മാത്രമാണ് കണക്കാക്കിയതെന്നും മറ്റു ബിസിനസുകളില്‍ നിന്നുള്ള വരുമാനം കൂടി കണക്കിലെടുത്ത് സര്‍ക്കാരിന് അടക്കേണ്ട തുക കണക്കാക്കണമെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. 14 വര്‍ഷത്തോളം നീണ്ട തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ 24നാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

2016ല്‍ മാത്രം വിപണിയില്‍ എത്തിയ ജിയോയെ സംബന്ധിച്ചിടത്തോളം 60 കോടി രൂപ മാത്രമാണ് ഈയിനത്തില്‍ അടക്കേണ്ടതായി വന്നത്. അതിനാല്‍ തര്‍ക്കങ്ങളില്ലാതെ ഇത് അടയ്ക്കാന്‍ കമ്പനി തയാറായി. എന്നാല്‍ നിലവില്‍ അടച്ചുപൂട്ടല്‍ സാഹചര്യം വരെ നേരിടുന്ന വോഡഫോണ്‍ ഐഡിയക്കാകട്ടെ 50,000 കോടി രൂപയോളമാണ് അടക്കേണ്ടി വരിക. 35,586 കോടി രൂപ എയര്‍ടെലിന് അടയ്ക്കണം. മൊബീല്‍ സേവന ബിസിനസ് എയര്‍ടെലിന് വിറ്റ ടാറ്റ ടെലിസര്‍വീസസിന് 14,000 കോടി രൂപയാണ് അടയ്ക്കാനുള്ളത്.

നേരത്തേ ഇന്റര്‍കണക്ഷന്‍ ചാര്‍ജ്, കോള്‍ സമയം, നിരക്ക് ക്രമീകരണം എന്നിവയെല്ലാം സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി സ്വീകരിച്ച നടപടികള്‍ ജിയോയ്ക്ക് അനുകൂലമായിരുന്നുവെന്നും തങ്ങള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ പാകത്തിലുള്ളതാണെന്നും മറ്റു കമ്പനികള്‍ ആലോചിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ നിക്ഷേപങ്ങളില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കുന്നത് പരിഗണിക്കേണ്ടി വരുമെന്ന് വോഡഫോണും പ്രഖ്യാപിച്ചിരുന്നു.

അതിനിടെ ടെലികോം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കമ്പനികളില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വിവിധ തുകകള്‍ സമാഹരിക്കുന്നതിന് ഒരു പ്രത്യക ഉദ്ദേശ്യ കമ്പനി രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചില ഇളവുകള്‍ കമ്പനികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയാറായേക്കുമെന്നാണ് സൂചന.

Comments

comments

Categories: FK News