ടാറ്റ ആള്‍ട്രോസ് വിപണിയില്‍

ടാറ്റ ആള്‍ട്രോസ് വിപണിയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 5.29 ലക്ഷം മുതല്‍ 9.29 ലക്ഷം രൂപ വരെ

ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.29 ലക്ഷം മുതല്‍ 9.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. ഇതോടെ ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ടാറ്റ മോട്ടോഴ്‌സ് അരങ്ങേറി. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്ഇസഡ്, എക്‌സ്ഇസഡ് ഓപ്ഷന്‍ എന്നീ അഞ്ച് വേരിയന്റുകളിലും ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, സ്‌കൈലൈന്‍ സില്‍വര്‍, ഡൗണ്‍ടൗണ്‍ റെഡ്, മിഡ്ടൗണ്‍ ഗ്രേ, അവന്യൂ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലും ടാറ്റ ആള്‍ട്രോസ് ലഭിക്കും. ഇഷ്ടാനുസൃതമാക്കുന്നതിന് കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി എല്ലാ വേരിയന്റുകള്‍ക്കും നിരവധി കസ്റ്റമൈസേഷന്‍ പാക്കുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ആല്‍ഫ മോഡുലര്‍ പ്ലാറ്റ്‌ഫോം (എഎംപി) അടിസ്ഥാനമാക്കിയ ആദ്യ മോഡലാണ് ആള്‍ട്രോസ്. ഗ്ലോബല്‍ എന്‍കാപിന്റെ ഇടി പരിശോധനയില്‍ പ്രീമിയം ഹാച്ച്ബാക്ക് 5 സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കിയിരുന്നു.

ബിഎസ് 6 പാലിക്കുന്ന രണ്ട് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് ടാറ്റ ആള്‍ട്രോസ് വരുന്നത്. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 86 എച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-ഡീസല്‍ എന്‍ജിന്‍ 90 എച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പിന്നീട് നല്‍കിയേക്കും. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനും പ്രതീക്ഷിക്കാം.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലവ്‌ബോക്‌സ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം ഓട്ടോമാറ്റിക് പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, ആംബിയന്റ് ലൈറ്റിംഗ്, റിയര്‍ പാര്‍ക്കിംഗ് കാമറ എന്നിവ ടോപ് സ്‌പെക് എക്‌സ്ഇസഡ്(ഒ) വേരിയന്റിലെ ഫീച്ചറുകളാണ്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, മുന്‍, പിന്‍ സീറ്റുകളില്‍ ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ‘ഇംപാക്റ്റ് ഡിസൈന്‍ 2.0’ ഡിസൈന്‍ ഭാഷ പ്രയോഗിച്ച വാഹനമാണ് ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക്. രൂപകല്‍പ്പനയുടെ കാര്യത്തില്‍, 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച 45എക്‌സ് കണ്‍സെപ്റ്റില്‍നിന്ന് മാറ്റങ്ങള്‍ കാണാന്‍ കഴിയില്ല. പ്രീമിയം ഹാച്ച്ബാക്കിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3,990 എംഎം, 1,755 എംഎം, 1,523 എംഎം എന്നിങ്ങനെയാണ്. 2,501 മില്ലി മീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 165 എംഎം. മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവയാണ് എതിരാളികള്‍. അടുത്ത മാസം പകുതിയോടെ ഡെലിവറി ആരംഭിക്കും.

വേരിയന്റ് പെട്രോള്‍ ആള്‍ട്രോസ് ഡീസല്‍ ആള്‍ട്രോസ്

എക്‌സ്ഇ 5.29 ലക്ഷം 6.99 ലക്ഷം

എക്‌സ്എം 6.15 ലക്ഷം 7.75 ലക്ഷം

എക്‌സ്ടി 6.84 ലക്ഷം 8.44 ലക്ഷം

എക്‌സ്ഇസഡ് 7.44 ലക്ഷം 9.04 ലക്ഷം

എക്‌സ്ഇസഡ്(ഒ) 7.69 ലക്ഷം 9.29 ലക്ഷം

Categories: Auto
Tags: Tata Altroz