ഗ്രാമീണ യുവതയ്ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ പോപ്പീസ് ബേബികെയര്‍

ഗ്രാമീണ യുവതയ്ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ പോപ്പീസ് ബേബികെയര്‍
  • സ്വന്തമായി തയ്യല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഇവരെ പ്രാപ്തരാക്കുകയാണ് പോപ്പീസ് ബേബി കെയര്‍ ലക്ഷ്യമിടുന്നത്
  • മെഷീന്‍ മെയിന്റനന്‍സ് മെക്കാനിക്, തയ്യല്‍ മെഷീന്‍ ഓപ്പറേറ്റര്‍, എംബ്രോയിഡറി മെഷീന്‍ ഓപ്പറേറ്റര്‍, സ്റ്റിച്ചിംഗ്, വെയര്‍ഹൗസ് പായ്ക്കര്‍, ഗാര്‍മെന്റ്സ് കട്ടര്‍ എന്നീ മേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്
  • നൈപുണ്യ വികസന പരിശീലനത്തിനൊപ്പം ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും കമ്പ്യൂട്ടര്‍ സാക്ഷരതയും ഉറപ്പ് വരുത്തുന്ന തരത്തിലാണ് കോഴ്സുകള്‍ തയ്യാറാക്കിയിരിക്കുന്നത്

കൊച്ചി: സംസ്ഥാനത്തെ ഗ്രാമീണ യുവതയ്ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കാനുള്ള പദ്ധതിയുമായി പോപ്പീസ് ബേബി കെയര്‍. കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയു-ജികെവൈ) വഴിയാണ് പോപ്പീസ് ബേബി കെയര്‍ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമീണ യുവതയ്ക്ക് തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം നല്‍കുകയും അത് വഴി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വസ്ത്ര നിര്‍മ്മാണം, ഹോം ഫര്‍ണിഷിംഗ് തുടങ്ങിയ മേഖലകളില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനായി മലപ്പുറത്ത് പരിശീലന കേന്ദ്രവും പോപ്പീസ് ബേബി കെയര്‍ ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികളും പരിശീലനത്തിന്റെ ഭാഗമായി പോപ്പീസ് ബേബി കെയര്‍ നടപ്പാക്കുന്നുണ്ട്. സ്വന്തമായി തയ്യല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഇവരെ പ്രാപ്തരാക്കുകയാണ് പോപ്പീസ് ബേബി കെയര്‍ ലക്ഷ്യമിടുന്നത്.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം നൈപുണ്യ വികസന പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ് പറഞ്ഞു. വനിതാ ശാക്തീകരണത്തിലൂടെ അവരെ സ്വാശ്രയ ശീലമുള്ളവരാക്കുകയെന്ന ലക്ഷ്യവും പോപ്പീസിനുണ്ടെന്ന് ഷാജു തോമസ് പറഞ്ഞു. നൈപുണ്യ വികസനത്തിനൊപ്പം ആശയവിനിമയ പാടവവും ഭാഷാ പ്രാവീണ്യവും ഉറപ്പാക്കുന്ന തരത്തിലാണ് പരിശീലനം നല്‍കുക. പദ്ധതിയിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പദ്ധതി നടപ്പാക്കുന്ന ഏജന്‍സി എന്ന നിലയ്ക്ക് പരമാവധി ഗുണഭോക്താക്കളെ സൃഷ്ടിക്കാനും വ്യക്തിത്വ വികസനത്തിനും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാഷന്‍ ഡിസൈനിംഗ്, മെഷീന്‍ ഓപ്പറേഷന്‍ മേഖലകളില്‍ പരിശീലനത്തിനായുള്ള ആദ്യ ബാച്ചിന് ഇതിനകം തുടക്കം കുറിച്ച് കഴിഞ്ഞു.

മെഷീന്‍ മെയിന്റനന്‍സ് മെക്കാനിക്, തയ്യല്‍ മെഷീന്‍ ഓപ്പറേറ്റര്‍, എംബ്രോയിഡറി മെഷീന്‍ ഓപ്പറേറ്റര്‍, സ്റ്റിച്ചിംഗ്, വെയര്‍ഹൗസ് പായ്ക്കര്‍, ഗാര്‍മെന്റ്സ് കട്ടര്‍ എന്നീ മേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്. നൈപുണ്യ വികസന പരിശീലനത്തിനൊപ്പം ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും കമ്പ്യൂട്ടര്‍ സാക്ഷരതയും ഉറപ്പ് വരുത്തുന്ന തരത്തിലാണ് കോഴ്സുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ കോഴ്സിലും പരമാവധി 35 പേര്‍ക്കാണ് പരിശീലനം. സ്‌ക്രീനിംഗ് നടത്തിയായിരിക്കും ഇവരെ തെരഞ്ഞെടുക്കുക. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയായിരിക്കും പരിശീലന കാലയളവ്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പോപ്പീസില്‍ നിയമനം നല്‍കും. ഇവര്‍ക്ക് ഓണ്‍ ജോബ് പരിശീലനവും നല്‍കും. നിയമനത്തിന് ശേഷം ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കും. പരമാവധി ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി പ്രായപരിധിയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കായി താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: FK News