ഐഎംഎഫ് നല്‍കുന്ന മുന്നറിയിപ്പുകള്‍

ഐഎംഎഫ് നല്‍കുന്ന മുന്നറിയിപ്പുകള്‍

ആഗോള സാമ്പത്തികരംഗത്തെ കുറിച്ചും ഇന്ത്യയെകുറിച്ചും കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചുമെല്ലാം ഫണ്ട് മുന്നറിയിപ്പ് നല്‍കുന്നു. അത് ഗൗരവത്തിലെടുക്കേണ്ടതുണ്ട്

ലോകബിസിനസിലെ വമ്പന്മാരും ആഗോള നേതാക്കളും നയരൂപകര്‍ത്താക്കളും ടെക്‌നോക്രാറ്റുകളുമെല്ലാം ദാവോസില്‍ ഒത്തുചേര്‍ന്ന് ആഗോള സാമ്പത്തികരംഗത്തിന്റെ ഗതിയെങ്ങോട്ടെന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണ്. കുറച്ചുകാലമായി ലോകത്തിന്റെ ഭാവി വരച്ചിടാന്‍ തീവ്രമായി ശ്രമിക്കുന്നുണ്ട് ലോകസാമ്പത്തിക ഫോറം നടത്തുന്ന ദാവോസ് സമ്മേളനം. അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്-ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്)യുടെ പുതിയ പഠന റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇത്തവണ സമ്മേളനം തുടങ്ങിയത്. അവിടെ ഒത്തുകൂടിയവര്‍ക്കും ലോകത്തിനും തന്നെ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട് ഐഎംഎഫിന്റെ റിപ്പോര്‍ട്ട്. 2.9 ശതമാനമാണ് 2019ല്‍ ഐഎംഎഫ് കണക്കാക്കിയിരിക്കുന്ന ആഗോളസാമ്പത്തിക വളര്‍ച്ചാനിരക്ക്. 2020ല്‍ വളര്‍ച്ചാനിരക്ക് 3.3 ശതമാനമായി മാറുമെന്നാണ് ഫണ്ടിന്റെ പ്രതീക്ഷ. ഒക്‌റ്റോബറില്‍ ഐഎംഎഫ് പ്രവചിച്ച വളര്‍ച്ചാനിരക്കിനേക്കാള്‍ .1 ശതമാനം കുറവാണിത്.

ആഗോള സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിനെ പ്രധാനമായും ബാധിച്ചത് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യമാണെന്നാണ് ഐഎംഎഫ് വിലയിരുത്തിയിരിക്കുന്നത്. ഇക്കാര്യം ഫണ്ടിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് വ്യക്തമാക്കുകയുമുണ്ടായി. കോര്‍പ്പറേറ്റ് നികുതി ഇളവും സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ സാമ്പത്തിക പാക്കേജുകളുമെല്ലാം ഇന്ത്യയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നും ഐഎംഎഫ് വിലയിരുത്തുന്നുണ്ട്. അടുത്ത വര്‍ഷം ഇന്ത്യ പതിയെ ട്രാക്കിലേക്ക് കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പരിഷ്‌കരണങ്ങള്‍ രാജ്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. വിവിധ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ശ്രദ്ധ വ്യതിചലിക്കുന്നതായുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സജീവമാണ്. ഭരണനിര്‍വഹണതലത്തില്‍ പരിഷ്‌കരണങ്ങള്‍ വന്നേ മതിയാകൂ. ഇന്ത്യയുടെ ബാങ്കിംഗ് രംഗത്തെയാകെ വരിഞ്ഞുമുറുക്കിയ അറ്റ നിഷ്‌ക്രി ആസ്തി (എന്‍പിഎ-നോണ്‍ പെര്‍ഫോമിംഗ് അസറ്റ്) കൂടാതിരിക്കാനുള്ള തീവ്രമായ ഇടപെടലുകളും വേണം.

വായ്പാ വിപണി ദുര്‍ബലാവസ്ഥയില്‍ തുടുരുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. വായ്പാ വിതരണം കൂട്ടാനുള്ള നയപരിപാടികള്‍ സര്‍ക്കാര്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്. അതേസമയം ‘ഉദാര’മായി വായ്പ നല്‍കിയതിലൂടെയാണ് പണ്ട് അറ്റ നിഷ്‌ക്രിയ ആസ്തി കൂടിയതെന്നതും മറന്നുകൂടാ. കിട്ടാക്കടം സംബന്ധിച്ച പ്രശ്‌നങ്ങളെ രൂക്ഷമാക്കാത്ത തരത്തിലാകണം വായ്പാ വളര്‍ച്ച ഉറപ്പ് വരുത്തേണ്ടത്.

2019ല്‍ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 4.8 ശതമാനത്തിലേക്കാണ് ഐഎംഎഫ് താഴ്ത്തിയിരിക്കുന്നത്. വെറും മൂന്ന് മാസത്തിനുള്ളിലാണ് വളര്‍ച്ചാനിരക്കില്‍ ഇവര്‍ 1.3 ശതമാനത്തിന്റെ കുറവ് വരുത്തിയിരിക്കുന്നത്. 2019ല്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.1 ശതമാനത്തിലെത്തുമെന്നായിരുന്നു ഐഎംഎഫിന്റെ ഒക്‌റ്റോബറിലെ വിലയിരുത്തല്‍. ഗ്രാമീണ മേഖലയില്‍ വരുമാനം കുറഞ്ഞതും ബാങ്ക് ഇതര ധനകാര്യ സേവനമേഖലയിലെ പ്രശ്‌നങ്ങളുമെല്ലാമാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായത്. എങ്കിലും ഏഷ്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ 2020ല്‍ 5.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒക്‌റ്റോബറിലെ പ്രവചനത്തെ അപേക്ഷിച്ച് 1.2 ശതമാനം കുറവാണ് ഇതെങ്കിലും മാന്ദ്യാവസ്ഥയെ അതിജീവിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ചൈന 2020ല്‍ 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത് ശ്രദ്ധേയമാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ലോക സാമ്പത്തിക രംഗത്ത് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹരിത അടിസ്ഥാനസൗകര്യ വികസന സങ്കല്‍പ്പം ജനകീയമാകേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറയ്ക്കാനുള്ള ശ്രമവും ഊര്‍ജിതപ്പെടുത്തണം. ഉത്തരവാദിത്തം ഏതാനും രാജ്യങ്ങളിലൊതുങ്ങരുത്.

Categories: Editorial, Slider
Tags: IMF