ആഗോള നൈപുണ്യ മത്സര സൂചികയില്‍ ഇന്ത്യയ്ക്ക് 72ാം സ്ഥാനം

ആഗോള നൈപുണ്യ മത്സര സൂചികയില്‍ ഇന്ത്യയ്ക്ക് 72ാം സ്ഥാനം

മുന്‍വര്‍ഷത്തേക്കാളും 8 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി

ന്യൂഡെല്‍ഹി: ആഗോള നൈപുണ്യ മത്സര സൂചികയില്‍ ഇന്ത്യയ്ക്ക് നേട്ടം. യൂറോപ്പിലെ പ്രമുഖ ബിസിനസ് സ്‌കൂളായ ഇന്‍സെഡിന്റെ നേതൃത്വത്തില്‍ ഗൂഗിള്‍, അഡികോ ഗ്രൂപ്പ് എന്നിവരുമായി ചേര്‍ന്ന് ഗവേഷണം നടത്തി തയാറാക്കിയ ഈ വര്‍ഷത്തെ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയ്ക്ക് 72ാം സ്ഥാനം. മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്.

ആഗോള നൈപുണ്യ മത്സര സൂചിക 2020ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, യുഎസ്എ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. നൈപുണ്യം ആകര്‍ഷിക്കാനും പരിപോഷിപ്പിക്കാനും അത് നിലവനിര്‍ത്താനും ഒരു രാജ്യത്തിനുള്ള കഴിവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ പട്ടികയില്‍ 80ാം സ്ഥാനത്തായിരുന്നു. മധ്യ, ദക്ഷിണേഷ്യന്‍ മേഖലകള്‍ തരംതിരച്ചാല്‍ കസാക്കിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് മേഖലയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുക. ഇന്ത്യ നിരന്തരമായി നൈപുണ്യ വികസനത്തിലും ഡിജിറ്റല്‍വല്‍ക്കരണത്തിലും കാര്യമായ നിക്ഷേപം നടത്തിവരുന്നുണ്ട്. മാത്രമല്ല ബിസിനസില്‍ ഡിജിറ്റല്‍ തന്ത്രങ്ങളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിക്കുന്നതിനും മുന്‍കൈയെടുക്കുന്നത് രാജ്യത്ത് അതിവേഗത്തില്‍ വികസനത്തിന് കളമൊരുക്കുന്നതായി അഡികോ ഗ്രൂപ്പ് ഇന്ത്യാ വിഭാഗം മേധാവിയും മാനേജിംഗ് ഡയറക്റ്ററുമായ മാര്‍കോ വാല്‍സേക്കി വ്യക്തമാക്കി. നൈപുണ്യം ആകര്‍ഷിക്കാനും പരിപോഷിപ്പിക്കാനും അത് നിലനിര്‍ത്തുന്നതിനും പുറമേ വൊക്കേഷണല്‍, ആഗോള വൈജ്ഞാനിക നൈപുണ്യ മികവ് എന്നിവ ഇന്ത്യയെ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വികസന വിഷയത്തിലേക്ക് വിദേശ ഉറവിടങ്ങളെ കണ്ടെത്തുന്നതും വിദേശ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതും പട്ടിക തയാറാക്കുന്നതില്‍ പരിഗണനാ വിഷയമാക്കിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ മുഖ്യധാരയിലേക്ക് നയിക്കുന്ന വിധത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും നൈപുണ്യ മികവില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തിലുണ്ടായ വന്‍പിച്ച മാറ്റം റാങ്കിംഗ് മെച്ചപ്പെടുത്തുന്നതില്‍ സഹായിച്ചതായി അധികൃതര്‍ വ്യക്തമാക്കി. നൈപുണ്യ ശേഷി ആകര്‍ഷിക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും രാജ്യം ഇപ്പോഴും പിന്നോട്ടാണ്. ന്യൂനപക്ഷങ്ങളേയും സ്ത്രീകളുടേയും ഉന്നമനത്തിലും ഇന്ത്യ കൂടുതല്‍ വളരേണ്ടിയിരിക്കുന്നുവെന്നും പട്ടിക പുറത്തുവിട്ടുകൊണ്ട് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News