ഗഗന്‍യാന്‍ ബഹിരാകാശത്തെ മനുഷ്യന്റേതാക്കും

ഗഗന്‍യാന്‍ ബഹിരാകാശത്തെ മനുഷ്യന്റേതാക്കും
  • ആളില്ലാ വിക്ഷേപണങ്ങള്‍ ഡിസംബറിലും 2021 ജൂണിലും; മനുഷ്യ ദൗത്യം 2021 സിസംബറില്‍
  • ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനും ഐഎസ്ആര്‍ഒയ്ക്ക് പദ്ധതി; അന്തിമലക്ഷ്യം ഗ്രഹാന്തര യാത്ര
  • ഗഗന്‍യാന്‍ വിക്ഷേപണം ബഹിരാകാശത്തെ മനുഷ്യ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് ഡോ. കെ ശിവന്‍

ബെഗളൂരു: മനുഷ്യരെ അന്തരീക്ഷത്തിലയയ്ക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതാവില്ല ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയെന്ന് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് മനുഷ്യരുടെ സ്ഥിരം സാന്നിധ്യം ഉറപ്പിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് പരിപാടിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ വ്യക്തമാക്കി. ബഹിരാകാശത്ത് ഒരു സ്ഥിരം ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയും തുടര്‍ച്ചയായ മനുഷ്യസാന്നിധ്യം ഉറപ്പാക്കുകയും ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ഗ്രഹങ്ങളിലേക്ക് തുടര്‍ച്ചായി യാത്ര ചെയ്യുന്ന ഗ്രഹാന്തര ദൗത്യങ്ങളാകും ഗഗന്‍യാനിന്റെ ദീര്‍ഘകാല ലക്ഷ്യമെന്നും ഡോ. ശിവന്‍ വെളിപ്പെടുത്തി.

ഗഗന്‍യാന്‍ പദ്ധതിയുടെ ആളില്ലാ പരീക്ഷണ വിക്ഷേപണങ്ങള്‍ ഈ വര്‍ഷം ഡിസംബര്‍ മാസത്തിലും 2021 ജൂണിലും നടത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി വ്യക്തമാക്കി. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യ ബഹിരാകാശ ദൗത്യം 2021 ഡിസംബറിലാവും നടക്കുക. ഒരു ഗഗനചാരിയെയാണ് ഇന്ത്യ ആദ്യ യാത്രയില്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഈ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാല് പേരുടെ പരിശീലനം റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സഹായത്തോടെ നടക്കുകയാണ്. നാലുപേരും വ്യോമസേനാ പൈലറ്റുമാരാണ്. ഭാവി ആവശ്യകതകള്‍ക്കായി പൂര്‍ണ ജജ്ജമായ ബഹിരാകാശ യാത്രാ പരിശീലന കേന്ദ്രം ബെഗളൂരുവില്‍ സ്ഥാപിച്ചു വരികയാണെന്ന് ഡോ. ശിവന്‍ അറിയിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ, മറ്റ് രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുമായി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു.

10 ടണ്‍ പേലോഡ് വിക്ഷേപിക്കാനും ബഹിരാകാശത്തെത്തിക്കാനും കഴിവുള്ള ഓപ്പറേഷണല്‍ ലോഞ്ചര്‍ അടക്കമുള്ള നിര്‍ണായക സാങ്കേതിക വിദ്യകള്‍ ആഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചു കഴിഞ്ഞെന്ന് ഡോ. ശിവന്‍ പറഞ്ഞു. സ്‌പേസ് പാരച്യൂട്ടടക്കം വീണ്ടെടുക്കല്‍ സാങ്കേതിക വിദ്യകളും സജ്ജമാണ്. ജീവല്‍ പിന്തുണാ സംവിധാനം മാത്രമാണ് ഇതിനകം ഏജന്‍സിക്ക് വഴങ്ങാത്തതെന്നും ഇതും രൂപപ്പെടുത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നമസ്‌തേ വ്യോംമിത്ര

ഇന്ത്യന്‍ ഗഗനചാരികള്‍ക്ക് വഴികാട്ടിയായി പോകാനുള്ള മനുഷ്യ റോബോട്ട് തയാര്‍. വ്യോംമിത്ര എന്ന് പേരിട്ടിരിക്കുന്ന ഹ്യൂമനോയിഡ് വിഭാഗത്തില്‍ പെടുന്ന റോബോട്ടിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഇന്ത്യയുടെ കന്നി മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന്റെ മുന്നോടിയായി നടത്തുന്ന പരീക്ഷണ പറക്കലുകളുടെ ഭാഗമായി വ്യോംമിത്ര എന്ന സുന്ദരി റോബോട്ടിനെ ബഹിരാകശത്തേക്ക് അയയ്ക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. മറ്റ് ബഹിരാകാശ സഞ്ചാരികളെ തിരിച്ചറിയാനും സംഭാഷണങ്ങള്‍ നടത്താനും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും വ്യോംമിത്രയ്ക്ക് സാധിക്കും, ബഹിരാകാശത്ത് അവര്‍ ചെയ്യുന്നതെല്ലാം അനുകരിക്കാനും. കാലുകളില്ലാത്തതിനാല്‍ റോബോട്ടിനെ അര്‍ദ്ധ ഹ്യൂമനോയ്ഡ് വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. മുന്നിലേക്കും വശങ്ങളിലേക്കും ചലിക്കാന്‍ മാത്രമേ ഇതിന് സാധിക്കൂ. പരീക്ഷണങ്ങള്‍ നടത്താനും ഐഎസ്ആര്‍ഒ കമാന്‍ഡ് സെന്ററുമായി സമ്പര്‍ക്കം പുലത്താനും കഴിവുണ്ട്.

Categories: FK News, Slider

Related Articles