ഇന്ത്യക്കാര്‍ കുറഞ്ഞെങ്കിലും ദുബായിലെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 5 ശതമാനം വര്‍ധന

ഇന്ത്യക്കാര്‍ കുറഞ്ഞെങ്കിലും ദുബായിലെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 5 ശതമാനം വര്‍ധന
  • ആകെ സന്ദര്‍ശകര്‍ 16.73 മില്യണ്‍
  • സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാംസ്ഥാനം നിലനിര്‍ത്തി

ദുബായ്: കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. 16.73 മില്യണ്‍ വിനോദസഞ്ചാരികളാണ് 2019ല്‍ ദുബായിലെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 5 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ദുബായ് ടൂറിസം മേഖലയിലെ സര്‍വ്വകാല റെക്കോഡാണിത്. സാധാരണയായി ദുബായിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇന്ത്യയില്‍ നിന്നുമുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇടിവുണ്ടായെങ്കിലും ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ടൂറിസം മേഖലയ്ക്ക് നേട്ടമായി.

ദുബായുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 11.5 ശതമാനത്തിന്റെ പങ്കാളിത്തമാണ് ടൂറിസം മേഖലയില്‍ നിന്നും കഴിഞ്ഞം വര്‍ഷം ഉണ്ടായതെന്ന് ദുബായ് ടൂറിസം വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര സഞ്ചാരികളില്‍ നിന്നും നേരിട്ട് 27.9 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം ദുബായിലേക്ക് ഒഴുകിയെത്തിയത്. അന്താരാഷ്ട്ര സഞ്ചാരികളില്‍ നിന്നുള്ള നേരിട്ടുള്ള ടൂറിസം ചിലവിടലില്‍ ലോകത്തിലെ മൂന്നാമത്തെ മികച്ച നഗരമാണ് ദുബായിയെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ 2019ലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം കുറഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷവും ഇന്ത്യയില്‍ നിന്നാണ് ദുബായിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയത്. ഏതാണ്ട് രണ്ട് മില്യണ്‍ ഇന്ത്യന്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ചത്. 2018ല്‍ ഇത് രണ്ട് മില്യണില്‍ കൂടുതലായിരുന്നു. ജിസിസി മേഖലയില്‍ സൗദി അറേബ്യയാണ് ഒന്നാംസ്ഥാനത്ത്, ഏകദേശം 1.6 മില്യണ്‍ സൗദി സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം ദുബായിലെത്തി. മൊത്തത്തിലുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തിലും രണ്ടാംസ്ഥാനം സൗദിക്കാണ്. യുകെ, ഒമാന്‍,ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് തുടര്‍സ്ഥാനങ്ങളില്‍. സഞ്ചാരികളുടെ എണ്ണത്തില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യങ്ങളില്‍ നിന്ന് മാത്രമായി ഏഴ് മില്യണ്‍ സന്ദര്‍ശകരെയാണ് കഴിഞ്ഞ വര്‍ഷം ദുബായ് സ്വാഗതം ചെയ്തത്.

വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 33 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവുമായി നൈജീരിയയാണ് ദുബായുടെ ഏറ്റവും വേഗത്തില്‍ വളരുന്ന ടൂറിസം വിപണി. 246,000 സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം നൈജീരിയയില്‍ നിന്നും ദുബായ് സന്ദര്‍ശിക്കാനെത്തിയത്. ഒമാന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ചൈനീസ് സഞ്ചാരികളുടെ എണ്ണം 15.5 ശതമാനം വര്‍ധിച്ച് 989,000 ആയി. ഈ വര്‍ഷം ദുബായിലെത്തുന്ന ചൈനീസ് സഞ്ചാരികളുടെ എണ്ണം ഒരു മില്യണ്‍ കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 7.4 ശതമാനം വര്‍ധനയുണ്ടായി.

2020ഓടെ 20 മില്യണ്‍ വിനോദസഞ്ചാരികളെയും 2025ഓടെ 23 മില്യണ്‍ വിനോദസഞ്ചാരികളെയും എമിറേറ്റില്‍ എത്തിക്കാനാണ് ദുബായുടെ പദ്ധതി.

ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയത് ഈ രാജ്യങ്ങളില്‍ നിന്ന്

ഇന്ത്യ
സൗദി അറേബ്യ
യുകെ
ഒമാന്‍
ചൈന
റഷ്യ

Comments

comments

Categories: Arabia

Related Articles