സ്വിസ്സ്‌ടെര്‍മിനലില്‍ ഡിപി വേള്‍ഡ് 44 ശതമാനം ഓഹരികള്‍ സ്വന്തമാക്കി

സ്വിസ്സ്‌ടെര്‍മിനലില്‍ ഡിപി വേള്‍ഡ് 44 ശതമാനം ഓഹരികള്‍ സ്വന്തമാക്കി
  • ഇടപാട് മൂല്യം പുറത്തുവിട്ടില്ല
  • സ്ഥാപകരായ മേയര്‍ കുടുംബം സ്വിസ്സ്‌ടെര്‍മിനലിലെ ഭൂരിപക്ഷ ഓഹരിയുടമയായി തുടരും

ദുബായ്: ആഗോള തുറമുഖ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നടത്തിപ്പുകാരായ സ്വിസ്സ്‌ടെര്‍മിനല്‍ ഹോള്‍ഡിംഗിലെ 44 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. സ്വിസ്സ്‌ടെര്‍മിനല്‍ ഹോള്‍ഡിംഗ് സ്ഥാപകരായ മേയര്‍ കുടുംബത്തില്‍ നിന്നുമാണ് ഡിപി വേള്‍ഡ് ഓഹരികള്‍ വാങ്ങിയത്. മേയര്‍ കുടുംബം കമ്പനിയിലെ ഭൂരിപക്ഷ ഓഹരിയുടമയായി തുടരും. ഇടപാടിന്റെ മൂല്യം പുറത്തുവിട്ടിട്ടില്ല.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലിന് സമീപത്തുള്ള ഫ്രെങ്കെന്‍ഫോര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിസ്സ്‌ടെര്‍മിനലിന് സൂറിച്ച്-നീഡെര്‍ഗ്ലാട്ട്, ബേസല്‍-ബ്രിസ്‌ഫെല്‍ഡെന്‍, ബേസല്‍-ക്ലെയിന്‍ഹ്യുനിന്‍ജെന്‍, ലീസ്റ്റാള്‍ എന്നിവിടങ്ങളിലാണ് ടെര്‍മിനലുകള്‍ ഉള്ളത്. യൂറോപ്പിലെ പ്രധാന കണ്ടെയ്‌നര്‍ തുറമുഖങ്ങളായ റോട്ടെര്‍ഡാമുമായും ആന്റ്‌വെര്‍പുമായും ല സ്‌പെസിയ, ജിനോയ, റാവെന്ന, ആല്‍പ്‌സിലെ ട്രിയേസ്റ്റ സൗത്ത് എന്നീ തുറമുഖങ്ങളുമായും ഈ ടെര്‍മിനലുകള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഡിപി വേള്‍ഡിന്റെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള മികച്ച പങ്കാളിയാണ് സ്വിസ്സ്‌ടെര്‍മിനലെന്ന് ഡിപി വേള്‍ഡ് ലോജിസ്റ്റിക്‌സ് വിഭാഗം മാനേജിംഗ് ഡയറക്ടര്‍ മാര്‍ട്ടിന്‍ നീസ് പറഞ്ഞു.

ലോജിസ്റ്റിക്‌സ് രംഗത്ത് പോയ വര്‍ഷം ഡിപി വേള്‍ഡ് നടത്തിയ നിരവധി ഇടപാടുകളുടെ തുടര്‍ച്ചയാണ് സ്വിസ്സ്‌ഹോള്‍ഡിംഗിലെ ഓഹരി നിക്ഷേപം. യുകെയിലെ ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ് കമ്പനിയായ പി ആന്‍ഡ് ഒ ഫെറീസ്, ഇന്ത്യന്‍ റെയില്‍ ലോജിസ്റ്റിക്‌സ് കമ്പനിയായ ക്രിബ്‌കോ ഇന്‍ഫ്രാസ്‌ട്രെക്ചര്‍, ചിലിയിലെ തുറമുഖ നടത്തിപ്പുകാരായ പ്യുയെര്‍ടോസ് വൈ ലോജിസ്റ്റിക എന്നീ കമ്പനികളില്‍ കഴിഞ്ഞ വര്‍ഷം ഡിപി വേള്‍ഡ് നിക്ഷേപം നടത്തിയിരുന്നു.

സ്വിസ്സ്‌ഹോള്‍ഡിംഗുമായുള്ള ഇടപാടിലൂടെ ടെര്‍മിനല്‍ ശൃംഖല വികസിപ്പിക്കാനും കാര്യക്ഷമത വര്‍ധിപ്പിച്ച് സര്‍വീസ് പോര്‍ട്ട്‌ഫോളിയോ മെച്ചപ്പെടുത്താനും ഡിപി വേള്‍ഡിനെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇരുകമ്പനികളും തമ്മിലുള്ള ധാരണയനുസരിച്ച് കമ്പനികള്‍ക്കുള്ളില്‍ കാര്യമായ അഴിച്ചുപണികളൊന്നും ഉടനുണ്ടാകില്ലെന്ന് ഡിപി വേള്‍ഡ് അറിയിച്ചു. സ്വിസ്സ്‌ടെര്‍മിനല്‍ സിഇഒ റോമന്‍ മേയര്‍ തല്‍സ്ഥാനത്ത് തുടരും.

തുറമുഖങ്ങള്‍, സാമ്പത്തിക മേഖലകള്‍, വെയര്‍ഹൗസിംഗ്, ഫീഡര്‍ സേവനങ്ങള്‍, ആഭ്യന്തര ഗതാഗതം എന്നീ മേഖലകളിലായി 50ഓളം രാജ്യങ്ങളില്‍ 150ഓളം ബിസിനസുകള്‍ സ്വന്തമായുള്ള ഡിപി വേള്‍ഡിന് ആഫ്രിക്കയിലും ഇന്ത്യയിലും ഏറെ വളര്‍ച്ചാസാധ്യതകള്‍ ഉള്ളതായി കമ്പനി സിഇഒ സുല്‍ത്താന്‍ ബിന്‍ സുലെയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Comments

comments

Categories: Arabia

Related Articles