വിജയത്തിന്റെ 50 വര്‍ഷങ്ങള്‍, മാതൃകയാകാന്‍ ഈ പൊതുമേഖല സംരംഭം

വിജയത്തിന്റെ 50 വര്‍ഷങ്ങള്‍, മാതൃകയാകാന്‍ ഈ പൊതുമേഖല സംരംഭം

പൊതുമേഖല സംരംഭങ്ങളുടെ കാര്യത്തില്‍ തനതായ മാതൃക തീര്‍ക്കാന്‍ എന്നും കേരളത്തിന് സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കാനുള്ള ശ്രമത്തിലാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍. കേരളത്തിലെ പരമ്പരാഗത വ്യവസായത്തിന്റെ ഭാഗമായ കശുവണ്ടി മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള പദ്ധതികളാണ് സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ ഇവര്‍ ആവിഷ്‌കരിക്കുന്നത്

  • 2019-ല്‍ കോര്‍പ്പറേഷനിലേക്ക് പുതുതായി ആയിരത്തോളം തൊഴിലാളികളെയാണ് നിയമിച്ചത്
  • എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ശേഷം 4500 ഓളം തൊഴിലാളികളെ പുതുതായി നിയമിച്ചു
  • തൊഴിലാളികളുടെ ജോലി സാഹചര്യം മെച്ചപ്പെടുത്താനും ശ്രമങ്ങള്‍
  • പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി കശുവണ്ടി പരിപ്പിന്റെ വില്‍പ്പന ഇ-ടെന്‍ഡര്‍ മുഖേനയാക്കി മാറ്റി

എസ്. ജയമോഹന്‍

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കശുവണ്ടി മേഖലയെ പുതുഉയരങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍. പൊതുമേഖലാ സ്ഥാപനമായി 1969-ല്‍ രുപീകൃതമായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സൂവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ നിറവിലാണിപ്പോഴെന്നത് പുതിയ പദ്ധതികള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയും ചെയ്യുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവണ്‍മെന്റ് നല്‍കിയ തുക വിനിയോഗിച്ച് 30 ഫാക്റ്ററികള്‍ പുതുക്കി സൂവര്‍ണ്ണ ജൂബിലി സ്മാരാക മന്ദിരങ്ങളാക്കുന്നതിനുള്ള നടപടികള്‍ പൂരോഗമിക്കുകയും ഇതില്‍ 3 ഫാക്റ്ററികള്‍ പുതുക്കി സമര്‍പ്പിച്ചിട്ടുള്ളതും 10 ഫാക്റ്ററികള്‍ പുതുവര്‍ഷത്തില്‍ സമര്‍പ്പിക്കുന്നതിമായുള്ള ജോലികള്‍ നടക്കുകയുമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഡോ.രാജേഷ് രാമകൃഷ്ണന്‍

കശുവണ്ടി വ്യവസായത്തിലെ മാതൃകാ സ്ഥാപനമായി മാറാനുള്ള ശ്രമത്തിലാണ് കശുവണ്ടി വികസന കോര്‍പ്പറേഷനെന്ന് ചെയര്‍മാന്‍ എസ്. ജയമോഹന്‍, മാനേജിംഗ് ഡയറക്റ്റര്‍ ഡോ.രാജേഷ് രാമകൃഷ്ണന്‍ എന്നിവര്‍ പറയുന്നു. 2019-ല്‍ കോര്‍പ്പറേഷനിലേക്ക് പുതുതായി ആയിരത്തോളം തൊഴിലാളികളെയാണ് നിയമിച്ചത്. എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ശേഷം 4500 ഓളം തൊഴിലാളികളെ പുതുതായി നിയമിച്ചു. തൊഴിലാളികളുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഫാക്റ്ററികളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. ഉല്‍പ്പാദന പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 750 മാനുവല്‍ കട്ടിംഗ് മെഷിനുകള്‍ സ്ഥാപിച്ചതായി അധികൃതര്‍ പറയുന്നു. വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടേയും പദ്ധതികളുടേയും ഫലമായി ഉല്‍പ്പാദനക്ഷമത 80 മെട്രിക് ടണ്ണില്‍ നിന്നും 100 മെട്രിക് ടണ്ണായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചത് കോര്‍പ്പറേഷന് അഭിമാനകരമാണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ഡോ.രാജേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 2019 ല്‍ കോര്‍പ്പറേഷന്‍ 180 ദിവസം തൊഴില്‍ ദിനങ്ങള്‍ നല്കിയതായി ചെയര്‍മാന്‍ എസ് ജയമോഹന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് ഗവണ്‍മെന്റ് രൂപികരിച്ച കാഷ്യൂ ബോര്‍ഡ് വഴിയാണ് കോര്‍പ്പറേഷന് തോട്ടണ്ടി ലഭ്യമാകുന്നത്. കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ കശുവണ്ടി വികസന കോര്‍പ്പറേഷന് ലഭിക്കുന്നുണ്ടെന്നും സ്ഥാപനത്തെ നയിക്കുന്നവര്‍ വ്യക്തമാക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി കശുവണ്ടി പരിപ്പിന്റെ വില്‍പ്പന ഇ-ടെന്‍ഡര്‍ മുഖേനയാക്കി മാറ്റി. പരിപ്പിന്റെ വിപണനം വ്യാപിപ്പിക്കുന്നതിനായി കോര്‍പ്പറേഷന്റെ 30 ഫാക്റ്ററികളിലും വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2019-ല്‍ തിരുപ്പതി ക്ഷേത്രത്തിലേക്ക് 20 ടണ്‍ കശുവണ്ടി പരിപ്പ് കയറ്റി അയയ്ക്കാനും സ്ഥാപനത്തിനായി. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ കാഷ്യൂ വിറ്റ, കാഷ്യൂ ബിറ്റ്സ്, കാഷ്യൂ സൂപ്പ്, കാഷ്യൂ പൗഡര്‍, മില്‍ക്കി കാജു, ചോക്കോ കാജു എന്നിവയും കോര്‍പ്പറേഷന്‍ വിപണിയിലെത്തിച്ചു. കശുമാങ്ങയില്‍ നിന്നും കാഷ്യൂ സോഡ, കാഷ്യൂജാം, ജൂസ് എന്നീ ഉല്‍പ്പന്നങ്ങളും 2019-ല്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലും വിപണനത്തിനുള്ള 2017, 2018 വര്‍ഷത്തിലെ ദേശീയ അവാര്‍ഡും കശുവണ്ടി വികസന കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്.

തൊഴിലാളികളെ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് എത്തിക്കുന്നതിന് വേണ്ടി സാക്ഷരതാ മിഷനുമായി ചേര്‍ന്ന് ദിശ പ്രോജക്ട് നടപ്പിലാക്കി വരികയാണ്. കേരളത്തിലാകമാനം 30 ഫാക്റ്ററികളുള്ള കോര്‍പ്പറേഷന്‍, സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി, തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ മക്കള്‍ക്കായി സൗജന്യ മെഡിക്കല്‍/എഞ്ചിനീയറിംഗ് പരിശീലന സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കശുവണ്ടി തൊഴിലാളികളുടെ 16-ഓളം കുട്ടികള്‍ നിയമന നടപടികള്‍ വഴി ഇഎസ്‌ഐ മെഡിക്കല്‍ കോളെജുകളില്‍ പഠിക്കുന്നു. എസ്എസ്എല്‍സി, +2 എന്നീ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കോര്‍പ്പറേഷന്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കള്‍ക്ക് കെഎസിഡിസി വെല്‍ഫെയര്‍ സ്‌കീമില്‍ നിന്നും ‘മികവ് 2019’ എന്ന പേരില്‍ വിവിധ സ്‌കേളര്‍ഷിപ്പുകളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യുകയുണ്ടായി.

കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്റെ ആശയമായ വിഷരഹിത പച്ചക്കറിയുടെ ഉല്‍പ്പാദനം ലക്ഷ്യയിട്ട് ഹരിത കേരള മിഷനുമായി ചേര്‍ന്ന് ജൈവ പച്ചക്കറി കൃഷി, കോര്‍പ്പറേഷന്റെ 30 ഫാക്റ്ററികളിലും നടത്തി വരുകയാണ്. പച്ചക്കറി വ്യാപന പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രോബാഗ് നിര്‍മാണ യൂണിറ്റും കശുമാവ് കൃഷി വ്യാപന പദ്ധതിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്റെ കൊട്ടിയം കശുമാവ് നഴ്സറിയില്‍ പ്രതിവര്‍ഷം 2 ലക്ഷം കശുമാവിന്‍ തൈകളുടെ ഉല്‍പ്പാദനവും നടന്ന് വരുന്നു.

Categories: FK Special, Slider
Tags: CDC Cashews