ഒമാനില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കരീം

ഒമാനില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കരീം

മികച്ച നിക്ഷേപാന്തരീക്ഷം ഒരുക്കുന്ന നയങ്ങള്‍ ഒമാനിലില്ല

മസ്‌കറ്റ്: ദുബായ് ആസ്ഥാനമായുള്ള ആപ്പ് അധിഷ്ഠിത ടാക്‌സി സേവന കമ്പനിയായ കരീം ഒമാനില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നയപരമായ തടസങ്ങളെ തുടര്‍ന്ന് അടുത്ത മാസം മുതല്‍ ഒമാനില്‍ കരീം സേവനങ്ങള്‍ ലഭിക്കില്ലെന്ന് ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെ കരീം വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേരത്തെയും കരീം ഒമാനില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്.

കമ്പനിക്ക് മികച്ച നിക്ഷേപ അന്തരീക്ഷം ലഭ്യമാക്കുന്ന നയങ്ങളുടെ അഭാവത്തിലാണ് ഒമാനില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി കരീം ട്വിറ്ററിലൂടെ കുറിച്ചു. ഫെബ്രുവരി മൂന്നോടെ ഒമാനിലെ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പിന്നീട് കമ്പനി വക്താവും വ്യക്തമാക്കി.

2017 മേയിലാണ് കരീം ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ അധികം താമസിക്കാതെ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കരീമിന് പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടതായി വന്നു. ലൈസന്‍സുള്ള പ്രാദേശിക ടാക്‌സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് പ്രാദേശിക കമ്പനിയായ മര്‍ഹബ ടാക്‌സിയുമായി സഹകരിച്ച് 2018 ഒക്ടോബറില്‍ വീണ്ടും കരീം ഒമാനില്‍ ഓടിത്തുടങ്ങി. മര്‍ഹബയിലെ ഡ്രൈവര്‍മാരെ കരീമിന്റെ ആപ്പില്‍ ഉള്‍പ്പെടുത്തിയായിരുന്നു സേവനങ്ങള്‍ പുനരാരംഭിച്ചത്.

ആപ്പ് അധിഷ്ഠിത, പുതുതലമുറ ടാക്‌സി സേവനങ്ങള്‍ക്കെതിരെ പ്രാദേശിക, പരമ്പരാഗത ടാക്‌സി കമ്പനികള്‍ പ്രതിഷേധവുമായി എത്തിയതോടെ ലോകത്തിലെ പല വിപണികളിലും കരീമിനെ പോലുള്ള ആപ്പ് അധിഷ്ഠിത ടാക്‌സി സേവന കമ്പനികള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വമ്പന്‍ ഇടപാടിലൂടെ കഴിഞ്ഞ വര്‍ഷം കരീമിനെ ഏറ്റെടുത്ത അമേരിക്കന്‍ കമ്പനിയായ യുബര്‍ പോലും സുരക്ഷ, മത്സരം തുടങ്ങിയ കാരണങ്ങളാല്‍ യുകെയിലും ജര്‍മനിയിലും നിരവധി നഗരങ്ങളില്‍ വിലക്ക് നേരിടുന്നുണ്ട്.

പശ്ചിമേഷ്യ കണ്ട ഏറ്റവും വലിയ ടെക് ഇടപാടിലൂടെ (3.1 ബില്യണ്‍ ഡോളര്‍) സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ യുബറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സഹസ്ഥാപനമായെങ്കിലും പശ്ചിമേഷ്യയില്‍ സ്വതന്ത്ര ബ്രാന്‍ഡെന്ന നിലയിലുള്ള പ്രവര്‍ത്തനം കരീം തുടര്‍ന്നിരുന്നു. ഏറ്റെടുക്കലിന് ശേഷവും കരീം സഹ സ്ഥാപകനായ മുദസ്സിര്‍ ഷേഖ തന്നെയാണ് കമ്പനി സിഇഒ. അതേസമയം ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ ഉള്‍പ്പടെയുള്ള വിപണികളില്‍ കരീമിന്റെ ഗതാഗതം, ഡെലിവറി, പേയ്‌മെന്റ് ബിസിനസുകള്‍ യുബറിന് സ്വന്തമായി.

നിലവില്‍ ഒമാന്‍ ഉള്‍പ്പടെ 15 രാജ്യങ്ങളില്‍ 120ഓളം നഗരങ്ങളില്‍ കരീം പ്രവര്‍ത്തിക്കുന്നുണ്ട്. പത്ത് ലക്ഷത്തിലധികം ജീവനക്കാരാണ് കരീമിനുള്ളത്.

Comments

comments

Categories: Arabia
Tags: Careem, Oman