ഇംപീരിയാലെ റെയ്‌ഡേഴ്‌സ് ക്ലബ്ബുമായി ബെനല്ലി

ഇംപീരിയാലെ റെയ്‌ഡേഴ്‌സ് ക്ലബ്ബുമായി ബെനല്ലി

ഇംപീരിയാലെ 400 ഉടമകളെ ഒന്നിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്

ന്യൂഡെല്‍ഹി: ബെനല്ലി ഇംപീരിയാലെ 400 ഉടമകള്‍ക്കായി ‘ഇംപീരിയാലെ റെയ്‌ഡേഴ്‌സ് ക്ലബ്ബ്’ പ്രഖ്യാപിച്ചു. ഇംപീരിയാലെ 400 ഉടമകളെ ഒന്നിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ തരം റൈഡുകള്‍ സംഘടിപ്പിക്കും. സമാനമനസ്‌കരായ റൈഡര്‍മാരുടെ കൂട്ടായ്മ സൃഷ്ടിക്കുകയാണ് ഇംപീരിയാലെ റെയ്‌ഡേഴ്‌സ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ലക്ഷ്യമെന്ന് ബെനല്ലി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വികാസ് ഝാബഖ് പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ബെനല്ലി മോട്ടോര്‍സൈക്കിളാണ് ഇംപീരിയാലെ 400. ഇറ്റാലിയന്‍ കമ്പനിയുടെ മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിളിന് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1950 കളിലെ ഒറിജിനല്‍ ബെനല്ലി ഇംപീരിയാലെ മോട്ടോര്‍സൈക്കിളുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തതാണ് ഇംപീരിയാലെ 400. ലളിതമായ രൂപകല്‍പ്പനയോടെ എത്തിയ ഇംപീരിയാലെ 400 നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ബെനല്ലി മോഡലുകളിലൊന്നാണ്.

374 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, 4 വാല്‍വ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ബെനല്ലി ഇംപീരിയാലെ 400 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 5,500 ആര്‍പിഎമ്മില്‍ 20.7 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 29 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ജാവ, ജാവ ഫോര്‍ട്ടി ടു എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto