കുടവയര്‍ ഹൃദ്രോഗസാധ്യത കൂട്ടും

കുടവയര്‍ ഹൃദ്രോഗസാധ്യത കൂട്ടും

ഉദരത്തില്‍ അടിയുന്ന കൊഴുപ്പ് ആവര്‍ത്തിച്ചുള്ള ഹൃദയാഘാതങ്ങള്‍ക്ക് കാരണമായേക്കാം

കുടവയര്‍ ഹൃദയാഘാതം ഉണ്ടാക്കുക മാത്രമല്ല, ആദ്യത്തെ അറ്റാക്കിനു ശേഷം ആവര്‍ത്തിച്ചുള്ള ഹൃദയാഘാതങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. അരയില്‍ അധിക കൊഴുപ്പ് വഹിക്കുന്ന ഹൃദയാഘാതത്തെ അതിജീവിക്കുന്നവര്‍ക്ക് മറ്റൊരു ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അമിതവണ്ണവും കുടവയറും ഹൃദാഘാതം, പക്ഷാഘാതം എന്നിവയ്ക്കു വഴിതെളിക്കുന്നതിലുപരി അവ ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യത ഉണ്ടാക്കുന്നുവെന്നതാണ് ഏറ്റവും അപകടകരമെന്ന് സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകന്‍ ഹനീഹ് മുഹമ്മദി പറഞ്ഞു.

ആദ്യത്തെ ഹൃദയാഘാതം ഉണ്ടാകാനുള്ള പ്രധാന ഘടകമാണ് കുടവയറെന്ന് മുന്‍പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതു വരെ, കുടവയര്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാക്കാമെന്ന കാര്യം അജ്ഞാതമായിരുന്നു. യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണം, ആദ്യത്തെ ഹൃദയാഘാതത്തെത്തുടര്‍ന്ന് 22,000 ത്തിലധികം രോഗികളില്‍ തുടര്‍പരിശോധന നടത്തി. കുടവയര്‍ അഥവാ അരക്കെട്ടിന്റെ കൂടിയ ചുറ്റളവും ആവര്‍ത്തിച്ചുവരുന്ന ഹൃദ്രോഗവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ധമനികള്‍ അടയുന്നതു മൂലമുണ്ടാകുന്ന മാരകമായതും അല്ലാത്തതുമായ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയെക്കുറിച്ച് ഗവേഷകര്‍ പ്രത്യേകം പരിശോധിച്ചു.

ദേശീയ സ്വീഡിഹാര്‍ട്ട് പട്ടികയില്‍ നിന്നുള്ള രോഗികളെയാണ് പഠനവിധേയരാക്കിയത്. ഇവരെ പിന്നീടുള്ള 3.8 വര്‍ഷം തുടര്‍പരിശോധനകളും നടത്തി. മിക്ക രോഗികളും കുടവയറുള്ളവരാണ്. അരക്കെട്ടിന്റെ ചുറ്റളവ് പുരുഷന്മാരില്‍ 94 സെന്റിമീറ്ററോ കൂടുതലോ സ്ത്രീകളില്‍ 80 സെന്റിമീറ്ററോ അതില്‍ കൂടുതലോ ഉള്ളവരെയാണ് കുടവയറുള്ളവരായി കണക്കാക്കുന്നത്. 78 ശതമാനം പുരുഷന്മാരും 90 ശതമാനം സ്ത്രീകളും ഇത്തരത്തില്‍ കുടവയറുള്ളവരാണെന്നും കണ്ടെത്തി. വയര്‍ വര്‍ദ്ധിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കടുത്ത സാധ്യത സൃഷ്ടിക്കുന്നു. പുകവലി, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ബോഡി മാസ് സൂചിക തുടങ്ങിയവയ്ക്കു തത്തുല്യമായ സാധ്യതാഘടകങ്ങളാണിവ.

മൊത്തത്തിലുള്ള അമിതവണ്ണത്തേക്കാള്‍ ആവര്‍ത്തിച്ചുള്ള ഹൃദയാഘാതത്തിന്റെ പ്രധാനഅടയാളമാണ് കുടവയര്‍ എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ആദ്യത്തെ ഹൃദയാഘാതം കഴിഞ്ഞ രോഗികളില്‍ കുടവയര്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്നതിന്റെ കാരണം ധമനീതടസ്സങ്ങള്‍ രക്തപ്രവാഹത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്. രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരനില, ഇന്‍സുലിന്‍ പ്രതിരോധം, രക്തത്തിലെ ലിപിഡ് അളവ് എന്നിവയും ഉള്‍പ്പെടുന്നു. കുടവയറുമായി ബന്ധപ്പെട്ട മറ്റ് ദോഷങ്ങള്‍ ഈ അപകടസാധ്യത ഘടകങ്ങളില്‍ നിന്ന് വിഭിന്നവും തിരിച്ചറിയപ്പെടാതെ തുടരുന്നതുമാണെന്നു മുഹമ്മദി പറഞ്ഞു.

വലിയ കുടവയറുള്ള രോഗികള്‍ക്ക് ആവര്‍ത്തിച്ചുള്ള ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു പഠനം പറയുന്നു. ഒരിക്കല്‍ ഇത്തരം രോഗം വന്നതിനു ചികിത്സ തുടരുമ്പോഴും അമിതവണ്ണവുമായി ബന്ധപ്പെട്ട പരമ്പരാഗത അപകടസാധ്യതാഘടകങ്ങളായ ആന്റി ഹൈപ്പര്‍ടെന്‍സിവ്, പ്രമേഹം, കോളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകളുടെ ഫലം കുറയ്ക്കുന്നു. കുടവയര്‍ പുരുഷന്മാരില്‍ കൂടുതല്‍ കാണപ്പെടുന്നതിനാല്‍ ആവര്‍ത്തിച്ചുള്ള ഹൃദയ-പക്ഷാഘാതങ്ങള്‍ക്ക് ഇരകളാകുന്നവരും അവര്‍ തന്നെ. സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരില്‍ മൂന്നിരട്ടിയാണ് ഇതിനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ സ്ത്രീകളുടെ സ്ഥിതിവിവരക്കണക്ക് കുറവാണ് താനും. അതിനാല്‍, ലിംഗഭേദമനുസരിച്ച് കൃത്യമായ നിഗമനങ്ങളില്‍ എത്തുന്നതിനു കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നു മുഹമ്മദി അഭിപ്രായപ്പെട്ടു.

Comments

comments

Categories: Health